|    Nov 20 Tue, 2018 1:10 am
FLASH NEWS
Home   >  Editpage  >  Article  >  

പമ്പാനദിയുടെ തീരത്ത് താമര വാടുന്നു

Published : 2nd February 2018 | Posted By: kasim kzm

മധ്യമാര്‍ഗം – പരമു

കേരളത്തില്‍ ബിജെപിയുടെ ബഹുജനാടിത്തറ വികസിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അവരുടെ നേതാക്കള്‍ സദാ ഉരുവിട്ടുകൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലാണെങ്കില്‍ പാര്‍ട്ടിയുടെ വളര്‍ച്ച വിവരിക്കാന്‍ അതിശയോക്തിപരമായ കണക്കുകളുമായി കുറേപേരെ കാണാം. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പകുതി സീറ്റെങ്കിലും താമരയ്ക്ക് കിട്ടുമെന്നാണ് അവരുടെ അവകാശവാദം. അനുഭവത്തില്‍ ഇതിന്റെയൊന്നും നേരിയ സൂചനപോലും കാണുന്നില്ല. മറിച്ച് പാര്‍ട്ടിയുടെ ശോഭ കേരളത്തില്‍ തനിയെ കെട്ടുപോവുന്നതായാണ് അനുഭവം. ബിജെപിയെന്നാല്‍ ആര്‍എസ്എസ് തന്നെയാണ്. ചില കേന്ദ്രങ്ങളില്‍ അവരുടെ സ്വാധീനമാണ് പാര്‍ട്ടിയെ നിലനിര്‍ത്തുന്നത്. അങ്ങനെ ആര്‍എസ്എസിന് അല്‍പമെങ്കിലും തിണ്ണബലം പമ്പാനദിയുടെ തീരഭൂമിയിലുണ്ട്. പുണ്യനദിയുടെ കരയില്‍ കാര്യമായ പ്രവര്‍ത്തനവും ഉണ്ട്. ഈ തീരഭൂമിയാണ് കോട്ടയം ജില്ലയിലെ ചെങ്ങന്നൂര്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താമരയ്ക്ക് നല്ല വോട്ട് നേടിക്കൊടുത്ത മണ്ഡലം. ബിജെപി നേതാവ് അഡ്വ. പി എസ് ശ്രീധരന്‍പിള്ള ജയിക്കുമെന്നുപോലും പ്രവചനമുണ്ടായിരുന്നു. ഏവരെയും അദ്ഭുതപ്പെടുത്തി 40000ല്‍പ്പരം വോട്ട് നേടിക്കൊണ്ട് പിള്ള വമ്പിച്ച മുന്നേറ്റം തന്നെ നടത്തി.സംഭവം ഒന്നരവര്‍ഷം മുമ്പാണ്. അതിനുശേഷം പമ്പാനദിയിലൂടെ വെള്ളം നന്നായി ഒഴുകിപ്പോയി. ബിജെപിക്ക് കേരളത്തില്‍ ഒരു കേന്ദ്രമന്ത്രി ഉണ്ടായി. ഈ ജില്ലയിലും ചെങ്ങന്നൂരിലും സ്വാധീനമുള്ള അല്‍ഫോന്‍സ് കണ്ണന്താനം. ക്രിസ്തീയ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പറ്റിയ മന്ത്രി. മാത്രമല്ല, കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരും മോദിജിയും ചെയ്തുവരുന്ന കാര്യങ്ങളും കേരളത്തില്‍ കുമ്മനം രാജശേഖരന്റെ ‘ഇമേജും’ ഒക്കെ കൂടി ചെങ്ങന്നൂര്‍ ബിജെപിക്കാരുടെ കോട്ടയായി മാറുമെന്നാണു കണക്കുകൂട്ടല്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ താമര വിരിയിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് ഓര്‍ക്കാപ്പുറത്ത് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് വരുന്നത്. കെ കെ രാമചന്ദ്രന്‍ നായരുടെ അകാല വിയോഗമാണ് പോരാട്ടത്തിന്റെ വേദിയൊരുക്കുന്നത്. ആരുടെയും വേര്‍പാട് ദുഃഖമാണെങ്കിലും ഉപതിരഞ്ഞെടുപ്പ് എന്നു കേട്ടപ്പോള്‍ ബിജെപിക്കാര്‍ കോരിത്തരിച്ചു. ഏറ്റവും അനുകൂലമായ രാഷ്ട്രീയ സാഹചര്യം. രണ്ടു മുന്നണികളും വിവാദങ്ങളിലും മറ്റും കിടന്ന് നട്ടംതിരിയുന്നു. എടുത്തുപറയാവുന്ന ഒരു ബഹുമതി സ്ഥാനാര്‍ഥിയെപ്പറ്റിയാണ്. ശ്രീധരന്‍ പിള്ളയുടെ വ്യക്തിപ്രഭാവം ഒന്നരവര്‍ഷംകൊണ്ട് ഇരട്ടിയോ അതിലധികമോ ആയിരിക്കുന്നു! അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എണ്ണം 100 ആയി. എത്രയോ വട്ടം ചാനല്‍ചര്‍ച്ചകളില്‍ പങ്കാളിയായി. ദേശീയ ദിനപത്രങ്ങളില്‍ ലേഖനങ്ങളെഴുതി. ഒന്നുരണ്ടു പുരസ്‌കാരങ്ങളും കരസ്ഥമാക്കി. വോട്ടര്‍മാര്‍ക്കിടയില്‍നിന്ന് സ്ഥാനാര്‍ഥിക്ക് കിട്ടുന്ന അധികം വോട്ടും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വകയായി ലഭിക്കുന്ന വോട്ടും മോദിപ്രഭാവ വോട്ടും പിന്നെ കുമ്മനം രാജശേഖരന്റെ പേരില്‍ വീഴുന്ന വോട്ടും ചേരുമ്പോള്‍ വിജയം സുനിശ്ചിതം. ചെങ്ങന്നൂരില്‍ താമര വിരിയും. ബിജെപിക്ക് നിയമസഭയില്‍ അങ്ങനെ രണ്ടു സീറ്റ്! പക്ഷേ, എന്തുചെയ്യാം? എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. ശ്രീധരന്‍ പിള്ള ഉഗ്രന്‍ പ്രസ്താവന നടത്തിക്കളഞ്ഞു. മല്‍സരത്തിനു ഞാനില്ല. പാര്‍ട്ടിയുമായി പോവട്ടെ, സ്വന്തം കുടുംബത്തോടുപോലും ആലോചിക്കാതെയായിരുന്നു പിള്ളയുടെ പ്രസ്താവന. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ബിജെപിക്കാര്‍ മാത്രമല്ല, നായന്‍മാരും ഞെട്ടിപ്പോയത്രേ. പിള്ളക്ക് എന്തുപറ്റി എന്നാണ് ഏവരും ചോദിക്കുന്നത്. സത്യം പറഞ്ഞാല്‍ ഇതൊരു മുന്‍കൂര്‍ ജാമ്യമാണ്. ബിജെപിക്ക് കഴിഞ്ഞ തവണ കിട്ടിയ വോട്ട് കിട്ടാന്‍ ഒരു സാധ്യതയും ഇല്ല. പിള്ളയല്ല, സാക്ഷാല്‍ കുമ്മനം തന്നെ മല്‍സരിച്ചാലും സ്ഥിതി മെച്ചപ്പെടുത്താന്‍ പറ്റില്ല. കഴിഞ്ഞ തവണ എന്‍എസ്എസ് പിള്ളയെ പിന്തുണച്ചിരുന്നു. ഇക്കുറി അതില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിള്ളയ്ക്കു വേണ്ടി ബിഡിജെഎസ് പണിയെടുത്തിരുന്നു. അവരാണെങ്കില്‍ ഇടഞ്ഞുനില്‍ക്കുന്നു. അടുത്ത ദിവസം കണിച്ചുകുളങ്ങരയില്‍ യോഗം ചേര്‍ന്ന് അവര്‍ തങ്ങളുടെ രാഷ്ട്രീയ നിലപാട് വെളിപ്പെടുത്താന്‍ പോവുകയാണ്. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിപദവികൊണ്ട് ക്രിസ്തീയ സമുദായത്തെ ഇളക്കാന്‍ കഴിയില്ല. ഇതിനൊക്കെ പുറമേ, കര്‍ണാടക സംസ്ഥാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയവും ഈ തിരഞ്ഞെടുപ്പിനുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് ഉറപ്പുള്ള പി സി വിഷ്ണുനാഥിന് കര്‍ണാടക തിരഞ്ഞെടുപ്പിന്റെ ചുമതല പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ഗാന്ധി നല്‍കിയിട്ടുണ്ട്. അവിടത്തെ 49 നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയാണ് അദ്ദേഹത്തിന്റെ തലയില്‍ ഹൈക്കമാന്‍ഡ് വച്ചുകെട്ടിയത്. കോണ്‍ഗ്രസ്സിന്റെ ഈ ചുമതലക്കാരനോട് ബിജെപി നേതാവ് ദയനീയമായി പരാജയപ്പെട്ടാല്‍ അത് കര്‍ണാടക തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ഏപ്രില്‍ അവസാനമാണ് കര്‍ണാടക തിരഞ്ഞെടുപ്പ്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അതിനുമുമ്പ് ഉണ്ടായാലാണു പ്രശ്‌നം. പിന്നെ ദേശീയതലത്തില്‍ സമീപകാലത്ത് ബിജെപിക്ക് ഉണ്ടായ തിരിച്ചടി, ഗുജറാത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലും പാര്‍ട്ടിക്കു നേരിട്ട പരാജയം, സംസ്ഥാനത്തെ പാര്‍ട്ടിയിലുള്ള ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കു പുറമേ മറ്റു സംഘടനാപരമായ പ്രശ്‌നങ്ങള്‍ എന്നിവ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള രാഷ്ട്രീയവും സംഘടനാപരവുമായ പ്രതികൂല സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ട് നാണക്കേട് ഒഴിവാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബുദ്ധിമാനായ പിള്ള മുന്‍കൂര്‍ ജാമ്യമെടുത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss