|    Sep 19 Wed, 2018 6:18 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പമ്പയില്‍ രണ്ട് ബെയ്‌ലി പാലങ്ങള്‍ സൈന്യം നിര്‍മിക്കും

Published : 25th August 2018 | Posted By: kasim kzm

പത്തനംതിട്ട: മണ്ഡലകാലത്തിനു മുമ്പ് പമ്പയില്‍ രണ്ട് ബെയ്‌ലി പാലങ്ങള്‍ നിര്‍മിക്കും. ഒന്ന് തീര്‍ത്ഥാടകര്‍ക്ക് നടന്നുപോവുന്നതിനും മറ്റൊന്ന് ആംബുലന്‍സ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങള്‍ കടന്നുപോവാനും. പാലം നിര്‍മിക്കാമെന്ന് സൈന്യം അറിയിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
പ്രളയത്തില്‍ പാലം ഒലിച്ചുപോയ പമ്പയില്‍നിന്നു തീര്‍ത്ഥാടനം സുഗമമാക്കുന്നതിനായി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിയാലോചനയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പമ്പയുടെ ഹില്‍ടോപ്പില്‍ തുടങ്ങി ഗണപതിക്ഷേത്രം വരെ ബന്ധിപ്പിച്ചാവും പാലം നിര്‍മിക്കുക. നിര്‍മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞ് പാലത്തിന്റെ സാമഗ്രികള്‍ എത്തിക്കഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കകം പാലം പൂര്‍ത്തിയാവുമെന്നാണ് സൈന്യം അറിയിച്ച ത്. പാലത്തിന് അനുയോജ്യമായ സ്ഥലം നിര്‍ണയിക്കുന്നതിന് മിലിട്ടറി, ദേവസ്വംബോര്‍ഡ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായി പരിശോധന നടത്തും. നിര്‍മാണം വേഗത്തിലാക്കാന്‍ പാലത്തിന്റെ നിര്‍മാണ ചുമതല പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പമ്പയില്‍ അടിഞ്ഞുകൂടിയ മണ്ണ് പൂര്‍ണമായും നീക്കം ചെയ്ത് പമ്പയുടെ ഒഴുക്ക് പൂര്‍വസ്ഥിതിയിലാക്കും. ഇനി മുതല്‍ പമ്പയുടെ തീരത്ത് ഒരുതരത്തിലുമുള്ള സ്ഥിരം നിര്‍മാണവും അനുവദിക്കില്ല. കച്ചവടത്തിനും മറ്റുമായി സീസണ്‍ കഴിഞ്ഞാല്‍ പൊളിച്ചുമാറ്റാവുന്ന താല്‍ക്കാലിക ഷെഡുകള്‍ മാത്രമേ ഇനിയുണ്ടാവൂ. തകരാറിലായ ടോയ്‌ലറ്റ് ബ്ലോക്കുകള്‍ക്ക് പകരമായി താല്‍ക്കാലികമായി ബയോടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്ിന് സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കും.
രാമമൂര്‍ത്തി മണ്ഡപത്തിനു പകരമായി താല്‍ക്കാലിക മണ്ഡപം നിര്‍മിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അധ്യക്ഷതയിലാണ് പമ്പയില്‍ യോഗം ചേര്‍ന്നത്. അവലോകന യോഗ തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ 15 ദിവസം കഴിയുമ്പോള്‍ വീണ്ടും യോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss