|    Dec 11 Tue, 2018 11:05 am
FLASH NEWS

പയ്യാമ്പലം ശ്്മശാനത്തില്‍ മൃദദേഹം സൗജന്യമായി സംസ്‌കരിക്കാന്‍ തീരുമാനം

Published : 16th December 2015 | Posted By: SMR

കണ്ണൂര്‍: കോര്‍പറേഷന്‍ പരിധിയില്‍ സ്ഥിരതാമസക്കാരായി മരിക്കുന്നവരുടെ മൃതദേഹം പയ്യാമ്പലം ശ്മശാനത്തില്‍ സൗജന്യമായി സംസ്‌കരിക്കാന്‍ കോ ര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഇതിനായി വികസന ഫണ്ടില്‍നിന്ന് തുക മാറ്റിവയ്ക്കും.
2016 ഏപ്രിലോടെ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. നിലവില്‍ പള്ളിക്കുന്ന് പഞ്ചായത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് ആനുകൂല്യം സൗജന്യമായിട്ടുള്ളത്. എന്നാല്‍ ഫണ്ട് ലഭിക്കുന്നതുവരെ കോര്‍പറേഷന്‍ പരിധിയിലെ മറ്റു സോണുകളില്‍നിന്നുള്ള മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിന് അതാത് സോണുകള്‍ പണമടച്ച് സൗജന്യ ആനുകൂല്യം നല്‍കാനും തീരുമാനിച്ചു. കോര്‍പറേഷനു പുറത്തുള്ളവരില്‍നിന്ന് സംസ്‌കാര ചടങ്ങിനായി നിലവില്‍ 900 രൂപയാണ് ഈടാക്കുന്നത്. ഇതിന്റെ രശീതി ബില്‍ നല്‍കുന്നത് കോര്‍പറേഷന്‍ കെട്ടിടത്തിലെ ഫ്രണ്ട് ഓഫിസ് വഴിയാക്കണമെന്ന നിര്‍ദേശം കൗണ്‍സില്‍ യോഗം എതിര്‍ത്തു. മൃതദേഹവുമായി എത്തുന്നവരെ ഇതു പ്രയാസത്തിലാക്കുമെന്നാണ് പൊതു അഭിപ്രായം.
പയ്യാമ്പലം ശ്മശാനത്തിനു സമീപത്ത് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം യോഗം അംഗീകരിച്ചു. ശ്മശാനത്തിന്റെ പുനരുദ്ധീകരണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി കൗണ്‍സിലര്‍ പി കെ രാഗേഷ് നല്‍കിയ കത്ത് യോഗം പരിഗണിച്ചു. നഗരവികസന കോര്‍പറേഷന്‍ ഫണ്ടില്‍നിന്ന് ഇതിനായി ഒരുകോടി രൂപ വകയിരുത്തിയതായി മേയര്‍ ഇ പി ലത വ്യക്തമാക്കി.
കാല്‍ടെക്‌സ് സര്‍ക്കിള്‍ വിപുലീകരണത്തിന്റെ ഭാഗമായി നേരത്തെ കണ്ണൂര്‍ നഗരസഭ ലീസിനു നല്‍കിയ പെട്രോള്‍ ബങ്ക് പിടിച്ചെടുക്കാനുള്ള നടപടികള്‍ കൗണ്‍സില്‍ അംഗീകരിച്ചു. നഗരസഭ നല്‍കിയ സ്ഥലത്തില്‍നിന്ന് വിപുലീകരണ പ്രവൃത്തിക്കായി 65 ചതുശ്രമീറ്ററാണ് ഏറ്റെടുക്കേണ്ടത്. ഈ സ്ഥലം നഗരസഭ ആവശ്യപ്പെട്ടിട്ടും വിട്ടുകിട്ടിയില്ല. ലീസ് കാലാവധി പൂര്‍ത്തിയായിട്ടില്ലെന്നാണ് ബങ്കുടമയുടെ വാദം. എന്നാല്‍, ലീസ് റദ്ദാക്കി സ്ഥലം ഉടന്‍ ഏറ്റെടുക്കാനും സര്‍ക്കാര്‍ അനുമതിക്കായി അപേക്ഷ നല്‍കാനും സെക്രട്ടറിയെ ചുമതലപ്പെടുത്തി. അതേസമയം, നിലവിലെ കോര്‍പറേഷന്‍ ഹാള്‍ വിപുലീകരിക്കുന്ന നടപടിയെച്ചൊല്ലി യോഗത്തില്‍ അഭിപ്രായഭിന്നത പ്രകടമായി.
സ്ഥിരംസമിതി അധ്യക്ഷന്‍ന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കാബിന്‍ സൗകര്യം ഏര്‍പ്പെടുത്താനും തറ ടൈല്‍സ് പാകാനുമായിരുന്നു പ്രധാന നിര്‍ദേശം. എന്നാല്‍ കോര്‍പറേഷനു പുതിയ കെട്ടിടം പണിയാന്‍ പദ്ധതിയുള്ളപ്പോള്‍ ലക്ഷങ്ങള്‍ മുടക്കി പഴയ കെട്ടിടം നവീകരിക്കേണ്ട ആവശ്യമില്ലെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. പുതിയ കെട്ടിടത്തിന് കാത്തിരിപ്പ് നീളുമെന്ന സൂചന നല്‍കി രൂപരേഖ പൂര്‍ത്തിയായിട്ടില്ലെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യോഗത്തെ അറിയിച്ചു. അജണ്ട തയ്യാറാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായി പി കെ രാഗേഷ് കുറ്റപ്പെടുത്തി.
കൗണ്‍സില്‍ ഹാളിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങിയതില്‍ സ്വകാര്യ സ്ഥാപനത്തിന് ലക്ഷങ്ങള്‍ നല്‍കാനുണ്ടെന്ന ടെഡര്‍ നടപടികളുടെ വിവരങ്ങളും പഴയ ബ്ലോക്ക് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം നല്‍കാനുള്ള വിവരങ്ങളും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും രാഗേഷ് ചൂണ്ടിക്കാട്ടി. കോര്‍പറേഷന്‍ പരിധിയിലെ സിനിമാ തിയേറ്ററുകളുടെ വിനോദനികുതി വര്‍ധിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss