|    Nov 21 Wed, 2018 8:08 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പമ്പയില്‍ മണല്‍ നീക്കല്‍: ഹൈക്കോടതി വിശദീകരണം തേടി

Published : 6th November 2018 | Posted By: kasim kzm

കൊച്ചി: ആഗസ്തില്‍ ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കാന്‍ വനം-ജലസേചന വകുപ്പുകളുടെ ഇടപെടല്‍ വേണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി വിശദീകരണം തേടി. ശബരിമലയിലെ അറ്റകുറ്റപ്പണികള്‍ മണ്ഡലകാലം തുടങ്ങുന്ന നവംബര്‍ 16നു മുമ്പ് പൂര്‍ത്തിയാകുമെന്ന് ചൂണ്ടിക്കാട്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിക്ക് റിപോര്‍ട്ട് നല്‍കി. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ബോര്‍ഡിന്റെ വിശദീകരണം.
തുടര്‍ന്ന് ഹരജി നവംബര്‍ 19ന് പരിഗണിക്കാന്‍ മാറ്റി. മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ശബരിമല തീര്‍ത്ഥാടനത്തിന്റെ ബേസ് ക്യാംപ് പമ്പയില്‍ നിന്ന് നിലക്കലിലേക്ക് മാറ്റിയതായി ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ജയശ്രീ ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു.
നിലയ്ക്കലില്‍ 450 ടോയ്‌ലറ്റുകളും 50 കുളിമുറികളും സ്ഥാപിച്ചിട്ടുണ്ട്. ശബരിമല മലിനജല സംസ്‌കരണത്തിനായി പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിക്കുന്ന പദ്ധതികള്‍ നിലയ്ക്കലില്‍ സ്ഥാപിക്കാന്‍ ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകരെ താമസിപ്പിക്കാനായി സ്വകാര്യ കമ്പനി നിലയ്ക്കലില്‍ സ്ഥാപിക്കുന്ന മൂന്നു താല്‍ക്കാലിക ഷെഡുകളില്‍ ഒന്നിന്റെ നിര്‍മാണം പൂര്‍ത്തിയായി. ശേഷിക്കുന്നവ മണ്ഡലകാലത്തിനു മുമ്പ് പൂര്‍ത്തിയാക്കും.
പ്രളയത്തെ തുടര്‍ന്നുള്ള ശക്തമായ മണല്‍ ശേഖരം മൂലം പമ്പയില്‍ ജലക്ഷാമമുണ്ടാകുമെന്ന് ആശങ്കയുണ്ട്. അതേസമയം, രണ്ട് മീറ്റര്‍ വീതിയിലും ഒന്നര മീറ്റര്‍ ആഴത്തിലും മണ്ണെടുത്താല്‍ തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍ കുളിക്കാനുള്ള ഭാഗം പുനഃസ്ഥാപിക്കാനാവും. പമ്പയില്‍ 270 സ്ഥിരം ടോയ്‌ലറ്റുകളും 60 ബയോ ടോയ്‌ലറ്റുകളും 40 മൂത്രപ്പുരകളും നിലവിലുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സ്ഥാപിക്കും.
994 ടോയ്‌ലറ്റുകള്‍ സന്നിധാനത്ത് സജ്ജമാണ്. നവംബര്‍ 14നു മുമ്പ് വൈദ്യുതി സംബന്ധമായ എല്ലാ ജോലികളും പൂര്‍ത്തീകരിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss