|    Jan 19 Thu, 2017 3:49 am
FLASH NEWS

പരവൂര്‍: കരാറുകാരന്‍ പോലിസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു

Published : 18th April 2016 | Posted By: SMR

kollam

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രോല്‍സവത്തിലെ വെടിക്കെട്ടിന്റെ കരാറുകാരില്‍ ഒരാളായ വര്‍ക്കല സ്വദേശി കൃഷ്ണന്‍കുട്ടി പോലിസിനെ കബളിപ്പിച്ചു രക്ഷപ്പെട്ടു. ഭാര്യ അനാര്‍ക്കലിക്കൊപ്പം കൊച്ചി സൗത്തിലെ ലോഡ്ജിലായിരുന്നു ഇയാള്‍ തങ്ങിയിരുന്നത്.
ഇക്കാര്യമറിഞ്ഞ ക്രൈംബ്രാഞ്ച് എറണാകുളം പോലിസിന് വിവരം കൈമാറി. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തുന്നതിന് 10 മിനിറ്റ് മുമ്പ് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിലാണ് കൃഷ്ണന്‍കുട്ടിയും അനാര്‍ക്കലിയും. ഇതിനുവേണ്ടിയാണ് ഇവര്‍ എറണാകുളത്ത് എത്തിയതെന്നും അന്വേഷണസംഘത്തിന് ബോധ്യമായി. രണ്ടുദിവസം മുമ്പ് കൃഷ്ണന്‍കുട്ടിയുടെ സഹോദരന്‍ കൊച്ചുമണിയെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് നീക്കം ഊര്‍ജിതമാക്കുകയായിരുന്നു.
നേരത്തേ വെടിക്കെട്ട് അപകടത്തില്‍ കൃഷ്ണന്‍കുട്ടി മരിച്ചതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, കൊച്ചുമണിയുടെ മൊഴിയില്‍നിന്നു കൃഷ്ണന്‍കുട്ടി ജീവനോടെയുണ്ടെന്ന് സ്ഥിരീകരിച്ചു.
അതിനിടെ, ഇയാളുടെ സഹായികളായ രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തു. കലക്ടറുടെ ചേംബറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. വെടിക്കെട്ടിനുള്ള അനുമതി, ക്ഷേത്ര ഭാരവാഹികളുമായുള്ള കൂടിക്കാഴ്ച എന്നിവ സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, വെടിക്കെട്ട് അപകടത്തില്‍ ചിന്നിച്ചിതറിയ മുഴുവന്‍ ശരീരഭാഗങ്ങളുടെയും ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനമായി. ആദ്യഘട്ടത്തില്‍ ഒമ്പതു മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിരുന്നു. 150ഓളം ശരീരഭാഗങ്ങളാണ് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ എത്തിച്ചിരിക്കുന്നത്.


ഇതിനാവശ്യമായ ബന്ധുക്കളുടെ സാംപിളുകള്‍ ഇതുവരെ കിട്ടിയിട്ടില്ല. ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. പിന്നീട് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയാല്‍ ശരീരഭാഗങ്ങള്‍ തിരിച്ചറിയാനാണിത്. ദുരന്തത്തിനുശേഷം കാണാനില്ലെന്ന പരാതിയുമായി 21 പേരുടെ ബന്ധുക്കളാണ് പോലിസിനെ സമീപിച്ചിരുന്നത്. ഇതില്‍ ഒമ്പതുപേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരാളുടെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രണ്ടുപേരുടെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ഒരാളുടെയും മൃതദേഹങ്ങളാണ് തിരിച്ചറിയാനായി അവശേഷിക്കുന്നത്.
മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന അനില്‍കുമാറി(44)ന്റെ മൃതദേഹം ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വിട്ടുകൊടുത്തു. എന്നാല്‍, കാണാനില്ലെന്നു പരാതി നല്‍കിയവര്‍ രക്തം നല്‍കാന്‍ തയ്യാറാവാത്തത് പരിശോധനയ്ക്ക് തടസ്സമാവുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 116 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക