|    Feb 22 Wed, 2017 1:12 am
FLASH NEWS

പരാതികളുമായി ചാവക്കാട് സപ്ലൈ ഓഫിസിലെത്തിയത് ആയിരങ്ങള്‍

Published : 25th October 2016 | Posted By: SMR

ചാവക്കാട്/മാള: ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി മുന്‍ഗണനേതര പട്ടിക പ്രസിദ്ദീകരിച്ചതിലെ പരാതികളുമായി ഇന്നലെ ചാവക്കാട് സപ്ലൈ ഓഫിസിലെത്തിയത് ആയിരങ്ങള്‍. വരിയില്‍ മണിക്കൂറുകളോളം കാത്തുനിന്ന അപേക്ഷകരില്‍ പലരും തലകറങ്ങി വീണു. അപേക്ഷകരുടെ തള്ളിക്കയറ്റം മൂലം ഉദ്യോഗസ്ഥരും വലഞ്ഞു. മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈ ഓഫിസിലേക്ക് കടക്കാനാവാത്ത വിധം ജനം തിക്കിതിരക്കിയപ്പോള്‍ വരി റോഡിലേക്ക് നീണ്ടു. താലൂക്കിലെ ലക്ഷത്തിലേറെയുള്ള കാര്‍ഡ് ഉടമകളില്‍ ആയിരങ്ങളാണ് ഒരോ ദിവസവും എത്തുന്നത്. പത്തു ദിവസം കൊണ്ട് പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് പറയുന്നത്. എന്നാല്‍, പരാതിക്കാരുടെ എണ്ണം നോക്കുമ്പോള്‍ മാസങ്ങളെടുത്താലും തീരാത്ത പരാതികളാണെത്തിയിട്ടുള്ളത്. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍, ഐസിഡിഎസ് സൂപ്പര്‍ വൈസര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കേണ്ടത്. കംപ്യൂട്ടറുകള്‍ റാങ്കിങ് തീരുമാനിക്കുന്നതിനാല്‍ തെറ്റായ വിവരം നല്‍കിയ പലരും മുന്‍ഗണന പട്ടികയില്‍ സ്ഥാനം പിടിക്കുകയായിരുന്നു. കംപ്യൂട്ടറുകള്‍ നല്‍കുന്ന മാര്‍ക്ക് അനുസരിച്ചാണ് കാര്‍ഡ് ഉടമകളുടെ മുന്‍ഗണന, മുന്‍ഗണനേതര പട്ടിക തയാറാക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ ഒട്ടേറം തെറ്റുകള്‍ കടന്നു കൂടിയതാണ് വ്യാപകമായ പരാതിക്കിടയാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചാലക്കുടി താലൂക്ക് സപ്ലൈ ഓഫിസ് സംഘടിപ്പിച്ച അപേക്ഷ സ്വീകരിക്കല്‍ നഗരസഭ അങ്കണത്തിലാണ് നടക്കുന്നത്. രാവിലെ മുതല്‍ വൈകീട്ടുവരെ നൂറുകണക്കിന് ആളുകള്‍ അപേക്ഷ നല്‍കുവാനെത്തി. താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന മാള,അന്നമനട , കുഴൂര്‍ , അതിരപ്പിള്ളി, പരിയാരം, കോടശേരി, മേലൂര്‍, കൊരട്ടി, കാടുകുറ്റി, കൊടകര, മറ്റത്തൂര്‍, വരന്തരപ്പിള്ളി, ആളൂര്‍, എന്നീ പഞ്ചായത്തുകളിലെ പരാതികളാണ് ഇവിടെ പരിഗണിക്കുന്നത്. ചാലക്കുടി നഗരസഭയും ഇതില്‍പ്പെടും. ഭക്ഷ്യസുരക്ഷ നിലവില്‍ വരുന്നതോടെ എപിഎല്‍ ബിപിഎല്‍ കാര്‍ഡുകള്‍ ഇല്ലാതാവുകയാണ്. പകരം മുന്‍ഗണന വിഭാഗവും മുന്‍ഗണന അര്‍ഹിക്കാത്ത വിഭാഗവും എന്നിങ്ങനെ കാര്‍ഡുടമകള്‍ രണ്ടായി തരംതിരിക്കപ്പെടും. പുതിയ നിയമ പ്രകാരം പ്രയോറിറ്റി വിഭാഗക്കാര്‍ക്ക് ബിപിഎല്ലിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമ്പേ ാ ള്‍ നോണ്‍ പ്രയോറിറ്റിയായി മാറുന്ന എപിഎല്ലുകാര്‍ക്ക് ഇവ നിഷേധിക്കപ്പെടുകയും ചെയ്യും. നിലവില്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ താലൂക്ക് പരിധിയില്‍ ആയിരക്കണക്കിന് എപിഎല്‍ കാര്‍ഡ് ഉടമകള്‍ നോണ്‍ പ്രയോറിറ്റിയായി മാറും. ഇതൊഴിവാക്കുന്നതിന്റെ ഭാഗമാണ് അപേക്ഷ ശേഖരിക്കുന്ന കേന്ദ്രത്തിലെ തിക്കും തിരക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക