|    Jan 20 Fri, 2017 11:57 pm
FLASH NEWS

പരാജയപ്പെട്ട ഒരു മതസ്ഥാപകന്റെ ജീവിതം

Published : 6th September 2015 | Posted By: admin

ചരിത്രപ്രാധാന്യമുള്ള വ്യക്തികളെ അവരുടെ ജീവിതത്തിലെ പ്രധാന ഭാഗങ്ങള്‍ ചേര്‍ത്ത് പുനഃസൃഷ്ടിക്കുന്നതാണ് ബയോഗ്രഫിക്കല്‍ ഫിക്ഷന്‍. ലബനില്‍ ജനിച്ച് ഫ്രഞ്ച് ഭാഷയിലെഴുതിയ അമീന്‍ മാലൂഫിന്റെ പ്രകാശത്തിന്റെ ഉദ്യാനങ്ങള്‍ എന്ന നോവല്‍ അത്തരമൊരു രചനയാണ്. മാനിക്കേയിസം എന്ന മതത്തിന്റെ ഉപജ്ഞാതാവും  ചിന്തകനും എഴുത്തുകാരനും ഭിഷഗ്വരനുമായിരുന്ന മാനിയുടെ ജീവചരിത്രമാണ് പ്രമേയം. മാനി ജീവിച്ച കാലഘട്ടത്തിലെ സംസ്‌കാരങ്ങളെ അതിന്റെ തനിമയും ചരിത്രവും നഷ്ടപ്പെടാതെ അമീന്‍ മാലൂഫ് ഈ നോവലില്‍ ചിത്രീകരിച്ചിരിക്കുന്നു. ജനനം മുതല്‍ മരണം വരെ മാനി തന്റെ മതത്തിനായി സഹിച്ച ത്യാഗങ്ങളാണ് പരാമര്‍ശിക്കുന്നത്.

നിരവധി വിശ്വാസങ്ങളും ആചാരങ്ങളും പുലര്‍ത്തിയിരുന്ന പാര്‍ഥിയന്‍ വംശജനായ പഥേകിന്റെ മകനായി ബാബേലില്‍ ആണ്(ഇന്നത്തെ ഇറാഖില്‍) മാനി ജനിച്ചത്. പുതിയ വിശ്വാസത്തിന്റെ ഭാഗമായി ഭാര്യയെ ഉപേക്ഷിച്ച് സിതായ് എന്ന ആള്‍ദൈവത്തിന്റെ ആശ്രമത്തിലേക്ക് പഥേക് പോവുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. മൂന്നു വയസ്സുള്ള മാനിയെയും മാതാവിന്റെ എതിര്‍പ്പ് വകവയ്ക്കാതെ പഥേക് കൊണ്ടുപോവുന്നു. മാതൃസ്‌നേഹവും പിതൃസ്‌നേഹവും ലഭിക്കാതെയാണ് മാനി വളര്‍ന്നത്.

‘ശുഭ്രവസ്ത്രധാരികളുടെ ഈന്തപ്പനത്തോപ്പ്’ എന്ന ഒന്നാംഭാഗത്തില്‍ ഒന്നില്‍ സിതായിയുടെ ആശ്രമജീവിതത്തിലെ സംഭവങ്ങളാണ് പ്രധാനമായും പ്രതിപാദിക്കുന്നത്. ആശ്രമത്തിലെ കടുത്ത ശിക്ഷണരീതികളിലും അവിടത്തെ വിശ്വാസങ്ങളിലും മാനിക്ക് എതിര്‍പ്പുളവാകുന്നു. ഒരു കാലിന് മുടന്തുള്ള മാനി ചെറുപ്പം മുതലേ ആത്മീയതയില്‍ ഊന്നിയ ജീവിതമാണ് നയിച്ചുവന്നത്. മാനിയും സുഹൃത്ത് മാല്‍ച്യോസും ബാല്യകാലത്തു തന്നെ ആശ്രമം വിട്ടുപോവുന്നു. പിന്നീടുള്ള മാനിയുടെ പ്രവര്‍ത്തനം മാനി വിഭാവനം ചെയ്യുന്ന മതത്തിന്റെ പ്രബോധനമായിരുന്നു.

ഒരു പ്രവാചകന്റെ എല്ലാ സവിശേഷതകളും പ്രകടമാവുന്ന തരത്തിലാണ് അമീന്‍ മാലൂഫ് ചിത്രീകരിക്കുന്നത്.  അതിശക്തവും തീവ്രവുമായ ആശയങ്ങള്‍ ഇല്ലാത്തതു തന്നെയാണ് മാനിയുടെ മതത്തിന്റെ പ്രത്യേകത. ക്രിസ്ത്യന്‍ ആചാരങ്ങളും പുരാതന പേര്‍ഷ്യന്‍ സൊറാസ്‌ട്രേനിയസം, ബുദ്ധമതം തുടങ്ങിയ മതങ്ങളിലെ പല അംശങ്ങളും ഉള്‍പ്പെടുത്തിയതാണ് മാനിയുടെ മതം. സഹിഷ്ണുതയും സമാധാനവാദവുമായിരുന്നു തപസ്വിയും ജ്ഞാനിയുമായിരുന്ന മാനിയുടെ മതത്തിന്റെ പ്രധാന ആശയങ്ങള്‍. യുദ്ധവിരുദ്ധസിദ്ധാന്തമാണ് ഇതില്‍ എടുത്തുപറയേണ്ടത്. രണ്ടാം ഭാഗത്തില്‍ മാനിക്കേയിസത്തിനായുള്ള മാനിയുടെ ദേശദേശാന്തരങ്ങളായ യാത്രകള്‍ വിവരിക്കുന്നു.

ട്രൈഗിസ് നദിയുടെ തീരങ്ങളില്‍നിന്നാണ് മതപ്രബോധനം തുടരുന്നത്. നിരവധി ഭരണാധികാരികളും പണ്ഡിതന്‍മാരും വ്യാപാരികളും ചരക്കുതൊഴിലാളികളും മതനേതാക്കന്‍മാരും മാനിക്കേയിസത്തില്‍ ആകൃഷ്ടരാകുന്നു. മാനിയുടെ കഴിവുകളില്‍നിന്നും മാനിയുടെ മനസ്സില്‍നിന്നും ഉയരുന്ന ഉള്‍വിളികളില്‍നിന്നും മാനി ജീവിച്ചിരുന്ന കാലഘട്ടത്തിലെ ചെയ്തികളില്‍നിന്നുമെല്ലാം ഉള്‍തിരിഞ്ഞ് വന്ന ഒരു പുതിയ ആശയമായിരുന്നു മാനിക്കേയിസം. പേര്‍ഷ്യന്‍ ചക്രവര്‍ത്തി ഷാപൂറായിരുന്നു ഈ ചിന്താധാരയുടെ പ്രധാന അനുയായി. കൊട്ടാരത്തിലെ പലരും ഇതിനെതിരായിരുന്നു. ആ കാലഘട്ടത്തിലെ പേര്‍ഷ്യന്‍-റോമന്‍ സംസ്‌കാരങ്ങളെ ഉയര്‍ത്തിപ്പിടിച്ചാണ് അമീന്‍ മാലൂഫ് ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. നോവല്‍ വായിക്കുന്ന ആര്‍ക്കും ഇതൊരു സാങ്കല്‍പ്പിക സൃഷ്ടിയാണെന്നു പറയാന്‍ കഴിയാത്ത വിധമാണ് രചന.

മാനിക്കേയിസത്തിന്റെ ആദ്യത്തെ പിന്‍ഗാമി മാനിയുടെ പിതാവ് പഥേകും സുഹൃത്ത് മാല്‍ച്യോസുമായിരുന്നു. നിരവധി ദേശങ്ങളില്‍ പ്രബോധനത്തിന്റെ ഭാഗമായി മാനി സന്ദര്‍ശനം നടത്തുന്നു.മൂന്നാം ഭാഗം മാനിയുടെ സഹനപര്‍വമാണ്. ഷാപൂര്‍ ചക്രവര്‍ത്തിയുടെ മരണശേഷം ഹോര്‍മിസ് ദാസിന് ഭരണം ലഭിക്കുന്നു. എന്നാല്‍, കൊട്ടാരത്തിലെ മാനിയുടെ ആശയങ്ങള്‍ക്കെതിരായിരുന്ന ദുഷ്ടശക്തികളുടെ പ്രേരണയാല്‍ ഹോര്‍മിസ് ദാസിനെ വകവരുത്തി സഹോദരന്‍ ബഹ്‌റം ഭരണം ഏറ്റെടുക്കുന്നു. ഇതോടെ സസ്സാനിയന്‍ രാജവംശത്തിലുള്ള മാനിയുടെ സ്വാധീനം ഇല്ലാതാവുന്നു.

നിഷ്‌കാസനം എന്നു പേരിട്ടിരിക്കുന്ന അവസാന ഭാഗം ഹൃദയവര്‍ജകമായാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. തുറുങ്കിലടയ്ക്കപ്പെട്ട മാനി 26ാം ദിവസം ക്രി.ശേ. 274ല്‍ മരണപ്പെടുന്നു. അനുയായികള്‍ ജയിലില്‍ സന്ദര്‍ശിക്കുന്ന സമയത്തായിരുന്നു മരണം. ഭാര്യയെ പോലെ കൂടെയുണ്ടായിരുന്ന ദേനാഗാണ് അവസാന നിമിഷവും ഒപ്പമുണ്ടായത്. മാനിയെ ‘ദി ബുദ്ധാ ഓഫ് ലൈറ്റ്’ എന്ന് ചൈനക്കാരും ‘ദി അപോസ്‌തേ ഓഫ് ജീസസ്’ എന്ന് ഈജിപ്തുകാരും  വിളിക്കുന്നു.
അമീന്‍ മാലൂഫിന്റെ നോവല്‍ ആദ്യമായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നത് പ്രകാശത്തിന്റെ ഉദ്യാനങ്ങളിലൂടെയാണ്. രാജന്‍ തുവ്വാരയാണ് വിവര്‍ത്തകന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 105 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക