|    Jun 19 Tue, 2018 10:49 am
FLASH NEWS
Home   >  Todays Paper  >  page 11  >  

പരമ്പര റാഞ്ചാന്‍ ഇന്ത്യ ഇന്ന് റാഞ്ചിയില്‍

Published : 26th October 2016 | Posted By: SMR

റാഞ്ചി: ഇന്ത്യ- ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ നാലാം മല്‍സരം ഇന്ന് റാഞ്ചിയില്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ സ്വന്തം തട്ടകത്തി ല്‍ നടക്കുന്ന നാലാം മല്‍സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര നേടാം. മൂന്നാം മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ഇന്ത്യ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-1നു മുന്നിലാണ്. ജയത്തോടെ പരമ്പര നേടാന്‍ ഇന്ത്യയും പരമ്പരയില്‍ സമനില പിടിക്കാന്‍ കിവീസും കളത്തിലിറങ്ങുമ്പോള്‍ റാഞ്ചിയിലെ മല്‍സരം കടുക്കും.
മികച്ച യുവതാര നിരയുണ്ടെങ്കിലും സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍ ടീമിന് തിരിച്ചടിയാവുന്നുണ്ട്. മധ്യനിരയില്‍ കേദാര്‍ യാദവിന്റെ ഓള്‍റൗണ്ട് പ്രകടനം ഇന്ത്യന്‍ ടീമിന് കഴിഞ്ഞ മല്‍സരങ്ങളില്‍ നിര്‍ണായകമായിരുന്നു. വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അവിസ്മരണീയ ബാറ്റിങും ക്യാപ്റ്റന്‍ ധോണി ഫോമിലേക്ക് മടങ്ങിയെത്തിയതും ടീമിന് അത്മവിശ്വാസം ന ല്‍കുന്നുണ്ട്.
എന്നാല്‍ ഓപണിങ്ങില്‍ ഇന്ത്യ നേരിടുന്ന പരാജയം ടീമിന് കനത്ത തിരിച്ചടിയാണ്. രോഹിത് ശര്‍മ ഉത്തരവാദിത്തമില്ലാതെ ബാറ്റുവീശി പുറത്താവുമ്പോള്‍ അനാവശ്യ ഷോട്ടുകള്‍ കളിച്ച് അജിന്‍ക്യ രഹാനെയും വിക്കറ്റ് തുലയ്ക്കും. ടെസ്റ്റില്‍ 51.37 ശരാശരിയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന രഹാനെയുടെ ഏകദിനമല്‍സരങ്ങളിലെ റെക്കോഡുകള്‍ അത്ര മികച്ചതല്ല. ഏകദിനത്തില്‍ 32.75 ശരാശരി മാത്രമുള്ള രഹാനെയ്ക്ക് പകരം ഓപണിങ്ങില്‍ കളിപ്പിക്കാന്‍ മറ്റൊരു താരമില്ലാത്തതും ഇന്ത്യക്ക് തിരിച്ചടിയാണ്.  ഓപണര്‍മാരായ ലോകേഷ് രാഹുലും ശിഖാര്‍ ധവാനും പരിക്കുമൂലം വിശ്രമത്തിലാണ്.
അവസാന മല്‍സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനവും അത്ര മികച്ചതായിരുന്നില്ല. സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാരായ ഉമേഷ് യാദവും ജസ്പ്രീത് ബുംറയും ലൈനും ലെങ്തും കണ്ടെത്താനാകാതെ കുഴങ്ങുകയാണ്. അവസാന ഓവറുകളില്‍ വിക്കറ്റ് നേടി റണ്ണൊഴുക്കു തടയാനും ഇവര്‍ക്കാവുന്നില്ല.
പാര്‍ട്‌ടൈം സ്പിന്നര്‍ യാദവിന്റെ പ്രകടനം ഇന്ത്യക്കു നിര്‍ണായകമാവുന്നുണ്ട്. അമിത് മിശ്ര അവസരത്തിനൊത്തുയരുന്നുണ്ടെങ്കിലും അക്ഷര്‍ പട്ടേലിന് മികച്ച പിന്തുണ നല്‍കാ ന്‍ കഴിയുന്നില്ല. പരിക്ക് ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയാണ്. ബൗളിങില്‍ ഭുവനേശ്വര്‍ കുമാറിനും മുഹമ്മദ് ഷമിക്കും പരിക്കു പറ്റിയത് കാര്യമായി അലട്ടുന്നുണ്ട്.
ഒരു വര്‍ഷത്തിനുശേഷം ദേശീയ ടീമില്‍ മടങ്ങിയെത്തിയെങ്കിലും വൈറല്‍ പനി ബാധയെത്തുടര്‍ന്ന് സുരേഷ് റെയ്‌നയെ പരമ്പരയില്‍ നിന്ന് ഒഴിവാക്കി.
ന്യൂസിലന്‍ഡ് ടീമും ഒരുങ്ങിത്തന്നെയാവും നാലാം മല്‍സരത്തിനിറങ്ങുക. ഓപണര്‍ മാര്‍ട്ടി ന്‍ ഗുപ്റ്റിലും പരിചയസമ്പന്നനായ റോസ് ടെയ്‌ലറും ഫോമിലേക്കുയര്‍ന്നത് ടീമിന് ആശ്വാസമാണ്.
വാലറ്റത്ത് ജിമ്മി നിഷാം നടത്തിയ പ്രകടനവും ടീമിന് കരുത്താവുന്നുണ്ട്. ജയത്തോടെ പരമ്പരയില്‍ സമനില പിടിക്കാനാവും കിവീസ് ഇറങ്ങുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss