|    Nov 21 Wed, 2018 1:09 am
FLASH NEWS
Home   >  Districts  >  Malappuram  >  

പരപ്പില്‍താഴത്തെ മാലിന്യ നിക്ഷേപം : അനിശ്ചിതകാല നിരാഹാര സമരം പൊളിക്കാന്‍ സിപിഎം ശ്രമം

Published : 9th August 2018 | Posted By: G.A.G

കെ എം അക്ബര്‍

ചാവക്കാട്: പരപ്പില്‍താഴത്തെ നഗരസഭയുടെ ഖര മാലിന്യ സംസ്‌ക്കരണ പ്ലാന്റിനെതിരേയുള്ള നിയമ വിദ്യാര്‍ഥിനിയുടെ അനിശ്ചിതകാല നിരാഹാര സമരം പൊളിക്കാന്‍ സിപിഎം ശ്രമം. സമരം നടത്തുന്ന വിദ്യാര്‍ഥിനിയെ ഇകഴ്ത്താനും സമരത്തെ രാഷ്ട്രീയവല്‍ക്കരിച്ച് ഇല്ലാതാക്കാനും ശ്രമിച്ച സിപിഎമ്മും നഗരസഭ ഭരണാധികാരികളും അതിനു കഴിയാതെ വന്നതോടെ സമരത്തിനായി പന്തല്‍ കെട്ടിയ സ്ഥലത്തിന്റെ ഉടമയെ കണ്ട് പന്തല്‍ പൊളിച്ചുമാറ്റുന്നതിനുള്ള ശ്രമങ്ങള്‍ കൈകൊണ്ടു. ഖര മാലിന്യ സംസ്‌ക്കരണ പ്ലാന്റില്‍ ജോലി ചെയ്യുന്ന സ്ഥലമുടമകളിലൊരാളായ കേരന്റകത്ത് വീട്ടില്‍ മുഹമ്മദിന്റെ മകള്‍ റസിയ ഇന്നലെ ജോലിക്കെത്തിയപ്പോള്‍ ഇന്ന് ജോലിക്ക് വരേണ്ടതില്ലെന്നാണത്രേ അധികൃതര്‍ അറിയിച്ചത്. കൂടാതെ അനുമതിയില്ലാതേയാണ് തങ്ങളുടെ ഭൂമിയില്‍ പന്തല്‍ കെട്ടിയതെന്ന് കാണിച്ച് പോലിസില്‍ പരാതി നല്‍കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തുവത്രേ. ഇതിനുപുറമെ അനുമതി വാങ്ങാതേയാണ് പന്തല്‍ കെട്ടിയതെന്നാരോപിക്കുന്ന ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഭൂവുടമയായ തന്നോട് അനുവാദം ചോദിച്ചശേഷമാണ് സമരത്തിനായി പന്തല്‍ കെട്ടിയതെന്ന് മുഹമ്മദ് തേജസിനോട് പറഞ്ഞു. റസിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച് അന്വേഷിക്കാനെത്തിയ പോലിസിനോടും മുഹമ്മദ് പന്തല്‍ കെട്ടുന്നതിന് അനുമതി നല്‍കിയിരുന്നുവെന്നാണ് അറിയിച്ചിട്ടുള്ളത്. 20 വര്‍ഷത്തിലധികമായി നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ പരപ്പില്‍താഴത്ത് ശാസ്ത്രീയമായ രീതിയില്‍ മാലിന്യസംസ്‌കരണം നടക്കാത്തതിനാല്‍ ദുര്‍ഗന്ധവും പുഴുശല്യവും രൂക്ഷമായ സാഹചര്യത്തില്‍ പ്രദേശവാസിയും നിയമ വിദ്യാര്‍ഥിനിയുമായ സോഫിയ മിഥുന്‍ അനിശ്ചിതകാല നിരാഹാര സമരവുമായി രംഗത്തെത്തുകയായിരുന്നു. സമരം ആരംഭിച്ച് രണ്ടാം ദിനം തന്നെ സിപിഎംസിപിഐ ഒഴികേയുള്ള രാഷ്ട്രീയപാര്‍ട്ടികളും വിവിധ സാമൂഹിക സാംസ്‌ക്കാരിക സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമര പന്തലിലെത്തി. കൂടാതെ രണ്ടു പതിറ്റാണ്ടിലധികമായി തുടരുന്ന പരപ്പില്‍താഴം നിവാസികളുടെ ദുരിത ജീവിതം മാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തതോടെ സമരം ശക്തിയാര്‍ജ്ജിച്ചു. ജനകീയ സമരത്തിനോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന സിപിഎമ്മിന്റേയും നഗരസഭ അധികൃതരുടേയും നിലപാടിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന നിയമ വിദ്യാര്‍ഥിനി സോഫിയ മിഥുനെ ഡോക്ടര്‍ പരിശോധിക്കുന്നു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss