|    Mar 24 Fri, 2017 11:52 am
FLASH NEWS

പയ്യന്നൂരിലെ കൊലപാതകങ്ങള്‍: അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും

Published : 13th July 2016 | Posted By: SMR

കണ്ണൂര്‍: പയ്യന്നൂരില്‍ മണിക്കൂറുകള്‍ക്കിടെ സിപിഎം, ബിജെപി പ്രവര്‍ത്തകരായ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവം പ്രത്യേകസംഘം അന്വേഷിക്കും. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ കുന്നരുവില്‍ സിപിഎം പ്രവര്‍ത്തകന്‍ സി വി ധനരാജ്(39) കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ബിജെപി-ബിഎംഎസ് പ്രവര്‍ത്തകനും പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറുമായ സി കെ രാമചന്ദ്രന്‍(50) കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് വ്യാപകമായി വീടുകള്‍ക്കു നേരെ അക്രമങ്ങളും അരങ്ങേറി. ഇരുവിഭാഗത്തിലുംപെട്ട 20ലേറെ വീടുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. വാഹനങ്ങളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു.
സംഭവമറിഞ്ഞ് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. പയ്യന്നൂരില്‍ നടന്നത് ആസൂത്രിത കൊലപാതകങ്ങളാണെന്നും പിന്നില്‍ രാഷ്ട്രീയമാണോ അല്ലയോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ലോക്‌നാഥ് ബെഹ്‌റ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. രണ്ടു കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്നും അന്വേഷിക്കും. വേണമെങ്കില്‍ കേസന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്നും ഡിജിപി പറഞ്ഞു.
പയ്യന്നൂരില്‍ സംഘര്‍ഷമുണ്ടായ പ്രദേശങ്ങളും മരണപ്പെട്ടവരുടെ വീടുകളും അദ്ദേഹം സന്ദര്‍ശിച്ചു. പ്രതികളില്‍ ചിലരെ തിരിച്ചറിഞ്ഞതായി ജില്ലാ പോലിസ് മേധാവി കോറി സഞ്ജയ് കുമാര്‍ ഗുരുദിനും അറിയിച്ചു. ഐജി ദിനേന്ദ്ര കശ്യപ്, ഡിവൈഎസ്പി അരവിന്ദാക്ഷന്‍ എന്നിവരും ഡിജിപിയോടൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ മൂന്ന് ബൈക്കിലെത്തിയ സംഘമാണ് വീടിനു മുന്നിലിട്ട് ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്. ജോലി സ്ഥലത്തുനിന്നു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ധനരാജിനെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം വീട്ടുമുറ്റത്തു തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. വീട്ടുകാരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയവരെ അക്രമിസംഘം വടിവാള്‍ വീശി ഭയപ്പെടുത്തി. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ്സാണെന്ന് സിപിഎം ആരോപിച്ചു. ഇതിന് പിന്നാലെ രാത്രി 12.30ഓടെയാണ് അന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സി കെ രാമചന്ദ്രന്‍ വെട്ടേറ്റു മരിച്ചത്. വീട്ടില്‍ അതിക്രമിച്ചെത്തിയ സംഘം വീട്ടുകാരുടെ മുന്നിലിട്ടാണ് രാമചന്ദ്രനെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.
ഇരുവരുടെയും പോസ്റ്റ്‌മോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ധനരാജിന്റെ മൃതദേഹം പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കിലും തുടര്‍ന്ന് കുന്നരു കാരന്താട് ഷേണായി മന്ദിരത്തിലും പൊതുദര്‍ശനത്തിനുവച്ച് ഉച്ച കഴിഞ്ഞു രണ്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പ്രദേശത്ത് പൂര്‍ണമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലും പുലര്‍ച്ചെയുമായി മേഖലയില്‍ വ്യാപക അക്രമമാണ് അരങ്ങേറിയത്.

(Visited 73 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക