|    Aug 20 Sun, 2017 9:46 am
Home   >  Todays Paper  >  page 7  >  

പമ്പാ സംരക്ഷണത്തിന് മുന്തിയ പരിഗണന: കേന്ദ്രം

Published : 5th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ദേശീയ നദീ സംരക്ഷണ പദ്ധതിയില്‍ പമ്പാ നദിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പമ്പാ നദി സംരക്ഷണത്തിന് മുന്തിയ പരിഗണന നല്‍കുമെന്നും ആന്റോ ആന്റണി എംപിയെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. പുണ്യനദിയായ പമ്പ അഭിമുഖീകരിക്കുന്ന ഗുരുതരമായ മലിനീകരണവും തന്മൂലം ആരോഗ്യമേഖലയിലടക്കം ഇതുമൂലമുണ്ടാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ ആന്റോ ആന്റണി എംപി അവതരിപ്പിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന പമ്പാ നദിയില്‍ സ്‌നാനം ചെയ്യുക എന്നത് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ശബരിമലയിലെത്തുന്ന ഭക്തരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. പ്രതിവര്‍ഷം നാലു കോടിയിലേറെ ഭക്തരാണ് ശബരിമലയിലെത്തിച്ചേരുന്നത്.  ഇവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യമേര്‍പ്പെടുത്തുക എന്നതാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം പമ്പാ നദിയിലെ കോളിഫോമിന്റെ അളവ് 100 മില്ലി ജലത്തില്‍ 3.55 ലക്ഷത്തിലും അധികമാണ്. 40 ലക്ഷത്തോളം ജനങ്ങളാണ് പമ്പാ നദിയുടെ നീര്‍ത്തട പരിധിയില്‍ അധിവസിക്കുന്നത്. നിരവധി കുടിവെള്ള പദ്ധതികള്‍ക്കായി ആശ്രയിക്കുന്നതും പമ്പാ നദിയെയാണ്.എന്നാല്‍,  മലിനീകരണ തോത് വര്‍ധിക്കുന്നത്  ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയാണ്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ ഇവിടെ സാധാരണമായിക്കഴിഞ്ഞു. അതിനാല്‍, പമ്പാ നദിയുടെ വിശുദ്ധി സംരക്ഷിക്കുന്നതിനൊപ്പം അതിന്റെ നീര്‍ത്തട പരിധിയില്‍ അധിവസിക്കുന്ന ജനങ്ങളുടെ ആരോഗ്യവും ഉറപ്പ് വരുത്തേണ്ടതുണ്ട്. ഈ ലക്ഷ്യങ്ങള്‍ മുന്‍നിറുത്തി പമ്പാ നദിയുടെ പുനരുജ്ജീവനത്തിനായി കേരള സര്‍ക്കാര്‍ തയ്യാറാക്കി സമര്‍പ്പിച്ച സമഗ്രമായ പദ്ധതിക്ക്് എത്രയും വേഗം അനുമതി നല്‍കുകയും മതിയായ തുക വകയിരുത്തുകയും ചെയ്യണമെന്ന് ആന്റോ ആന്റണി എംപി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയില്‍ ആവശ്യപ്പെട്ടു.പുണ്യനദിയായ പമ്പയുടെ പാരിസ്ഥിതികവും, ചരിത്രപരവും, വിശ്വാസപരവും, സാമൂഹികവുമായ പ്രസക്തിയും സമകാലീന കാലഘട്ടത്തില്‍ പമ്പാ നദി നേരിടുന്ന പ്രശ്‌നങ്ങളും  പരിഗണിച്ച് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അടുത്ത കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗം പമ്പയില്‍ ചേരുന്ന കാര്യം പരിഗണിക്കാമെന്നും ആന്റോ ആന്റണി എംപിയെ യോഗത്തില്‍ മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക