|    Apr 27 Fri, 2018 12:52 am
FLASH NEWS
Home   >  Editpage  >  Editorial  >  

പരമ്പരാഗത രാഷ്ട്രീയത്തെ ധിക്കരിച്ചുകൊണ്ട് ദലിതുകള്‍

Published : 16th September 2016 | Posted By: SMR

സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള പട്ടികജാതി ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കില്ലെന്ന, ഗുജറാത്തില്‍ ദലിതുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ജിഗ്‌നേഷ് മേവാനിയുടെ നിലപാട് ദലിത് വിഭാഗങ്ങള്‍ക്കിടയിലെ നവജാഗരണത്തിന്റെയും സ്വത്വരാഷ്ട്രീയത്തിന്റെയും നിദര്‍ശനമായിട്ടാണ് വിലയിരുത്തപ്പെടേണ്ടത്. പരമ്പരാഗത രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ദലിത് വിഭാഗങ്ങള്‍ക്കും ആദിവാസികള്‍ക്കും പ്രാതിനിധ്യം നിഷേധിച്ചുകൊണ്ട് അവരെ വെറും വോട്ടര്‍മാര്‍ മാത്രമായി കാണുന്നതിനെതിരേ സമീപകാലത്തായി ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ രോഹിത് വെമുലയുടെ ആത്മഹത്യയോടെയാണ് തനതായ ദലിത് മുന്നേറ്റത്തിന്റെ ശക്തമായ ലക്ഷണങ്ങള്‍ രാജ്യത്തെങ്ങും കണ്ടുതുടങ്ങിയത്. ഡല്‍ഹിയിലെ ജെഎന്‍യുവില്‍ ഉണ്ടായ പ്രക്ഷോഭം അത്തരം പരിവര്‍ത്തനത്തിന്റെ തുടര്‍ച്ചയായിരുന്നു.
ബിജെപിയും കോണ്‍ഗ്രസ്സും വിപ്ലവവായ്ത്താരിയില്‍ മുമ്പില്‍ നില്‍ക്കുന്ന പരമ്പരാഗത ഇടതുപക്ഷ പ്രസ്ഥാനങ്ങളും തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാനുള്ള കീഴാളരായി ദലിതുകളെ നിലനിര്‍ത്തുന്നു. അത് യഥാര്‍ഥ ദലിത് മോചനത്തെ തടസ്സപ്പെടുത്തുന്നുവെന്നു കാഞ്ച ഐലയ്യ, വി ടി രാജ്‌ശേഖര്‍ തുടങ്ങിയ ചിന്തകര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. പലപ്പോഴും ന്യൂനപക്ഷങ്ങള്‍ അടക്കമുള്ള പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുമായി ക്രിയാത്മകമായ രാഷ്ട്രീയസഖ്യം ഉണ്ടാക്കുന്നതില്‍ നിന്നു ദലിതുകളെ തടയുകയെന്നതും അത്തരം പാര്‍ട്ടികളുടെ ലക്ഷ്യത്തില്‍ പെട്ടിരുന്നു. ഇടതുപക്ഷം എപ്പോഴും ചില സാമൂഹികശാസ്ത്ര സങ്കല്‍പങ്ങളുടെ തടവില്‍ കഴിയുന്നതിനാല്‍ ജാതിവ്യവസ്ഥയുടെ ക്രൂരതയും കാഠിന്യവും നിഷേധിച്ചുകൊണ്ടാണ് വര്‍ഗസമര മുദ്രാവാക്യവുമായി മുന്നോട്ടുനീങ്ങിയത്. ബിജെപി ഫാഷിസ്റ്റ് പ്രസ്ഥാനമല്ലെന്ന നിലപാടുമായി സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി കാരാട്ട് രംഗത്തിറങ്ങിയതിലും ഈ കര്‍മശാസ്ത്ര വ്യാഖ്യാനങ്ങളുടെ സ്വാധീനം ദൃശ്യമാണ്.
അത്തരം തടവറകളില്‍ നിന്നുള്ള മോചനത്തിന്റെ സൂചനയാണ് മേവാനിയുടെയും സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഗുജറാത്തിനെ ഇളക്കിമറിച്ചുകൊണ്ട് നടന്ന അസ്മിതാ റാലി. 2002ലെ വംശഹത്യയില്‍ മുസ്‌ലിംകളെ കൊല ചെയ്തവരില്‍ ദലിതുകളും ഉണ്ടായിരുന്നുവെങ്കില്‍ ഗുജറാത്തില്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന മുദ്രാവാക്യങ്ങളില്‍ ഏറ്റവും പ്രധാനമായത് ദലിത്-മുസ്‌ലിം സഖ്യത്തെ സംബന്ധിച്ചുള്ളതായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സ്പര്‍ശിക്കാന്‍ മടിക്കുന്ന ദേശീയപ്രശ്‌നങ്ങളാണ് ദലിതുകള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
ഇടതുപക്ഷത്തിന്റെ മുദ്രാവാക്യങ്ങള്‍ ദലിതുകള്‍ ക്രമേണ ഉപേക്ഷിക്കുകയാണെന്നതിന്റെ തെളിവുകള്‍ മറ്റു പലയിടത്തും കാണുന്നുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ഇപ്രാവശ്യം രണ്ടാം സ്ഥാനത്തെത്തിയത് ദലിത് വിദ്യാര്‍ഥി സംഘടനയാണ്. അതുവരെ ശത്രുക്കളായിരുന്ന എസ്എഫ്‌ഐയും ഐസ എന്ന നക്‌സലൈറ്റ് വിദ്യാര്‍ഥി സംഘടനയും തമ്മില്‍ കൈകോര്‍ത്തുപിടിച്ചതുകൊണ്ടായിരുന്നു അത്. വലതുപക്ഷ ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനയെ തോല്‍പിക്കാനാണ് സഖ്യം ചേര്‍ന്നതെന്നു വിശദീകരണം വന്നുവെങ്കിലും അതായിരുന്നില്ല യാഥാര്‍ഥ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss