|    Apr 20 Fri, 2018 1:04 am
FLASH NEWS
Home   >  Kerala   >  

പയ്യന്നൂരിലെ ‘സമാധാനവാദികള്‍ക്ക്’ ആരോടാണ് ബന്ധം?

Published : 13th July 2016 | Posted By: G.A.G

IMTHIHAN-SLUG-small

കഴിഞ്ഞ കുറേ നാളുകളായി കേരളത്തിലെ മാധ്യമങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പണി കണ്ണൂരില്‍ നിന്നും കാസര്‍ക്കോടു നിന്നും കാണാതായവരുടെ തീവ്രവാദബന്ധങ്ങള്‍ ചികഞ്ഞെടുക്കലാണ്. കാണാതായവരെക്കുറിച്ച് അന്വേഷിക്കേണ്ടത് തീര്‍ത്തും ആവശ്യം തന്നെ. എന്നാല്‍ കാണാതായവരെക്കുറിച്ച് അന്വേഷിച്ച് കണ്ടെത്തുകയോ അല്ലെങ്കില്‍ അവരെക്കുറിച്ച വല്ല വിവരങ്ങള്‍ ലഭിക്കുകയോ ചെയ്യുകയും അതുവഴി ബന്ധപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുകയോ ചെയ്യുക എന്നതിനേക്കാള്‍ മാധ്യമങ്ങള്‍ക്ക് താല്‍പര്യം കണാതായവര്‍ കൊടും ഭീകരവാദികളായിരിക്കുന്നുവെന്ന് സ്ഥാപിക്കുന്നതിലാണ്.  ശാന്തിയും സമാധാനവും കളിയാടുന്ന ദൈവത്തിന്റെ സ്വന്തം നാട് അശാന്തിയുടെ കേദാരമായി മാറരുതെന്ന നിര്‍ബന്ധമാണോ അതല്ല കലക്കു വെളളത്തില്‍ മീന്‍ പിടിക്കാനുളള ശ്രമമോ?
തിങ്കളാഴ്ച രാത്രി കണ്ണൂര് ജില്ലയിലെ പയ്യന്നൂരില്‍ രണ്ടു കൊലപാതകങ്ങള്‍ നടന്നു. ഒന്നില്‍ വധിക്കപ്പെട്ടത് സംസ്ഥാന ഭരണകക്ഷിയുടെ പ്രവര്‍ത്തകനും രണ്ടാമത്തേതില്‍ കേന്ദ്ര ഭരണകക്ഷിയുടെ പ്രവര്‍ത്തകനും. കണ്ണൂരിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകങ്ങളല്ല ഇവ രണ്ടും. അവസാനത്തേതാവാന്‍ വഴിയില്ലെന്നും അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. പക്ഷേ ഇനിയും തെളിയിക്കപ്പെടേണ്ട,ദുരൂഹതകള്‍ നീക്കപ്പെടേണ്ട തിരോധാന സംഭവത്തോട് നിഴല്‍ യുദ്ധം നടത്തുന്നതിന്റെ പകുതി താല്‍പര്യം ഒരുപാട് അമ്മമാരെ തോരാത്ത കണ്ണീരിനുടമകളാക്കുന്ന, എത്രയോ യുവതികളെ അകാല വൈധവ്യത്തിലേക്കു തളളിവിടുന്ന, പിഞ്ചുബാല്യങ്ങളെ അനാഥമാക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളോട്  സംസ്ഥാനത്തെ മാധ്യമങ്ങള്‍ പ്രകടിപ്പിക്കാത്തത് എന്തുകൊണ്ട് ?
പയ്യന്നൂരിലെ സൈ്വര്യജീവിതം തകര്‍ത്തവരുടെ വിശദവിവരങ്ങളും അവരുടെ രഹസ്യ താവളങ്ങളും അവര്‍ക്ക് സംരക്ഷണം നല്‍കുന്നവരാരെന്നതും അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ സ്‌കൂപ്പുകള്‍ക്ക് വിഷയമാകാത്തത് കൊല്ലപ്പെടുന്നവരും കൊല്ലിക്കുന്നവരും ഒരേ മതവിഭാഗത്തില്‍ പെട്ടവരായതിനാല്‍ അത്തരം വാര്‍ത്തകള്‍ സെന്‍സേഷനലിസം സൃഷ്ടിക്കാന്‍ പോരാത്തതു കൊണ്ടാണോ?

JAYASANKAR

ജന്‍മഭൂമിയില്‍ പ്രസിദ്ധീകരിച്ച അഡ്വ.ജയശങ്കറിന്റെ ലേഖനം

ഉപദംശം:
തീവ്രമുസലിം വിരുദ്ധതതയും ഭൂരിപക്ഷ വര്‍ഗീയതയും മുഖമുദ്രയാക്കിയ ജന്മഭൂമി ഐസിനെതിരേ പടവെട്ടുന്നതു കണ്ടാല്‍ തോന്നും ഈ പറയുന്ന ഐസ് മുസ്ലിംകള്‍ക്ക് പെരുത്ത് ഉപകാരം ചെയ്ത കൂട്ടരാണെന്ന്. തിരക്കിനിടയില്‍ പത്രാധിപ വായിക്കാന്‍ വിട്ടുപോകുന്നതു കൊണ്ടാവാം, ഐഎസ് എന്ന സംഘടന കൊന്നൊടുക്കിയവരില്‍ തൊണ്ണൂറ്റൊമ്പത് ശതമാനവും മുസ്‌ലിംകളാണ്. ഐഎസി ന്റെ ആസ്ഥാനമായ സിറിയയില്‍ നിന്നും വിളിപ്പാടകലെയുളള ഇസ്രായേലിലേക്ക് ഐഎസ് ഇതുവരെ ഒരു മിസൈലുപോലും അയച്ചിട്ടില്ല. കേരളത്തില്‍ നിന്നും കാണാതായവര്‍ ഐഎസില്‍ ചേര്‍ന്ന്  മധ്യപൗരസ്ത്യദേശത്ത് ജൂത-ക്രൈസ്തവര്‍ക്കെതിരെ ജിഹാദിനായി പോയതാണെന്നും ഈ തീവ്രവാദികളെ ‘പന പോലെ വളര്‍ത്തിയതിന്റെ’ ഉത്തരവാദിത്വം സിപിഎമ്മിനാണെന്നും ജന്മഭൂമിയില്‍ ലേഖനമെഴുതിയ മാധ്യമവിശാരദനായ വക്കീലദ്ദേഹത്തിനും ഐഎസിന്റെ ചരിത്രം പരിശോധിക്കാന്‍ ‘തിരക്കുകാരണം’സാധിക്കാതെപോയെന്നു കരുതേണ്ടിയിരിക്കുന്നു. ഇതപര്യന്തമുളള ഐഎസിന്റെ ചരിത്രം തീര്‍ത്തും മുസ്‌ലിം വിരുദ്ധമാണ്. അതിനാല്‍ തന്നെയാണ് ഐഎസിന് ഇസ്‌ലാമുമായല്ല സയണിസവുമായാണ് ബന്ധമെന്ന് ലോകമുസ്‌ലിം നേതാക്കള്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നതും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss