|    Jan 21 Sat, 2017 11:55 am
FLASH NEWS

പരാധീനതകളില്‍ വീര്‍പ്പുമുട്ടി നഗര കവാടമായ മേപ്പറമ്പ് ജങ്ഷന്‍

Published : 17th October 2016 | Posted By: Abbasali tf

മേപ്പറമ്പ്: നഗരത്തിന്റെ പ്രവേശന കവാടമായ മേപ്പറമ്പ് ജങ്ഷന്‍ കാലങ്ങളായി പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്നു. പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാത കൂടി തുടങ്ങുന്ന മേപ്പറമ്പ് ജങ്ഷനില്‍ സിഗ്നല്‍ സംവിധാനങ്ങളോ, സൂചനാബോര്‍ഡുകളോ ഇല്ലാത്തതും അപകടങ്ങള്‍ക്കു കാരണമാവുകയാണ്. പട്ടാമ്പി, പാലക്കാട്, ഒലവക്കോട്, പിരായിരി എന്നിവിടങ്ങളില്‍ നിന്നുള്ള റോഡുകള്‍ സംഗമിക്കുന്ന പ്രധാന കവലയാണ് മേപ്പറമ്പ്. മേപ്പറമ്പ് ജങ്ഷനില്‍ നിന്നും കാവില്‍പാട് വഴി ഒലവക്കോടെത്താന്‍ എളുപ്പമാണെന്നിരിക്കെ കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങളും ഇതിലൂടെയാണ് പോകുന്നത്. മലമ്പുഴ, ഒലവക്കോട് എന്നീ ഭാഗങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ പട്ടാമ്പി, കോട്ടായി ഭാഗത്തേക്കു പോവുന്ന പ്രധാന റോഡും ഇതാണ്. 400 വര്‍ഷത്തോളം പഴക്കമുള്ള പള്ളി സ്ഥിതി ചെയ്യുന്ന മേപ്പറമ്പ് ജങ്ഷനില്‍ രാപകലന്യേ ഏറെ തിരക്കുള്ള സ്ഥലമാണ്. എന്നാല്‍ ഗതാഗത സുഗമത്തിന് ജങ്ഷനില്‍ സിഗ്നല്‍ സംവിധാനങ്ങള്‍ വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ദീര്‍ഘദൂര ബസ്സുകളും ചരക്കുവാഹനങ്ങളും കടന്നുപോവുന്ന ഇവിടെ അപകടസാധ്യതകളും ഏറെയാണ്. കുളപ്പുള്ളി സംസ്ഥാന പാതയുടെ നവീകരണ നിര്‍മാണത്തില്‍ കവലയില്‍ സിഗ്നല്‍ സംവിധാനം വേണമെന്ന ആവശ്യമുയര്‍ന്നെങ്കിലും സംസ്ഥാന പാത നിര്‍മാണ കമ്പനിയോ ഭരണകൂടമോ കാലങ്ങളായി ഈ വിഷയത്തില്‍ നടപടികള്‍ കൈക്കൊണ്ടിട്ടില്ല. ഇതുമൂലം രാപകലന്യേ വാഹനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും പായുന്ന സ്ഥിതിയാണ്.  തിരക്കേറിയ കവലയില്‍ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കണമെന്ന ജനകീയാവശ്യത്തിനു മുന്നില്‍ സ്ഥലം എംഎല്‍എ ഒരു വര്‍ഷം മുമ്പ് മിനി ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചെങ്കിലും മേപ്പറമ്പ് ബൈപാസ് റോഡ് സന്ധ്യ മയങ്ങിയാല്‍ അന്ധകാരത്തിലാണ്. ഇവിടെ മാലിന്യ കേന്ദ്രങ്ങളായതിനാല്‍ രാപകലന്യേ നായ്ക്കളുടെയും കന്നുകാലികളുടെയും വിഹാര കേന്ദ്രമായത്് ജനങ്ങള്‍ക്ക് ഭീഷണിയായിരിക്കുകയാണ്. പട്ടാമ്പി, പാലക്കാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ കയറുന്നിടത്ത് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ലാത്തതും യാത്രക്കാര്‍ക്ക് വേനല്‍ക്കാലത്തും മഴക്കാലത്തും ഏറെ ദുരിതം തീര്‍ക്കുന്നുണ്ട്. സമീപത്തെ മേലാമുറിയിലെ വിവിധ മാര്‍ക്കറ്റുകളിലേക്ക് നൂറു കണക്കിന് ചരക്കു വാഹനങ്ങളാണ് പട്ടാമ്പി, കോട്ടായി, ഒലവക്കോട് ഭാഗങ്ങളില്‍നിന്നും എത്തുന്നത്. സമീപകാലത്ത് പുതുക്കിപ്പണിത മേപ്പറമ്പിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി കാണാനും നിരവധി പേര്‍ എത്തുന്നുണ്ട്.  വൈകുന്നേരങ്ങളില്‍ കവലകളില്‍ തിരക്കു വര്‍ധിക്കുന്നതോടെ സംവിധാനങ്ങളില്ലാത്തതിനാല്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ ജനങ്ങള്‍ക്കു ഭീഷണിയായിത്തീരുന്നുണ്ട്. കവലയില്‍ വേഗത നിയന്ത്രിക്കാന്‍ കവലയില്‍ സ്പീഡ് ബ്രേക്കുകളോ ഹമ്പുകളോ ഇല്ലാത്തതാണ് വാഹനങ്ങളുടെ അമിതവേഗതക്കു കാരണമാകുന്നത്. നിരവധി വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന കവലയില്‍ സിഗ്നല്‍ സംവിധാനങ്ങളും വേഗതാനിയന്ത്രണ സംവിധാനങ്ങളും ബസു കാത്തിരിപ്പുകേന്ദ്രവും നിര്‍മിക്കണമെന്ന ജനകീയാവശ്യം ശക്തമാവുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക