|    Aug 16 Thu, 2018 1:42 am
FLASH NEWS

പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രം: അഡ്മിനിസ്‌ട്രേറ്ററുടെ നിയമനം ഹൈക്കോടതി റദ്ദാക്കി; പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാന്‍ അനുമതി

Published : 20th October 2016 | Posted By: SMR

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഇടപെട്ട് ക്ഷേത്രം തന്ത്രി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച ഉത്തരവ് പിന്‍വലിച്ചു. പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാനും ഹൈക്കോടതി ഡിവിഷഷന്‍ ബഞ്ച് അനുമതി നല്‍കി. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയത്.ക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ 110 പേര്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് ക്ഷേത്ര മാനേജിങ് കമ്മിറ്റി ഭാരവാഹികളില്‍ ഭൂരിഭാഗവും അറസ്റ്റ് ചെയ്യപ്പെട്ട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്യപ്പെട്ടു.ഇതേതുടര്‍ന്ന് ക്ഷേത്രഭരണവും ദൈനംദിന പ്രവര്‍ത്തനങ്ങളും അനിശ്ചിതത്വത്തിനായതിനെ തുടര്‍ന്നാണ് ഹൈക്കോടതി തന്നെ ഇടപെട്ട് ക്ഷേത്രം തന്ത്രി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത്. ഈ ഉത്തരവാണ് ഇപ്പോള്‍ പിന്‍വലിച്ചത്. ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനും പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള പൂര്‍ണ ചുമതലയും കോടതി നിലവിലുള്ള ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. ഇനി ദേവസ്വം പൊതുയോഗം കൂടി പുതിയ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള തീരുമാനം എടുത്ത് ജില്ലാ കോടതിയെ അറിയിക്കണം. തുടര്‍ നടപടികളും തിരഞ്ഞെടുപ്പ് വിജ്ഞാപനവും നടത്തുന്നത് ജില്ലാ കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും. ക്ഷേത്രത്തിലേയ്ക്ക് 15 അംഗ ഭരണസമിതിയെയാണ് തിരഞ്ഞെടുക്കുന്നത്. കുറുമണ്ടല്‍, കോങ്ങാല്‍, കൂനയില്‍, പൊഴിക്കര എന്നീ നായര്‍ കരയോഗങ്ങളില്‍ നിന്ന് രണ്ട് പ്രതിനിധികള്‍ വീതം, ഈ കരകളില്‍ നായരിതര ഹിന്ദുക്കളുടെ ഓരോ പ്രതിനിധികള്‍ വീതം, ശാന്തി കുടുംബത്തില്‍ നിന്നുള്ള മൂന്ന് പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്നതാണ് ഭരണസമിതി. അതേസമയം ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട് ദുരന്തം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന് സംഭവം നടന്ന് ആറുമാസം കഴിഞ്ഞിട്ടും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്നുമാസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നായിരുന്നു അന്വേഷണ സംഘം ആദ്യംമുതലേ പറഞ്ഞിരുന്നു. ഇത് സാധിക്കാത്തതിനാല്‍ അറസ്റ്റിലായവര്‍ക്കെല്ലാം ഹൈക്കോടതി ജാമ്യം അനുവദിക്കുകയുണ്ടായി. പ്രധാനപ്പെട്ട ചിലര്‍ക്കെതിരേ കുലക്കുറ്റം ഉള്‍പ്പെടെ ചുമത്തി അന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈംബ്രാഞ്ച് എസ്പി ജി ശ്രീധരന്‍ കുറ്റപത്രം തയാറാക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയുണ്ടായി. എന്നാല്‍ ഈ കുറ്റപത്രത്തിന്റെ വിശദമായ പരിശോധനയില്‍ നിരവധി പോരായ്മകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അത് പരിഹരിച്ച് കുറ്റമറ്റതായ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. ഈ കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അഭ്യര്‍ഥനയില്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയും ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കേസിന്റെ പബ്ലിക് പ്രോസിക്യൂട്ടറായി പാരിപ്പള്ളി രവീന്ദ്രനെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss