|    Oct 18 Thu, 2018 4:45 pm
FLASH NEWS

പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കും: ജില്ലാ കലക്ടര്‍

Published : 15th March 2018 | Posted By: kasim kzm

മലപ്പുറം: ജില്ലയില്‍ ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നവര്‍ക്കു പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കുമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ഇതിനായി എല്ലാ വിഭാഗം ആളുകളുടെയും സഹകരണം ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. 1956 ലെ ദേശീയപാത ആക്ട് പ്രകാരമാണു ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കുക. അതേസമയം, ഭൂമിയുടെയും മറ്റും നഷ്ടപരിഹാര തുക നിശ്ചയിക്കുന്നത് 2013 ലെ ഭൂമി എറ്റെടുക്കലും പുനരധിവാസ നിയമ പ്രകാരവുമാണ്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ത്രിഎ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഗസറ്റില്‍ വന്നു കഴിഞ്ഞു. ഇതു പ്രകാരം ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച വിജ്ഞാപനം രണ്ടു പ്രമുഖ മലയാള ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏറ്റെടുക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ടവര്‍ക്ക് പരാതിയുള്ള പക്ഷം ഏപ്രില്‍ മൂന്ന് വൈകീട്ട് അഞ്ചിനകം കോട്ടക്കല്‍ ദേശീയപാതാ വിഭാഗം ഡെപ്യുട്ടി കലക്ടര്‍ക്ക് രേഖാമൂലം പരാതി സമര്‍പ്പിക്കണം. പരാതി നല്‍കുന്നവരെ നേരില്‍ കേട്ടതിനുശേഷം മാത്രമെ പരാതിയില്‍ അന്തിമ തീരുമാനം എടുക്കൂ. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥന്റെ നടപടി അന്തിമമായിരിക്കും. സര്‍വേ പ്രവര്‍ത്തനങ്ങളും ഹിയറിങും പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ 3ഡി പ്രഖ്യാപനം ഉണ്ടാവുകയുള്ളു.
ഏറ്റെടുക്കുന്ന ഭൂമിക്ക് സമാനമായി അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ത്രിഎ വിജ്ഞാപനം വന്ന തിയ്യതിക്ക് മുമ്പ് മൂന്നു വര്‍ഷത്തെ ഭൂമി കൈമാറ്റ വിലകളും പരിശോധിച്ചിരുന്നു. ഏറ്റവും കൂടുതല്‍ വില കാണിച്ച പകുതിയോളം ആധാരങ്ങളിലെ ശരാരി വിലയാണു നിയമ പ്രകാരം വിപണി വിലയായി നല്‍കുക. നഗര പ്രദേശങ്ങളില്‍ മാര്‍ക്കറ്റ് വിലയുടെ ഗുണന ഘടകം ഒന്നായിരിക്കും. ഗ്രാമ പ്രദേശങ്ങളില്‍ നഗരാതിര്‍ത്തിയില്‍ നിന്നുള്ള ദൂരം അനുസരിച്ചു ഗുണന ഘടകം 1.2 മുതല്‍ രണ്ടു വരെയായിരിക്കും. ഇതിനു പുറമെ കെട്ടിടങ്ങളുടെയും കാര്‍ഷിക വിളകളുടെയും വിലയും സ്വാന്തന പ്രതിഫലം കൂടി കൂട്ടിയാണു നഷ്ടപരിഹാരം കണക്കാക്കുക. പുറമെ ഭൂമി വിലയില്‍ വിജ്ഞാപനം വന്ന ദിവസം മുതല്‍ നഷ്ടപരിഹാരം നല്‍കുന്ന തിയ്യതി വരെയുള്ള ദിവസങ്ങള്‍ക്ക് 12 ശതമാനം വാര്‍ഷിക നിരക്കില്‍ വര്‍ധനയും നല്‍കുന്നതാണ്.
കെട്ടിടങ്ങളുടെ വില നിര്‍ണയിക്കുമ്പോള്‍ കാലപ്പഴക്കം പരിഗണിക്കാതെ നിലവിലെ പൊതുമരാമത്ത് നിരക്ക് പ്രകാരം കെട്ടിടം നിര്‍മിക്കുന്നതിനുള്ള തുകയാണ് നല്‍കുക. ഇതിനുപുറമെ 100 ശതമാനം സ്വന്തന പ്രതിഫലവും നല്‍കും. ഉദാഹരണമായി, നഗരാതിര്‍ത്തിയില്‍ (നഗര സഭയുടെ ബോര്‍ഡര്‍) നിന്ന് രണ്ടുകിലോ മീറ്റര്‍ ദൂരെയുള്ള ഒരു സെന്റ് ഭൂമിക്ക് മുകളില്‍ സൂചിപ്പിച്ച പ്രകാരം വിപണിവില 10 ലക്ഷവും, പ്രദേശത്ത് 30 ലക്ഷം രൂപയുള്ള കെട്ടിടവും 1 ലക്ഷം രൂപയുടെ കാര്‍ഷികവിളവും ഉണ്ടെന്നിരിക്കട്ടെ, പ്രസ്തുത കേസില്‍ വിപണി വില 12 ലക്ഷം ലഭിക്കും.
പ്രസ്തുത തുകയോട് കെട്ടിട വിലയായ 30 ലക്ഷവും കൃഷിവിളവുകളുടെ വിലയായ ഒരു ലക്ഷവും കൂട്ടുമ്പോള്‍ 43 ലക്ഷം രൂപ ലഭിക്കുന്നതാണ്. ആയതിന്റെ 100 ശതമാനം സമാശ്വാസ സഹായം കൂടിയാവുമ്പോള്‍ 86 ലക്ഷമാവും. ഈ തുക ലഭിക്കുന്നത് 3എ വിജ്ഞാപനം വന്ന് ആറു മാസം കഴിഞ്ഞാണെങ്കില്‍, വിപണി വിലയായ 10 ലക്ഷത്തിന് 60,000 രൂപ വര്‍ധനയും അനുവദിക്കും.  ഇത്തരത്തില്‍ മൊത്തമായി 86,60,000 രൂപ നഷ്ടപരിഹാരം ലഭിക്കും.
ഒരു കെട്ടിടം ഭാഗികമായി നഷ്ടപ്പെടുകയാണെങ്കില്‍ ബാക്കിയുള്ള കെട്ടിട ഭാഗം ഉടമ ആവശ്യപ്പെട്ടാല്‍ പൊളിച്ചു നല്‍കും. ആയതിനു പൊതുമരാമത്ത് വകുപ്പിന്റെ വിലനിര്‍ണയപ്രകാരമുള്ള തുകയുടെ ഇരട്ടി തുക നഷ്ടപരിഹാരമായി നല്‍കുകയും ചെയ്യും.
ദേശീയപാതയ്ക്കുവേണ്ടി കണ്ണൂരില്‍ നിലവില്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന ഭൂമിക്ക് ഒരു സെന്റിന് 3,13,000 മുതല്‍ 5,57,000 രൂപ വരെ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്.
എറണാക്കുളത്ത് കൊച്ചി മെട്രോ പാതയ്ക്കുവേണ്ടി മുകളില്‍ പറഞ്ഞ മാനദണ്ഡപ്രകാരം നഷ്ടപരിഹാരമയി സെന്റ് ഒന്നിന് 21 ലക്ഷം രൂപ വരെയും നല്‍കിയിട്ടുണ്ട്. കെട്ടിട വില കൂടാതെയാണിത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss