|    Sep 21 Fri, 2018 8:14 am
FLASH NEWS

പയ്യന്നൂരില്‍ ജ്വല്ലറിയില്‍ കവര്‍ച്ച; ബാങ്കില്‍ കവര്‍ച്ചാശ്രമം

Published : 31st August 2018 | Posted By: kasim kzm

പയ്യന്നൂര്‍: പയ്യന്നൂരില്‍ ജ്വല്ലറിയില്‍ കവര്‍ച്ചയും ബാങ്കില്‍ കവര്‍ച്ചാശ്രമവും. പഴയ ബസ് സ്റ്റാന്റിനു സമീപത്തെ റൂറല്‍ ബാങ്ക്, കൈരളി ഹോട്ടല്‍, ശ്രീലക്ഷ്മി ജ്വല്ലറി എന്നിവിടങ്ങളിലാണ് കവര്‍ച്ചയും കവര്‍ച്ചാ ശ്രമവും നടന്നത്. ഇന്നലെ രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.
റൂറല്‍ ബാങ്കിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഷട്ടറിന്റെ പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഷട്ടറിന്റെ സമീപത്ത് സ്ഥാപിച്ച സിസിടിവി കാമറ തകര്‍ത്ത നിലയിലാണ്. കൈരളി ഹോട്ടലിന്റെ ഷട്ടര്‍ തുറന്ന് മോഷ്ടാക്കള്‍ അകത്ത് കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. റോഡിന് എതിര്‍വശത്തുള്ള ശ്രീലക്ഷ്മി ജ്വല്ലറിയുടെ പിന്‍ഭാഗത്തുള്ള രണ്ട് വാതിലുകളും തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.
സ്വര്‍ണ ഉരുപ്പടികള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിനുള്ളിലേക്ക് കടക്കാനാവാത്തതിനാല്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. 10,000രൂപ വിലവരുന്ന വെള്ളിയാഭരണങ്ങള്‍ മോഷണം പോയി. പയ്യന്നൂര്‍ സിഐ കെ വിനോദ്കുമാര്‍ സ്ഥലത്തെത്തി. കണ്ണൂരില്‍ നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. സമീപത്തെ സിസിടിവി കാമറകള്‍ പോലിസ് പരിശോധിക്കുന്നുണ്ട്. ബാങ്കിലെ പരിശോധനയില്‍ ഒരാള്‍ മതില്‍ ചാടിക്കടക്കുന്ന ദൃശ്യമുണ്ടെങ്കിലും വ്യക്തമല്ലെന്നാണു സൂചന. ബസ് സ്റ്റാന്റ് പരിസരത്ത് എല്ലാസമയത്തും ആളുകളുണ്ടാവുന്ന സ്ഥലത്തെ കവര്‍ച്ച ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എസ്‌ഐ കെ പി ഷൈനിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss