|    Apr 22 Sun, 2018 12:37 pm
FLASH NEWS

പരസ്യ പ്രബോധനത്തിന്റെ അലയൊലികള്‍

Published : 8th June 2016 | Posted By: mi.ptk

camel

താങ്കളെ സമൂഹത്തിനു സന്മാര്‍ഗ ദര്‍ശനം നല്‍കുന്നതിനായി നാം തിരഞ്ഞെടുത്തിരിക്കുകയാണെന്നും അതിനാല്‍ താങ്കള്‍ ജനങ്ങള്‍ക്കിടയിലേക്കിറങ്ങി അവര്‍ക്കു ദൈവീക കല്പനകള്‍ പരിചയപ്പെടുത്തണമെന്നുളള അല്ലാഹുവിന്റെ നിര്‍ദ്ദേശം ശിരസാവഹിച്ചു കൊണ്ട് പ്രവാചകന്‍ പരസ്യ പ്രബോധനം ആരംഭിച്ചു.
നുബുവത്തി (പ്രവാചകത്വത്തി)ന്റെ മൂന്നാം വര്‍ഷം മുതലായിരുന്നു ഇത്.

പരസ്യ പ്രബോധനത്തിന്റെ ഭാഗമായി പുതുതായി ഇറങ്ങി കൊണ്ടിരിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ പ്രവാചകന്‍ ജനങ്ങളെ കേള്‍പ്പിച്ചുകൊണ്ടിരുന്നു. തങ്ങള്‍ ആരാധിച്ചു കൊണ്ടിരിക്കുന്ന ലാത്തയെയും ഉസ്സയെയും മനാത്തയെയും മററനേകം പ്രതിഷ്ഠകളേയും വെടിഞ്ഞ് ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും കീഴ്‌വണങ്ങുകയും ചെയ്യണമെന്ന പ്രവാചക പ്രബോധനം ബഹുദൈവാരാധന ഉച്ചസ്ഥായിലായിരുന്ന ആ സമൂഹത്തെ ആകെ ഇളക്കി മറിച്ചു.

പാരമ്പര്യമായി തങ്ങള്‍ പുലര്‍ത്തുന്ന ആചാരങ്ങള്‍ക്കെതിരായ സമരം മക്കാ നിവാസികളെ പ്രകോപിച്ചില്ലെങ്കിലല്ലെ അദ്ഭുതമുളളൂ. അവര്‍ പ്രവാചകനെ മാരണം ബാധിച്ചവനെന്നും ജോത്സ്യനെന്നും കവിയെന്നും ആഭിചാരകനെന്നും ഭ്രാന്തനെന്നുമൊക്കെ മാറി മാറി ആക്ഷേപിച്ചു. എന്നാല്‍ ഇത്തരത്തിലുളള ശകാരങ്ങളും ആക്ഷേപങ്ങളും കൊണ്ടൊന്നും സത്യദീനിന്റെ വളര്‍ച്ചയെ തടഞ്ഞു നിര്‍ത്താന്‍ അവര്‍ക്കു സാധിച്ചില്ല.

ramadanദിവസങ്ങള്‍ കഴിയും തോറും ഇസ്‌ലാമിനു അനുയായികള്‍ വര്‍ധിച്ചു വരികയായിരുന്നു. ഈ ഘട്ടത്തിലാണ് ഹജ്ജു് കാലം സമാഗതമാവുന്നത്. മക്കയിലേക്ക് അറേബ്യന്‍ ഉപദ്വീപിന്റെ നാനാഭാഗത്തു നിന്നും തീര്‍ത്ഥാടകര്‍ എത്തുന്ന സമയമാണത്. മക്കയിലെത്തുന്ന തീര്‍ത്ഥാടകരെ മുഹമ്മദ് തന്റെ പ്രബോധനവുമായി സമീപിച്ചാലെന്തായിരിക്കും സ്ഥിതിയെന്നാലോചിച്ച് ഖുറൈശികള്‍ പരിഭ്രാന്തരായി. മക്കയില്‍ വെച്ച് തങ്ങള്‍ മുളയിലേ നുളളിക്കളയാന്‍ പെടാപാട് പെടുന്ന പുതിയ പ്രസ്ഥാനം അറേബ്യ മുഴുവന്‍ വ്യാപിക്കുകയാരിക്കും അതിന്റെ പരിണിത ഫലം.
വരാന്‍ പോകുന്ന പ്രതിസന്ധിയെക്കുറിച്ചാലോചിക്കാന്‍ ഖുറൈശികള്‍ യോഗം ചേര്‍ന്നു. ഖുറൈശി പ്രമുഖനായ വലീദ്ബ്‌നു മുഗീറയായിരുന്നു യോഗം നിയന്ത്രിച്ചിരുന്നത്. വലീദ് സദസ്സിനെ അഭിമുഖീകരിച്ചു കൊണ്ടു പറഞ്ഞു.’മക്കയിലെത്തുന്ന തീര്‍ത്ഥാടകരുടെ ഇടയില്‍ മുഹമ്മദിനെതിരെ പ്രചാരണം നടത്താന്‍ നമ്മള്‍ തീരുമാനിച്ചിരിക്കുന്നുവെന്നത് ശരി.പക്ഷേ മുഹമ്മദിനെതിരില്‍ നമ്മള്‍ ജനങ്ങളോട് പരസ്പര വിരുദ്ധമായി ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതു വഴി ജനങ്ങള്‍ക്കിടയില്‍ നമ്മള്‍ പരിഹാസ്യരാവാനും മുഹമ്മദിനു സ്വീകാര്യത ലഭിക്കാനും ഇടയാക്കും. അതു കൊണ്ട് എന്താണ് തീര്‍ത്ഥാടകരോട് പറയേണ്ടതെന്ന് നമ്മള്‍ യോജിച്ച ഒരു തീരുമാനത്തിലെത്തേണ്ടിയിരിക്കുന്നു.
‘നമുക്ക് മുഹമ്മദ് ഒരു ജോത്സ്യനാണെന്നു പ്രചരിപ്പിക്കാം’.ഒരു കൂട്ടര്‍ അഭിപ്രായപ്പെട്ടു.’പാടില്ല,അല്ലാഹുവാണ് സത്യം;അയാള്‍ ജോത്സ്യനല്ല. ജോത്സ്യന്‍മാരെ നമ്മളെല്ലാം കണ്ടിട്ടുളളതാണ്. അവര്‍ ഗണിച്ചു പറയുക എത്തരം കാര്യങ്ങളാണെന്നും ഏതു തരത്തിലാണ് അവര്‍ സംസാരിക്കാറുളളതെന്നും നമുക്കറിയാം.  മുഹമ്മദിന്റെ ഖുര്‍ആനിന് അതുമായി വിദൂര ബന്ധം പോലുമില്ല.
‘എങ്കില്‍ നമുക്ക് മുഹമ്മദിനെ ഭ്രാന്തനെന്നു പ്രചരിപ്പിച്ചാലോ?മറ്റു ചിലര്‍ അഭിപ്രയപ്പെട്ടു. പക്ഷേ വലീദ് അനുകൂലിച്ചില്ല. അയാള്‍ പറഞ്ഞു.’അവന്‍ ഭ്രാന്തനല്ല, ഭ്രാന്തന്‍മാരെയും കിറുക്കന്‍മാരെയും എല്ലാവര്‍ക്കും പരിചയമുളളതാണ്. മുഹമ്മദ് അവതരിപ്പിക്കുന്ന വചനങ്ങള്‍ സ്ഥിര ബുദ്ധിയില്ലാത്തവന്റെതാണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നു മാത്രമല്ല നമ്മുടെ ബുദ്ധിക്ക് എന്തോ തകരാറണ്ടോയെന്ന് ആളുകള്‍ ചിന്തിക്കുകയും ചെയ്യും.
അപ്പോള്‍ മൂന്നാമതൊരു അഭിപ്രായം ഉയര്‍ന്നു വന്നു.’എങ്കില്‍ നമുക്ക് മുഹമ്മദിനെ കവിയെന്നു വിശേഷിപ്പിച്ചാലോ?’നിഷേധാത്മകമായിരുന്നു അതിനും വലീദിന്റെ പ്രതികരണം.’കവിതയുടെ എല്ലാ ഇനങ്ങളും നമുക്കറിയാവുന്നതാണ്. മുഹമ്മദ് ജനങ്ങളെ ഓതി കേള്‍പ്പിക്കുന്ന ഖുര്‍ആന്‍ അതിലേതിലെങ്കിലും ഉള്‍പ്പെടുമെന്ന് ഒരു നിലക്കും പറയാനാവില്ല.

‘എന്നാല്‍ മുഹമ്മദിനെ നമ്മള്‍ ആഭിചാരകനാക്കിയാലോ?’സഹി കെട്ട സദസ്സ് വലീദിനോടാരാഞ്ഞു. വലീദ് തൃപ്തനായില്ല.’ആഭിചാരകരെയും ആഭിചാര പ്രയോഗത്തിനു അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളെയും നമുക്ക് പരിചയമുണ്ട്. അതൊന്നും മുഹമ്മദിനു യോജിക്കുന്നില്ല. അയാള്‍ ആഭിചാരകനല്ല തന്നെ.എന്നല്ല, നമ്മള്‍ ഇവയില്‍ ഏത് പേരു വിളിച്ചാലും അത് അന്യായമായ ആരോപണമായേ വരൂ,അല്ലാഹുവാണ് സത്യം,ആ ഖുര്‍ആന്‍ വചനങ്ങള്‍ ഏറെ മാധുര്യമാതര്‍ന്നതാണ്. അത് ആഴത്തില്‍ വേരുകളുളളതും ഫലസമൃദ്ധമായ ചില്ലകളുളള ഒരു വൃക്ഷം പോലെയുമാണ്. ഖുര്‍ആനിനോടും പ്രവാചകനോടും തന്റെ ഉളളിലുളള മതിപ്പ് വലീദിനു മറച്ചുവെക്കാനായില്ല.

ഈ ഘട്ടത്തില്‍ പ്രവാചക വിരോധത്തിന്റെ തലതൊട്ടപ്പനായ അബൂജഹല്‍ മുമ്പോട്ടു വന്നു വലീദിനോടു പറഞ്ഞു.’ജനത്തിനു തൃപ്തിയാകുന്ന എന്തെങ്കിലുമൊരാരോപണം താങ്കള്‍ നിര്‍ദ്ദേശിച്ചേ മതിയാവൂ’.അതു കേട്ട് തനിക്ക് ആലോചിക്കാന്‍ അല്പം സമയം വേണമെന്നാവശ്യപ്പെട്ടു വലീദ്. അലപം കഴിഞ്ഞു വലീദ് സദസ്സിനെ അഭിമുഖീകരിച്ചു സംസാരിച്ചു.’നിങ്ങള്‍ക്ക് തീര്‍ത്ഥാടകരെ മുഹമ്മദില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഏറ്റവും നല്ലത് അദ്ദേഹത്തെ ആഭിചാരകനായി ചിത്രീകരിക്കലാണ്. കാരണം അയാള്‍ പ്രചരിപ്പിക്കുന്ന സന്ദേശം സ്വീകരിക്കുന്നതോടെ മനുഷ്യന്‍ തന്റെ മാതാപിതാക്കളില്‍ നിന്നും സഹോദരന്‍മാരില്‍ നിന്നും എന്നു വേണ്ട ഭാര്യാ സന്താനങ്ങളില്‍ നിന്നു വരെ അകലുന്നു. അതു കൊണ്ട് കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്ന മാരണക്കാരനില്‍ നിന്നു അകന്നു നില്‍ക്കാന്‍ നമുക്ക് പ്രചാരണം നടത്താം’.
വലീദിന്റെ അഭിപ്രായത്തോട് എല്ലാവരും യോജിക്കുകയും തത്ഥടിസ്ഥാനത്തില്‍ വിപുലമായ പ്രചാരണപരിപാടികള്‍ നടക്കുകയും ചെയ്തു.
പ്രവാചകന്‍ ഭ്രാന്തനോ കവിയോ ആഭിചാരകനോ അല്ലെന്നും അദ്ദേഹം ഓതി കേള്‍പ്പിക്കുന്ന ഖുര്‍ആന്‍ അര്‍ത്ഥ സമ്പുഷ്ടവും ഉത്തമ ഫലദായകവുമാണെന്നും തികഞ്ഞ ബോധ്യമുണ്ടായിട്ടും സ്വന്തം മനസാക്ഷിയെ വഞ്ചിച്ചു കൊണ്ട് ഖുറൈശീ സമൂഹത്തിലെ സ്ഥാന മാനങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു വലീദ്.
അയാള്‍ക്കു അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളൊന്നും തന്നെ ദൈവവചനത്തെ സത്യപ്പെടുത്താന്‍ അദ്ദേഹത്തെ പ്രേരപ്പിച്ചില്ലെന്നു മാത്രമല്ല കടുത്ത നിഷേധത്തിന്റെ മാര്‍ഗത്തിലേക്ക് ബോധപൂര്‍വ്വം വഴി മാറി പോവുകയും ചെയ്തു. സ്വയം നിഷേധിയായതും പോരാഞ്ഞിട്ട് ജനങ്ങളെ ദൈവമാര്‍ഗത്തില്‍ നിന്നും തടയുന്ന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുക കൂടി ചെയ്തു അദ്ദേഹം. വലീദിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ച് ഖുര്‍ആന്‍ അവതരിച്ചു.
‘കാഹളം ഊതപ്പെട്ടാല്‍ ,അത് വളരെ പ്രയാസമേറിയ ഒരു നാളായിരിക്കും. സത്യ നിഷേധികള്‍ക്ക് എളുപ്പമല്ലാത്ത ഒരു ദിവസം! ഞാന്‍ തനിച്ചു സൃഷ്ടിച്ച ആ വ്യക്തിയെ എനിക്കു വിട്ടേക്കൂ. ഞാനവന് സമൃദ്ധമായി സമ്പത്തേകി. അവനോടൊപ്പം സന്നദ്ധരായി നിലകൊളളുന്ന പുത്രന്‍മാരെ നല്‍കി. അവന് നേതൃത്വത്തിലേക്ക് വഴിയൊരുക്കിക്കൊടുത്തു. പിന്നെ അവന്‍ മോഹിക്കുന്നു. ഞാന്‍ ഇനിയും അവന് വര്‍ധിപ്പിച്ചു കൊടുക്കണമെന്ന്. അല്ല തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാല്‍സര്യം കാണിക്കുന്നവനായിരിക്കുന്നു. അടുത്തു തന്നെ ഞാനവനെ പ്രയാസത്തിലകപ്പെടുത്തുന്നുണ്ട്. അവന്‍ ആലോചിച്ചു. ചിലതു ചെയ്യാന്‍ നിശ്ചയിക്കുകയും ചെയ്തു. അപ്പോള്‍ അവന്റെ മേല്‍ ദൈവ ശാപം ഭവിച്ചു. എവ്വിധമുളളതാണവന്‍ ചെയ്യാന്‍ തുനിഞ്ഞത്! അതെ അവന്റെ മേല്‍ ദൈവശാപം ഭവിച്ചു. എന്തൊരു കാര്യമാണവന്‍ നടത്താന്‍ ശ്രമിച്ചത്. പിന്നെ അവന്‍ (ജനത്തെ) വീക്ഷിച്ചു. എന്നിട്ട് നെറ്റിചുളിക്കുകയും മുഖം കോട്ടുകയും ചെയ്തു. പിന്നെ പിന്തിരിഞ്ഞ് നിഷേധിച്ചു. എന്നിട്ട് പറഞ്ഞു:ഇത് പരമ്പരാഗതമായ ആഭിചാരമല്ലാതൊന്നുമല്ല. ഇത് മനുഷ്യവചനം മാത്രം. അടുത്തു തന്നെ നാമവനെ നരകത്തില്‍ തളളുന്നുണ്ട്.
(വിശുദ്ധ ഖുര്‍ആന്‍ അധ്യായം 118 സൂറ അല്‍മുദ്ദസിര്‍ 8-11)
‘ഖുര്‍ ആനോടൊപ്പം’
ഒന്നാം ഭാഗം ഇവിടെ വായിക്കാം

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss