|    Aug 21 Mon, 2017 5:38 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പരമ്പര തൂത്തുവാരാന്‍ ഇന്ത്യ പല്ലക്കലെയില്‍

Published : 12th August 2017 | Posted By: fsq

 

പല്ലക്കലെ: ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ അവസാന മല്‍സരം ഇന്ന്. കാന്‍ഡി പല്ലക്കലെയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാവിലെ 9.30 മുതലാണ് മല്‍സരം. ആദ്യത്തെ രണ്ട് ടെസ്റ്റും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റ് 304 റണ്‍സിന് ജയിച്ച ഇന്ത്യ, കൊളംബോ ടെസ്റ്റില്‍ ഇന്നിങ്‌സിനും 53 റണ്‍സിനും ജയം കൊയ്തു. അവസാന ടെസ്റ്റും കൂടി ജയിച്ച് പരമ്പര തൂത്തുവാരാനാവും ഇന്ത്യ ഇന്നിറങ്ങുക. ശ്രീലങ്കയ്‌ക്കെതിരായ ഈ ടെസ്റ്റും ജയിച്ചാല്‍ അപൂര്‍വ റെക്കോഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സ്വന്തമാക്കും. പല്ലക്കലെയിലെ ടെസ്റ്റ് കൂടി ജയിച്ചാല്‍ പരമ്പര ക്ലീന്‍ സ്വീപ്പ് എന്ന ഇന്ത്യന്‍ റെക്കോഡാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. മുഴുവന്‍ സമയ ക്യാപ്റ്റനായതിന് ശേഷം തുടര്‍ച്ചയായി എട്ട് പരമ്പര വിജയങ്ങളാണ് കോഹ്‌ലി ഇന്ത്യയ്ക്ക് നേടിത്തന്നത്. പരമ്പര തൂത്തുവാരാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ ശ്രീലങ്കയുടെ നില പരുങ്ങലിലാണ്. മികച്ച താരങ്ങള്‍ ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത് ആതിഥേയരുടെ കരുത്ത് ചോര്‍ത്തിയിട്ടുണ്ട്. പരിചയസമ്പന്നരായ രങ്കണ ഹെറാത്ത്, നുവാന്‍ പ്രദീപ്, ആഷ്‌ലെ ഗുണരത്‌ന എന്നിവരുടെ സേവനം ശ്രീലങ്കയ്ക്ക് ലഭിക്കില്ല. ശ്രീലങ്കയുടെ ഒന്നാം നമ്പര്‍ ബൗളറായ ഹെറാത്ത് പരിക്കുമൂലം മൂന്നാം ടെസ്റ്റിനിറങ്ങില്ല. കൊളംബോയിലെ രണ്ടാം ടെസ്റ്റില്‍ 17.4 ഓവറിനുശേഷം പരിക്കിനെ തുടര്‍ന്ന് പിന്മാറിയ പേസര്‍ നുവാന്‍ പ്രദീപും മൂന്നാം ടെസ്റ്റിനുണ്ടാവില്ല. ആഷ്‌ലെ പരിക്ക് മൂലം നേരത്തെ തന്നെ പരമ്പരയില്‍ നിന്ന് പുറത്തായിരുന്നു. ഹെറാത്തും പ്രദീപും ഇല്ലാത്ത ശ്രീലങ്കന്‍ ബൗളിങ്ങിന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ പിടിച്ചുകെട്ടാനാവില്ലെന്ന് ഉറപ്പാണ്. തുടര്‍ച്ചയായി തോല്‍വി നേരിടുന്നതും ടീമിന്റെ ആത്മവിശ്വാസം കെടുത്തിയിട്ടുണ്ട്. അതേസമയം, ശ്രീലങ്കയേക്കാള്‍ ഏറെ മുന്നിലുള്ള ഇന്ത്യക്ക് ആകെയുള്ള തിരിച്ചടി സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവമാണ്. ക്രിക്കറ്റ് മര്യാദ ലംഘിച്ചതിന് ഐസിസി വിലക്കേര്‍പ്പെടുത്തിയ ജഡേജയ്ക്ക് പകരം അക്‌സര്‍ പട്ടേലാണ് ഇന്ത്യന്‍ ടീമിലുള്ളത്. അക്‌സറിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും അവസാന ടെസ്റ്റില്‍ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് അന്തിമ ഇലവനില്‍ അവസരം നല്‍കാന്‍ സാധ്യതയുണ്ട്. ആദ്യ രണ്ട് ടെസ്റ്റിലും കുല്‍ദീപിന് അവസരമുണ്ടായിരുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക