|    Apr 23 Mon, 2018 5:20 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പരവൂര്‍ വെടിക്കെട്ടപകടത്തിന് മൂന്നുമാസം; ജുഡീഷ്യല്‍ അന്വേഷണം തുടങ്ങിയില്ല

Published : 10th July 2016 | Posted By: SMR

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: രാജ്യത്തെ നടുക്കിയ പരവൂര്‍ വെടിക്കെട്ട് അപകടം നടന്നിട്ട് ഇന്ന് മൂന്നുമാസം തികയുന്നു. 109 പേര്‍ മരണപ്പെട്ട അപകടത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ആരംഭിക്കാനായില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതാണ് അന്വേഷണത്തിന് കാലതാമസം ഉണ്ടാവാന്‍ കാരണം.
റിട്ട. ഹൈക്കോടതി ജഡ്ജി എന്‍ കൃഷ്ണന്‍നായരെയാണ് ജുഡീഷ്യല്‍ അന്വേഷണത്തിനായി നിയമിച്ചിരിക്കുന്നത്. അപകടം നടന്നയുടന്‍ കൊല്ലത്തുചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ഏപ്രില്‍ 26ന് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ആറുമാസത്തിനുള്ളില്‍ ദുരന്തത്തിലേക്കു നയിച്ച കാരണങ്ങള്‍ അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, സംഭവം നടന്ന് മൂന്നുമാസമായിട്ടും അന്വേഷണം ആരംഭിച്ചിട്ടില്ല. ഓഫിസും ആവശ്യമായി ജീവനക്കാരെയും സര്‍ക്കാര്‍ ലഭ്യമാക്കാത്തതാണ് അന്വേഷണത്തിനു തിരിച്ചടിയായത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കമ്മീഷന്‍ സര്‍ക്കാരിലേക്കു കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നാണു വിവരം. ഇനി ഓഫിസും ആവശ്യത്തിന് ജീവനക്കാരെയും ലഭിച്ച ശേഷം അന്വേഷണം ആരംഭിച്ചാല്‍ തന്നെ മൂന്നുമാസം മാത്രമാണ് കമ്മീഷനു മുന്നില്‍ ശേഷിക്കുന്നത്.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ തെളിവെടുപ്പു പൂര്‍ത്തിയായി. ക്രൈംബ്രാഞ്ച് അന്വേഷണവും അവസാനഘട്ടത്തിലാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലായതിനാല്‍ പഴുതുകളടച്ചുള്ള അന്വേഷണം തന്നെയാണു നടക്കുന്നത്. കുറ്റപത്രം തയ്യാറാക്കുന്ന ജോലികളും യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. നേരത്തെ ഹൈക്കോടതിയും 90 ദിവസത്തിനകം കുറ്റപത്രം നല്‍കാനാവുമോ എന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ആരാഞ്ഞിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കുറ്റപത്രം അതിവേഗത്തില്‍ തയ്യാറാക്കുന്നത്. ആദ്യ അറസ്റ്റ് നടന്ന 90 ദിവസം പൂര്‍ത്തിയാവുന്ന നാളെയ്ക്കകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. എന്നാല്‍, ഇതിനുള്ള സാധ്യത കുറവാണെന്നാണു വിവരം. ഇങ്ങനെ സംഭവിച്ചാല്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം നേടുന്നതിന് ഇത് അവസരമാവും.
കേസില്‍ 43 പ്രതികളാണ് ഉള്ളത്. ഇവരെല്ലാം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. ഇതില്‍ 36 പേര്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യത്തിനു ശ്രമിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഏപ്രില്‍ 10നു പുലര്‍ച്ചെ മൂന്നോടെ നടന്ന വെടിക്കെട്ടപകടത്തില്‍ 109 പേരാണു മരിച്ചത്. ഇതില്‍ 108 പേരെ തിരിച്ചറിഞ്ഞ് മൃതദേഹങ്ങളും ദേഹഭാഗങ്ങളും അവകാശികള്‍ക്കു കൈമാറി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന തിരിച്ചറിയപ്പെടാത്ത ഒരു മൃതദേഹം കഴിഞ്ഞ ദിവസം പോലിസ് ഏറ്റുവാങ്ങി പോളയത്തോട് ശ്മശാനത്തില്‍ സംസ്‌കരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss