|    Jan 22 Sun, 2017 3:38 pm
FLASH NEWS

പരാജയപ്പെട്ടാല്‍ ബലിയാടാവാന്‍ തയ്യാറായിരുന്നുവെന്ന് മന്‍മോഹന്‍സിങ്

Published : 2nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: സാമ്പത്തിക ഉദാരവല്‍ക്കരണം പരാജയപ്പെട്ടാല്‍ അതിന്റെ ബലിയാടാവാന്‍ താന്‍ തയ്യാറായിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. 1991ലെ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ചു ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍. 1991 ജൂലൈ ഒന്നിനാണ് രൂപയുടെ മൂല്യം കുറച്ചുകൊണ്ടുള്ള ഉദാരവല്‍ക്കരണ നടപടികള്‍ക്ക് അന്ന് നരസിംഹറാവു സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍ തുടക്കമിട്ടത്. താന്‍ തുടങ്ങിവച്ച ഉദാരവല്‍ക്കരണ നയങ്ങള്‍ക്കു പിന്നീട് വന്ന ദേവഗൗഡ സര്‍ക്കാരും ഐ കെ ഗുജ്‌റാള്‍ സര്‍ക്കാരും തുടര്‍ച്ച നല്‍കി. പി ചിദംബരം ഇതിന്റെ തുടര്‍ച്ചയായി ഒരു സ്വപ്‌ന ബജറ്റ്തന്നെയാണ് അവതരിപ്പിച്ചത്. ഇപ്പോഴത്തെ ബിജെപി സര്‍ക്കാരും സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടരുന്നുണ്ടെന്നും മന്‍മോഹന്‍ പറഞ്ഞു.
സര്‍ക്കാരിനകത്തും പുറത്തും ചര്‍ച്ചചെയ്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വരൂപിച്ച ശേഷമാണു പരിഷ്‌കരണം ആരംഭിച്ചത്. ആദ്യം സെബിക്ക് നിയമപരിരക്ഷ കൊടുത്തു. പിന്നെ ബാങ്കിങ് സംവിധാനവും നികുതി സംവിധാനവും പരിഷ്‌കരിച്ചു. രണ്ടുദിവസംകൊണ്ടാണ് വാണിജ്യ പരിഷ്‌കരണ പദ്ധതി തയ്യാറാക്കിയതെന്ന വാര്‍ത്ത മന്‍മോഹന്‍ സ്ഥിരീകരിച്ചു. ഇതിനായി താനും പി ചിദംബരവും പ്രധാനമന്ത്രി നരസിംഹറാവുവിനെ കണ്ടു. നിങ്ങള്‍ ഇതേക്കുറിച്ച് എന്തു പറയുന്നുവെന്ന് പ്രധാനമന്ത്രി എന്നോടു ചോദിച്ചു. ഞാന്‍ അതിനെ പിന്തുണയ്ക്കുന്നുവെന്നു മറുപടിപറഞ്ഞതോടെ പ്രധാനമന്ത്രി മറ്റൊന്നും ആലോചിച്ചില്ല. അതില്‍ ഒപ്പുവച്ചു. പാര്‍ട്ടിക്കുള്ളിലും പുറത്തും കടുത്ത എതിര്‍പ്പ് നേരിടേണ്ടിവന്നു. ചിലര്‍ മാത്രമാണു പിന്തുണച്ചത്.
സാമ്പത്തിക പരിഷ്‌കരണം തുടക്കത്തില്‍ അവ്യക്തമായ ആശയമായിരുന്നുവെന്നു മന്‍മോഹന്‍ പറഞ്ഞു. നരസിംഹം കമ്മിറ്റിയെ നിയോഗിച്ച ശേഷമാണ് അക്കാര്യത്തില്‍ മുന്നോട്ടുപോവാനായത്. ഒരു അടഞ്ഞ സാമ്പത്തികവ്യവസ്ഥയില്‍ വിദേശനിക്ഷേപം കൊണ്ടുവരികയെന്നതായിരുന്നു ഒരു വലിയ വെല്ലുവിളി. അതിനായി താന്‍ ലണ്ടനിലേക്ക് പോയി. അവര്‍ക്ക് അക്കാര്യത്തില്‍ താല്‍പര്യമുണ്ടെന്ന് എനിക്കറിയാമായിരുന്നു.
വിദേശ നിക്ഷേപകര്‍ക്കായി ഇന്ത്യന്‍ വിപണി തുറന്നതായി പലതവണ പ്രഖ്യാപനം നടത്തിയെങ്കിലും വളരെ സൂക്ഷിച്ച് സാവധാനമാണ് നമ്മള്‍ അത് നടപ്പാക്കിയത്. അക്കാലത്ത് രാജ്യത്തെ വാണിജ്യമേഖല ശൈശവദശയിലായിരുന്നു. 1991ലെ ബജറ്റില്‍ സ്വത്ത് നികുതി എടുത്തുകളഞ്ഞു. അതോടെ സമ്പന്നരായവര്‍ക്ക് അവരുടെ വാണിജ്യത്തിനായി പണം നിക്ഷേപിക്കാമെന്ന സാഹചര്യം വന്നു. അതിന്റെയെല്ലാം ഗുണഫലം ഇന്നവര്‍ക്ക് ബോധ്യമായിട്ടുണ്ടാവും. മന്‍മോഹന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക