|    Sep 19 Wed, 2018 12:43 am
FLASH NEWS

പരാക്രമം കാട്ടിയ നായയെ പിടികൂടാതെ അധികൃതരുടെ നിസ്സംഗത

Published : 6th October 2017 | Posted By: fsq

 

വടകര: തെരുവ് നായ ശല്യം വര്‍ധിച്ച് പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കാനാവാത്ത സാഹചര്യം നിലവില്‍ വന്നിട്ടും നടപടിയെടുക്കുന്നതില്‍ അധികൃതര്‍ക്ക് നിസ്സംഗത. ഇന്നലെ കാലത്തു മുതല്‍ വടകരയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ പരാക്രമത്തില്‍ അമ്പതിലേറെ പേര്‍ക്കാണ് കടിയേറ്റത്. കാലങ്ങളായി വടകരയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ നിരവധിയാണ്. നായയുടെ കടിയേറ്റാല്‍ ചികില്‍ സയ്ക്ക് ഏറെ പ്രയാസമാണ് വടകരക്കാര്‍ നേരിടുന്നത്. ചികിത്സയ്ക്ക് വേണ്ട മരുന്നുകള്‍ വടകര ജില്ലാ ആശുപത്രിയിലും മാഹിയിലും  ലഭ്യമല്ലാത്തത് കാരണം നായയുടെ കടിയേറ്റവരെ മുഴുവന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിക്കേണ്ട അവസ്ഥയാണ്. അതേസമയം ഇന്നലെയുണ്ടായ തെരുവ് നായയുടെ പരാക്രമം വടകര താലൂക്കിലെ വിവിധ പ്രദേശങ്ങളെ നടുക്കിയിരിക്കുകയാണ്. വില്യാപ്പള്ളി പഞ്ചായത്തിലെ മയ്യന്നൂരില്‍ നിന്ന് പരാക്രമം ആരംഭിച്ച നായ പുത്തൂര്‍, ഐസ് റോഡ്, പാക്കയില്‍, പുറങ്കര, കൊയിലാണ്ടി വളപ്പ്, കുരിയാടി, മുകച്ചേരിഭാഗം, ആവിക്കല്‍ കുരിയാടി, ചോറോട്, കൈനാട്ടി, നാദാപുരംറോഡ്, മടപ്പള്ളി എന്നിവിടങ്ങളില്‍ കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ചു പരിക്കേല്‍പ്പിച്ചു. രാവിലെയോടെ തെരുവ് നായയുടെ വിളയാട്ടം ആരംഭിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് ഈ പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും പോലിസ് പെട്രോളിങ് ശക്തമാക്കുകയും ചെയ്തു. ചിലയിടങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് ഉച്ചയോടെ അവധിയും നല്‍കി. പരാക്രമം നടത്തി നാടിനെ വിറപ്പിച്ച നായയെ വൈകീട്ട് വരെ പിടി കൂടാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം മുതല്‍ തെരുവില്‍ അലയുന്ന നായകളില്‍ ചില സ്വഭാവ മാറ്റങ്ങള്‍ കണ്ടതായാണ് റിപോര്‍ട്ട്. എന്നാല്‍ പല തവണ തെരുവ് നായകളുടെ ശല്യം റിപോര്‍ട്ട് ചെയ്തിട്ടും അധികൃതരുടെ ഭാഗത്ത് നിന്നുള്ള മൗനം ഇത്തരം വലിയ അപകടങ്ങളിലേക്കാണ് എത്തിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഇന്നലെ ഏറെയും കടിയേറ്റത്. ഭരണ സിരാ കേന്ദ്രമായ വടകര താലൂക്ക് ഓഫിസ് കോമ്പൗണ്ട് അടക്കം പല പ്രദേശങ്ങളും തെരുവ് നായകളുടെ സങ്കേതമായിട്ടും ഇവയെ തുരത്താനോ, വന്ധ്യകരണം നടത്താനോ അധികൃതര്‍ തയ്യാറാകുന്നില്ല. വടകരയിലെ ഭരണസിരാ കേന്ദ്രമായ താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷന്‍, കോടതി പരിസരം എന്നിവിടങ്ങളിലും തെരുവ് നായ ശല്യം വര്‍ധിച്ചിരിക്കുകയാണ്. നൂറു കണക്കിന് ആളുകള്‍ ദിനം പ്രതി എത്തിച്ചേരുന്ന ഇവിടങ്ങളില്‍ തെരുവ് നായ ശല്യം വര്‍ധിച്ചത്‌കൊണ്ട് പൊതു ജനങ്ങള്‍ ഭീതിയോടെയാണ് ഓഫീസുകളില്‍ എത്തിച്ചേരുന്നത്. അധികൃതരുടെ മൂക്കിന്‍ തുമ്പത്ത് പോലും തെരുവ് നായ ശല്യം വര്‍ധിച്ചിട്ടും നടപടിയില്ലെന്നത് ജനങ്ങളില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss