|    Dec 14 Fri, 2018 7:56 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

പരമമായ അധികാരം അഴിമതിയിലേക്കുള്ള ചൂണ്ടുപലക

Published : 23rd November 2018 | Posted By: kasim kzm

കൊച്ചി: പരമമായ അധികാരം അഴിമതിയിലേക്കുള്ള ചൂണ്ടുപലകയാണെന്നും നിയമസംഹിതയെ ബാധിച്ചാല്‍ അതിനേക്കാള്‍ വലിയ അപകടമില്ലെന്നും സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ജെ ചെലമേശ്വര്‍. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 12ന് വാര്‍ത്താസമ്മേളനത്തില്‍ പരമോന്നത നീതിപീഠത്തിലെ നടപടിപ്പിഴവുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, തനിക്ക് ചില അജണ്ടകള്‍ ഉണ്ടെന്ന് പറഞ്ഞ പ്രമുഖര്‍ക്ക്, അന്ന് തനിക്കൊപ്പം വന്ന് മറ്റ് മൂന്നുപേരുടെ അജണ്ടകള്‍ കൂടി വ്യക്തമാക്കാന്‍ ബാധ്യതയുണ്ടെന്നും ചെലമേശ്വര്‍ പറഞ്ഞു. നിയമവ്യവസ്ഥയുടെ വിശ്വാസ്യതയ്ക്ക് പല ഘട്ടങ്ങളുണ്ട്. ഭരണഘടനയുടെ വിശ്വാസ്യതയാണ് ഏറ്റവും പ്രധാനം. അത് സംരക്ഷിക്കാന്‍ നീതിന്യായ സംവിധാനത്തിന് വലിയ ഉത്തരവാദിത്തമുണ്ട്. നിയമവ്യവസ്ഥയനുസരിച്ചുള്ള ഔദ്യോഗിക സ്ഥാനക്കയറ്റങ്ങളുടെ നടപടിക്രമങ്ങള്‍ രേഖകള്‍ പാലിച്ചുള്ളതും സുതാര്യവുമായിരിക്കണമെന്നുണ്ട്. തന്റെ അജണ്ടയെക്കുറിച്ച് വേവലാതിപ്പെടുന്നവര്‍ ഒരു ഇംപീച്ച്‌മെന്റ് ഹരജി പരിഗണിക്കാന്‍ അസാധാരണമായി സുപ്രിംകോടതി ചേര്‍ന്നതിന്റെ അജണ്ടയെക്കുറിച്ച് എന്താണ് പറയാത്തതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ ചോദിച്ചു. പൊതുതാല്‍പര്യവിഷയങ്ങളും ഭരണഘടനയ്ക്കുനേരെ ഉയരുന്ന വെല്ലുവിളികളും ചര്‍ച്ചചെയ്യപ്പെടേണ്ടതുതന്നെതാണ്. നിശബ്ദത അനീതികളെ പ്രോല്‍സാഹിപ്പിക്കും. തുടര്‍ച്ചയായ സംവാദവും ചര്‍ച്ചയും ഉണ്ടായേ മതിയാകൂ. ഭരണഘടന പൗരന് വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ക്കു വേണ്ടിയാവണം അഭിഭാഷക സമൂഹത്തിന്റെ ശബ്ദമുയരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ എംപി പി രാജീവ് മുഖ്യപ്രഭാഷണം നടത്തി. എഐഎല്‍യു സംസ്ഥാന പ്രസിഡന്റ് അഡ്വ. സി പി സുധാകരപ്രസാദ് അധ്യക്ഷത വഹിച്ചു. യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന്‍, ജസ്റ്റിസ് ദമാ ശേഷാദ്രി നായിഡു, ജസ്റ്റിസ് വി കെ മോഹനന്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss