|    Oct 22 Mon, 2018 6:01 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

പരാജയപ്പെട്ട കശ്മീര്‍ ദൗത്യം

Published : 29th September 2017 | Posted By: fsq

1989 ഡിസംബര്‍ 13ന്, അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന വ്യക്തിയുടെ മകള്‍ റുബയ്യ സഈദിനെ തട്ടിക്കൊണ്ടുപോയ ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അവരെ മോചിപ്പിച്ചു. തങ്ങളുടെ ആറു പ്രവര്‍ത്തകരെ ജയില്‍മോചിതരാക്കിയതിനു പകരമായിരുന്നു വിട്ടയക്കല്‍. കശ്മീരില്‍ ആഘോഷം അലതല്ലി. ഡല്‍ഹിയുടെ കീഴടങ്ങല്‍ എന്ന നിലയിലാണ് പലരും ഈ സംഭവത്തെ കണ്ടത്. കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുല്ല അങ്ങനെയൊരു മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. കലാപം പൂര്‍ണമായ തോതില്‍ പൊട്ടിപ്പുറപ്പെട്ടതിന്റെ തെളിവായിരുന്നു തട്ടിക്കൊണ്ടുപോവല്‍. അന്നു കേന്ദ്രത്തില്‍ ഭരണം നടത്തിയിരുന്ന കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ 1987ല്‍ നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചാണ് ഫാറൂഖ് അബ്ദുല്ലയുടെ നാഷനല്‍ കോണ്‍ഫറന്‍സ് അധികാരത്തിലേറുന്നതെന്നായിരുന്നു കശ്മീരികള്‍ മനസ്സിലാക്കിയിരുന്നത്. എന്നാല്‍, കശ്മീരിലെ ഭരണം അതോടെ താറുമാറായി. ജനുവരി 21ന് നൂറിലധികം വരുന്ന നിരായുധരായ പ്രതിഷേധക്കാരെ ശ്രീനഗറിലെ ഗൊക്കാഡലില്‍ സെന്‍ട്രല്‍ റിസര്‍വ് പോലിസ് വെടിവച്ചു കൊലപ്പെടുത്തി. എന്നാല്‍, ഔദ്യോഗിക കണക്കുകള്‍ 54 എന്നായിരുന്നു. കൂട്ടക്കൊല കശ്മീരിലെ കലാപം കൂടുതല്‍ വിനാശകരമാവുംവിധം അക്രമത്തിന്റെയും സംശയത്തിന്റെയും ഭീതിയുടെയും ഒരു ചാക്രികമായി മാറി. കശ്മീരിലെ ആയിരക്കണക്കിന് യുവാക്കള്‍ ആയുധപരിശീലനത്തിനായി അതിര്‍ത്തി കടന്ന് പാകിസ്താനിലെത്തി. പാകിസ്താന് മുതലെടുക്കാന്‍ പറ്റിയ സാഹചര്യമായിരുന്നു അത്. പാകിസ്താന്‍ അതു ചെയ്യുകയും ചെയ്തു. വൈകാതെ തന്നെ, ജനാധിപത്യം തകര്‍ത്തതിനാലും അഴിമതിയാലും പോലിസുകാരുടെ അതിക്രമത്താലും ശക്തിപ്പെട്ട സംഘര്‍ഷത്തിന് മതത്തിന്റെ നിറം പകരാന്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ ശ്രമിച്ചു. തത്ഫലമായി മതേതരത്വം ലക്ഷ്യംവച്ചിരുന്ന ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടും പാകിസ്താനുമായി ചേരുന്നതിനെ പിന്തുണച്ചിരുന്ന ഹിസ്ബുല്‍ മുജാഹിദീനും പണ്ഡിറ്റുകളെ ആക്രമിച്ചു. മേഖലയിലെ ഹിന്ദു ന്യൂനപക്ഷം കൂട്ടമായി താഴ്‌വരയില്‍ നിന്നു കുടിയൊഴിയാന്‍ നിര്‍ബന്ധിതരായി. അവരില്‍ ഭൂരിഭാഗം പേരും ജമ്മുവിലെ അഭയാര്‍ഥി ക്യാംപുകളില്‍ രക്ഷ നേടി. പരിതാപകരമായ ജീവിതസാഹചര്യത്തില്‍ ഭരണകൂടത്തിന്റെ നിസ്സംഗത സഹിച്ചാണവര്‍ ജീവിച്ചത്. സ്ഥിതിഗതികള്‍ ഏതാണ്ട് സാധാരണനിലയിലേക്ക് എത്തുന്നതിന് പിന്നീട് രണ്ടു പതിറ്റാണ്ടോളം വേണ്ടിവന്നു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനം വീണ്ടും ചൂടുപിടിക്കുകയാണ്. ഇവിടെ നാം നേരിടുന്ന ഏറ്റവും വലിയ ചോദ്യം ഇതാണ്: മലയാളികളെയും ബംഗാളികളെയും ഗുജറാത്തികളെയും പഞ്ചാബികളെയും പോലെ കശ്മീരികള്‍ അവരെ സ്വയം ഇന്ത്യക്കാരായി കാണുന്നുണ്ടോ? ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ വിജയത്തിന്റെ നങ്കൂരം തന്നെ അത്തരത്തിലുള്ള ഉപദേശീയതകളാണ്. കശ്മീരിനെ രാജ്യത്തോടു യോജിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ അടിവരയിടുന്നതാണ് ഇത്തരമൊരു ഉള്‍ക്കൊള്ളല്‍. പക്ഷേ, 1990ലെ കലാപത്തോടെ അതു താറുമാറായി. 1990 ജനുവരിയില്‍ അനന്ത്‌നാഗിലെ സ്‌പെഷ്യല്‍ കമ്മീഷണറായി ഞാന്‍ നിയമിക്കപ്പെട്ടു. അന്നു സംസ്ഥാനത്ത് ഗവര്‍ണര്‍ഭരണം ഏര്‍പ്പെടുത്തിയിട്ട് അധികമായിട്ടില്ല. ഏതാനും മാസങ്ങള്‍ക്കുശേഷം 1990 ജൂണില്‍, ജഗ്‌മോഹനു പിന്നാലെ അധികാരത്തിലേറിയ ഗിരീഷ് സക്‌സേന എന്നെ കശ്മീരിലെ താഴ്‌വരയുടെയും ലഡാക്കിന്റെയും ചുമതലയുള്ള ഡിവിഷനല്‍ കമ്മീഷണറായി നിയമിച്ചു. സംസ്ഥാനത്തെ ഭരണം താറുമാറായിരുന്നു. കശ്മീരികളല്ലാത്ത ഉദ്യോഗസ്ഥര്‍ ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷന്‍ സെന്ററില്‍ തങ്ങാന്‍ നിര്‍ബന്ധിതരായി. ഇവിടെ നിന്ന് പുറത്തേക്കു പോവുന്നതും തിരിച്ചുവരുന്നതും സൈന്യത്തിന്റെ സംരക്ഷണത്താല്‍.ഒരു ഡിവിഷനല്‍ കമ്മീഷണര്‍ എന്ന നിലയ്ക്ക് ഞാന്‍ നേതൃത്വം നല്‍കിയിരുന്ന ഭരണത്തിലെ ഉദ്യോഗസ്ഥര്‍ ഒന്നുകില്‍ നഗരത്തിലെയോ ഗ്രാമത്തിലെയോ സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുന്ന സായുധ പോരാളികളോട് അനുഭാവമുള്ളവരോ അല്ലെങ്കില്‍ ഭയം കൊണ്ട് അവരെ ചെറുക്കാന്‍ ശക്തിയില്ലാത്തവരോ ആയിരുന്നു. സാധാരണക്കാരായ ജനങ്ങള്‍ നാലുപാടും നിരീക്ഷിച്ച് അവരവരുടെ ജോലിയില്‍ ഏര്‍പ്പെട്ട് മുന്നോട്ടുപൊയ്‌ക്കൊണ്ടിരുന്നു. ഒരു കര്‍ഫ്യൂ പോലും ഏര്‍പ്പെടുത്താതെ ശ്രീനഗര്‍ നഗരങ്ങള്‍ വൈകുന്നേരമാവുന്നതോടെ തന്നെ സ്തംഭിച്ചു. വൈദ്യുതി വിതരണത്തിലെ അസ്ഥിരത ശ്രീനഗറിനെ ഇരുട്ടില്‍ മുക്കി. ബന്ദികളാക്കിയവരുടെ മോചനം ആവശ്യപ്പെടുന്നത് ഉള്‍പ്പെടെ സായുധനേതാക്കളുമായുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന് ഇന്റലിജന്‍സ് ബ്യൂറോയുടെയും സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ഉപകരണം ഞാനായിരുന്നു. ഔദ്യോഗിക ചുമതലയുടെ ഭാഗമായി ഞാന്‍ കല്ലേറും വെടിവയ്പുകളും നേരിട്ടിട്ടുണ്ട്. പെട്ടെന്നുണ്ടാവുന്ന അക്രമാസക്തമായ പ്രകടനങ്ങളും അതിനു സുരക്ഷാസേന തിരിച്ചടി നല്‍കുന്ന വേളകളും ഒഴിച്ചാല്‍ കശ്മീര്‍ നഗരങ്ങള്‍ ശാന്തമായിരുന്നു.1996നുശേഷം അതായത്, സായുധ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും ഭരണനിര്‍വഹണത്തിലും പൊതുജനങ്ങളുടെ പങ്കാളിത്തം വര്‍ധിച്ചു. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിനു പിന്നാലെ 2000ത്തില്‍ വിഘടനവാദികളുമായി ഉന്നതതല ചര്‍ച്ചകള്‍ വരെ നടന്നിട്ടുണ്ട്.   രണ്ടു ദശാബ്ദത്തിനുശേഷം സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരുകയായിരുന്നു. എന്നാല്‍ 2008ലും 2010ലും നടന്ന കൂട്ട പ്രതിഷേധങ്ങളെ സൈന്യം അടിച്ചമര്‍ത്തിയതോടെ സ്ഥിതിഗതികള്‍ പഴയപടി തന്നെയായി. കുട്ടികളായിരുന്നു ഏറ്റവും നികൃഷ്ടമായ രീതിയില്‍ പീഡിപ്പിക്കപ്പെട്ടവര്‍. നിലവിലെ വ്യവസ്ഥയ്ക്കുള്ളില്‍ തന്നെ പരിഹാരമാര്‍ഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവയൊന്നും പ്രായോഗികമായ രീതിയില്‍ നടപ്പാക്കിയില്ല. പിന്നീട് 2016 ജൂലൈ എട്ടിന് സായുധസംഘം നേതാവ് ബുര്‍ഹാന്‍ വാനിയുടെ കൊലപാതകം നടന്നു. കശ്മീരിലുടനീളം കര്‍ഫ്യൂ തുടരുകയും പരിക്കേറ്റവരുടെയും മരിച്ചവരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് അതായത്, കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഞാന്‍ കശ്മീരിലുണ്ടായിരുന്നു. ഞാന്‍ ടാക്‌സിയില്‍ യാത്ര ചെയ്തു. വടക്കന്‍ ബാരാമുല്ലയിലേക്ക് വൃത്തിയില്ലാത്ത ഒരു ട്രെയിനില്‍ യാത്ര ചെയ്തു. ഫലഭൂയിഷ്ഠമായ കൃഷിഭൂമിയില്‍ കൊട്ടാരസദൃശമായ ഭവനങ്ങള്‍ യാതൊരു ആസൂത്രണവുമില്ലാതെ ഉയരുന്നത് കണ്ടു. ആരും കൂടെയില്ലാതെ കുല്‍ഗാമിലെയും സോപോറിലെയും അനന്ത്‌നാഗിലെയും ബാരാമുല്ലയിലെയും ബസാറുകളില്‍ ഞാന്‍ ചുറ്റിത്തിരിഞ്ഞു. അത്തരത്തിലൊരു ശാന്തത 1982 മുതല്‍ എനിക്ക് കശ്മീരില്‍ അനുഭവപ്പെട്ടിട്ടില്ല. ജീവിത സായാഹ്നത്തിലേക്ക് പ്രവേശിക്കവെ, ഇന്ത്യക്കു വേണ്ടി കശ്മീരികളുടെ ഹൃദയം കീഴടക്കുന്ന ദൗത്യത്തില്‍ ഞാന്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് എനിക്കു ബോധ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം കശ്മീരിലെ യുവാവായ ഒരു ഉദ്യോഗസ്ഥന്‍ കുറിച്ചതിങ്ങനെയാണ്: ശ്രീനഗറിലെ കൗമാരക്കാരോട് ചോദിച്ചാല്‍ അവര്‍ പറഞ്ഞുതരും, എങ്ങനെയാണ് സൈനിക ബങ്കറുകളും പോലിസ് വാഹനങ്ങളും ടെലിവിഷന്‍ ചര്‍ച്ചയില്‍ ഒച്ചവയ്ക്കുന്ന വാചാലന്‍മാരും ഇന്ത്യയുടെ പര്യായങ്ങളായി മാറിയതെന്ന്. കശ്മീരിലെ ജനങ്ങളുടെ ഹൃദയം കീഴടക്കാനുള്ള ഇന്ത്യയുടെ പദ്ധതിയാണോ ഇത്? കശ്മീരിലെ സാഹചര്യം പാകിസ്താന്‍ മുതലെടുക്കുകയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അവര്‍ ഉദ്ദേശിക്കുന്നപോലെ എല്ലാ അര്‍ഥത്തിലും നാം നമ്മുടെ അപചയത്തെ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. പക്ഷേ, എന്തുകൊണ്ടാണ് കശ്മീര്‍ നമ്മുടെ ദൗര്‍ബല്യമായത്? അവര്‍ നമ്മുടേതാണെന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ണീരൊഴുക്കുമ്പോഴും എന്തുകൊണ്ടാണ് കശ്മീരിലെ പ്രതിഷേധക്കാര്‍ സുരക്ഷാ സൈനികരാല്‍ കൊല്ലപ്പെടുന്നതും കുട്ടികള്‍ ആക്രമിക്കപ്പെടുന്നതും? എന്തുകൊണ്ടാണ് അവര്‍ ഇന്ത്യക്കാരാണെന്ന് നമ്മുടെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യാത്തത്; എന്തുകൊണ്ടാണ് നമ്മുടെ സ്വീകരണമുറികളില്‍ അതു വിഷയമാവാത്തത്? 1990ല്‍ തുടങ്ങിയ കലാപം അവസാനിച്ചു എന്നതില്‍ യാതൊരു സംശയവുമില്ല. വിഘടനവാദി നേതാക്കള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതില്‍ അതു വ്യക്തമാണ്. എന്നാല്‍, വിദ്യാസമ്പന്നരും മിടുക്കന്‍മാരുമായ, ഇന്ത്യയോട് വിരോധമുള്ള യുവാക്കളുടെ വിശ്വാസം നേടിയെടുക്കുന്നതില്‍ നാം പരാജയപ്പെട്ടു. അവരാണ് ജമ്മുകശ്മീരിനെ ഭാവിയില്‍ നയിക്കുന്നവര്‍.         (ദേശീയ ന്യൂനപക്ഷ കമ്മീഷന്‍മുന്‍ ചെയര്‍മാനാണ് ലേഖകന്‍.)(പരിഭാഷ: ഷിനില മാത്തോട്ടത്തില്‍)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss