|    Jan 16 Mon, 2017 4:48 pm

പയറുവര്‍ഗങ്ങള്‍ക്ക് വില കുത്തനെ കൂടി: ഉപഭോക്താക്കള്‍ പിന്‍വലിയുന്നു

Published : 28th October 2015 | Posted By: SMR

സി കെ ശശി ചാത്തയില്‍

ആനക്കര: പയറുവര്‍ഗങ്ങളുടെ വിലവര്‍ധനവ് ശക്തമായതോടെയും വിപണിയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ നാമമാത്രമായതോടെയും ഉപഭോക്താക്കള്‍ പിന്‍വലിഞ്ഞതോടെ കരിഞ്ചന്തക്കാരും കച്ചവടക്കാരും ആശങ്കയില്‍. പയറുവര്‍ഗങ്ങള്‍ വാങ്ങാന്‍ ആളുകള്‍ മടിക്കുന്ന സ്ഥിതി വന്നതോടെ ഉപഭോക്താക്കള്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ വ്യാപാരി സംഘടനകളും വട്ടം കറങ്ങുകയാണ്.
മാവേലി, കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി സ്‌റ്റോറുകളില്‍നിന്ന് സബ്‌സിഡിയോടെ ഇവ വാങ്ങാനും തിരക്കുകുറഞ്ഞു. കുറഞ്ഞ അളവിലേ ആളുകള്‍ വാങ്ങുന്നുള്ളൂ. വില്‍പനകുറഞ്ഞതോടെ വ്യാപാരികളും പയറുവര്‍ഗങ്ങള്‍ കടയില്‍ കൂടുതലായി സൂക്ഷിക്കുന്നില്ല. വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സംഘടനകളുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പല സ്ഥാപനങ്ങളും അടച്ചിടേണ്ട സ്ഥിതി വരുമെന്ന് ഒരു വിഭാഗം കച്ചവടക്കാര്‍ തന്നെ പറയുന്നു.
ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പ്, ചെറുപയര്‍, കടല എന്നിവയ്ക്കാണ് വില കുത്തനെ കൂടിയത്. കിലോയ്ക്ക് 80 രൂപയുണ്ടായിരുന്ന ഉഴുന്നിന് 170 രൂപയായി. 60 രൂപയുണ്ടായിരുന്ന തുവരപ്പരിപ്പിന് 180 രൂപയിലെത്തി. കടല 50ല്‍ നിന്ന് 65 ലേക്കും ചെറുപയര്‍ 90 ല്‍നിന്ന് 110 ലേക്കും ഉയര്‍ന്നു. ഒരുമാസത്തിനകമാണ് ഇത്ര വില കുതിച്ചുയര്‍ന്നത്. അതേസമയം വില കുതിച്ചുയര്‍ന്നതോടെ സബ്‌സിഡിയോടെ മാവേലിസ്‌റ്റോറുകളില്‍ ഇവ ലഭ്യമാക്കി. മാവേലിസ്‌റ്റോറില്‍ ഒരുകിലോ ഉഴുന്നിന് 66 രൂപയാണ്. തുവരപ്പരിപ്പ് 65 രൂപയ്ക്ക് ലഭിക്കും. സബ്‌സിഡിയില്ലാതെ ഇവ കിലോയ്ക്ക് 140 രൂപയിലാണ് വില്‍്പന നടത്തുന്നത്. സബ്‌സിഡിയോടെ കടല ഒരുകിലോയ്ക്ക് 43 രൂപയ്ക്കും (സബ്‌സിഡിയില്ലാതെ 64), ചെറുപയര്‍ 74 രൂപയ്ക്കും (സബ്‌സിഡിയില്ലാതെ 100) ലഭിക്കും. വന്‍പയറിന് സബ്‌സിഡിയോടെ 45 ഉം ഇല്ലാതെ 55 രൂപയുമാണ് വില. ഒരു കാര്‍ഡിന് മാസത്തില്‍ ഒരുകിലോ വീതമാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുക.
കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സ്‌റ്റോറുകളിലും പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ പയറുവര്‍ഗങ്ങള്‍ ഉണ്ടെങ്കിലും ആവശ്യക്കാര്‍ കുറവാണ്. ഉഴുന്നിന് കിലോയ്ക്ക് 113 രൂപയാണ് വില. തുവരപ്പരിപ്പ് പല സ്‌റ്റോറുകളിലും സ്‌റ്റോക്കില്ല. കടല 67, ചെറുപയര്‍ 93, വന്‍പയര്‍ 60 എന്നിങ്ങനെയാണ് മറ്റുള്ളവയുടെ വില. പയറുവര്‍ഗങ്ങളുടെ വിലവര്‍ധന ഹോട്ടലുകളിലും പ്രകടമാണ്. ഉഴുന്ന് പേരില്‍ മാത്രമുള്ള ഉഴുന്നുവട മിക്ക ഹോട്ടലുകളില്‍നിന്നും അപ്രത്യക്ഷമായി. പരിപ്പിന് വില കൂടിയതോടെ ഉച്ചയ്ക്ക് ചോറിന് സാമ്പാര്‍ ഉണ്ടാക്കുന്നതും പലരും നിര്‍ത്തി. ഹോട്ടലുകളിലേക്ക് പലഹാരങ്ങളുണ്ടാക്കി നല്‍കുന്നവരും പ്രതിസന്ധിയിലായിട്ടുണ്ട്.
ഉഴുന്നുവില കൂടിയതിനാല്‍ പപ്പടത്തിനും വില കൂടി. പപ്പടം കിലോയ്ക്ക് 105 ല്‍ നിന്ന് 120ല്‍ എത്തി. മുളക്, മല്ലി എന്നിവയുടെ വിലയും ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. കിലോയ്ക്ക് 110 രൂപയുണ്ടായിരുന്ന വറ്റല്‍ മുളകിന് 140 രൂപയായി. മല്ലിക്ക് 120ല്‍നിന്ന് 145 ആയി.
അതേസമയം വില കുതിച്ചുയരുമ്പോള്‍ അതിന് കടിഞ്ഞാണിടേണ്ട കേന്ദ്ര-കേരള സര്‍ക്കാരുകളുടെ നടപടികള്‍ പേരില്‍ മാത്രമൊതുങ്ങുകയാണ്. രാഷ്ടീയപാര്‍ട്ടികള്‍ തങ്ങളുടെ സ്വന്തമെന്ന രീതിയില്‍ നടത്തുന്ന നീതി സ്റ്റോറുകളില്‍ ഇവ പൊടിപോലുമില്ലാ എടുക്കാന്‍ എന്നതും യാഥാര്‍ഥ്യമാണ്.
വില പിടിച്ചുനിര്‍ത്താന്‍ അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ ഉപഭോക്താക്കള്‍ വ്യാപാരസ്ഥാപനങ്ങളും നീതി സ്റ്റോറുകളും കൈയൊഴിയുന്ന അവസ്ഥയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 154 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക