|    Jul 24 Mon, 2017 10:20 pm
FLASH NEWS

പയ്യന്നൂര്‍ അക്രമം: 15 പേര്‍ കസ്റ്റഡിയിലെന്നു സൂചന

Published : 15th July 2017 | Posted By: fsq

പയ്യന്നൂര്‍: ബിജെപി-സിപിഎം അക്രമം നടന്ന പയ്യന്നൂരില്‍ പ്രതികള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ പോലിസ് റെയ്ഡ് നടത്തി. തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ പയ്യന്നൂരില്‍ ക്യാംപ് ചെയ്താണ് റെയ്ഡിനും അന്വേഷണത്തിനും നേതൃത്വം നല്‍കുന്നത്. സിഐ എം പി ആസാദിന്റെ നേതൃത്വത്തില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകരുടെ വീടുകളിലും ബന്ധുവീടുകളിലുമാണ് കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെയുമായി റെയ്ഡ് നടത്തിയത്. അതേസമയം, 15ഓളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. അതേസമയം, സിപിഎം അക്രമങ്ങളില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ബിജെപി അഭയാര്‍ത്ഥി ക്യാംപ് തുടങ്ങി. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് രാജേഷിന്റെ വീട്ടുപറമ്പില്‍ തയ്യാറാക്കിയ പന്തലിലാണ് ക്യാംപ് തുടങ്ങിയത്. ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് ബിജെപി അഭയാര്‍ത്ഥി ക്യാംപ് സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കശ്മീര്‍ ഭീകരര്‍ ചെയ്യുന്നതിന് സമാനമായ അക്രമമാണ് പയ്യന്നൂരില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തിയത്. കശ്മീര്‍ പണ്ഡിറ്റുകളോട് ഭീകരര്‍ ചെയ്ത അതേ ക്രൂരതയാണ് ഇവിടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചെയ്തത്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമമെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന രാഷ്ട്രീയ അക്രമങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ കഴിയാതെ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടിരിക്കുകയാണെന്നു ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രസ്താവിച്ചു. അക്രമം അവസാനിപ്പിക്കാന്‍ സിപിഎം, ബിജെപി കേന്ദ്ര നേതാക്കള്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക