|    Nov 19 Mon, 2018 1:34 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പമ്പാനദിയില്‍ ജലനിരപ്പ് ഉയരുന്നു; അയ്യപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണം

Published : 14th August 2018 | Posted By: kasim kzm

തിരുവനന്തപുരം/പത്തനംതിട്ട: പമ്പാനദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കണക്കിലെടുത്ത് ഭക്തര്‍ ശബരിമല അയ്യപ്പദര്‍ശനത്തിനും നിറപുത്തരി പൂജകള്‍ തൊഴാനുമായി വരുന്നത് തല്‍ക്കാലം ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
പമ്പാനദി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ ഭക്തര്‍ക്ക് നദി കടന്നു ശബരിമലയിലേക്ക് പോവാനാവില്ല. നദിക്ക് കുറുകെയുള്ള രണ്ടു പാലങ്ങളും വെള്ളം കയറിയ അവസ്ഥയിലാണ്. പമ്പയിലെ കടകളിലും മണ്ഡപത്തിലും വെള്ളം കയറിയിട്ടുണ്ട്. നദിയില്‍ അപകടകരമാംവിധം ഒഴുക്കുമുണ്ട്.
പത്തനംതിട്ട ജില്ലയിലെ കൊച്ചുപമ്പ, മൂഴിയാര്‍, കക്കി ഉള്‍പ്പെടെയുള്ള നിരവധി ഡാമുകളുടെ ഷട്ടറുകള്‍ ഇപ്പോഴും തുറന്നിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഭക്തര്‍ യാത്ര ഒഴിവാക്കണം. ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും പോലിസും സംയുക്തമായി പമ്പയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുന്നറിയിപ്പ് അവഗണിച്ച് പമ്പയില്‍ എത്തുന്നവരെ തിരിച്ചയക്കാനും പോലിസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
നിറപുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്നു വൈകീട്ട് അഞ്ചിന് തുറക്കും. 15ന് 6നും 6.30നും മധ്യേയാണ് നിറപുത്തരി പൂജ. 15ന് രാത്രി 10ന് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. ചിങ്ങമാസ പൂജകള്‍ക്കായി 16ന് വൈകീട്ട് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് അഞ്ചു ദിവസം ക്ഷേത്രത്തില്‍ പതിവ് പൂജകളും നെയ്യഭിഷേകവും നടക്കും. 21ന് രാത്രി നട അടയ്ക്കും.
കക്കി ആനത്തോട് ഡാമില്‍ ജലനിരപ്പ് 981.1 മീറ്ററായി ഉയര്‍ന്നതോടെ നാലു ഷട്ടറുകളില്‍ രണ്ടെണ്ണം മൂന്നടി വീതവും രണ്ടെണ്ണം രണ്ടടി വീതവും വീണ്ടും തുറന്നിട്ടുണ്ട്. പമ്പ ഡാമിലെ ജലനിരപ്പ് 985.55 മീറ്ററായതോടെ ആകെയുള്ള ആറു ഷട്ടറുകളില്‍ രണ്ടെണ്ണം 30 സെമീ വീതം വീണ്ടും തുറന്നു. മൂഴിയാര്‍ ഡാമിലെ ഒരു ഷട്ടര്‍ 10 സെമീ തുറന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss