|    Mar 24 Sat, 2018 5:43 pm
FLASH NEWS

പമ്പയിലെ മാലിന്യ സംസ്‌കരണം പാളുന്നു

Published : 16th November 2016 | Posted By: SMR

പത്തനംതിട്ട: ശബരിമലയിലും പമ്പയിലുമുള്ള മാലിന്യ നിര്‍മാര്‍ജന പ്ലാന്റുകളുടെ അശാസ്ത്രീയ നിര്‍മാണമാണ് പമ്പാനദിയില്‍ മണ്ഡല-മകരവിളക്ക് കാലത്ത് മാലിന്യം വര്‍ധിക്കാന്‍ കാരണമെന്ന് പമ്പാ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍ കെ സുകുമാരന്‍ നായര്‍. പ്രസ് ക്ലബ്ബിന്റെ ആഭിമുഖത്തില്‍ നടന്നുവരുന്ന ശബരിമല സുഖദര്‍ശനം പരിപാടിയില്‍ പമ്പാനദിയിലെ മാലിന്യ പ്രശ്‌നത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദിലെ മൗസി നദിയില്‍ വിജയകരമായി നടപ്പാക്കിയ മാലിന്യ നിര്‍മാര്‍ജന പദ്ധതിയുടെ ചുവടുപിടിച്ചാണ് ദേവസ്വം ബോര്‍ഡും ശബരിമലയില്‍ പദ്ധതി സ്ഥാപിച്ചത്. പമ്പാ പരിരക്ഷണ സമിതിയുടെ നിര്‍ദേശമനുസരിച്ചാണ് സര്‍ക്കാര്‍ ഇതിന് തയ്യാറായതെങ്കിലും  വിദഗ്ധ നിര്‍ദേങ്ങള്‍ ഇല്ലാതെപോയത് നിര്‍മാണം അശാസ്ത്രീയമാവാന്‍ കാരണമായി. ഇതുമൂലം പമ്പയിലെ മാലിന്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച പദ്ധതി പാഴായി മാറി. കഴിഞ്ഞ ശബരിമല സീസണില്‍ പമ്പയിലെ കോളിഫോം ബാക്ടീരിയയുടെ അളവ് കുറയ്ക്കാന്‍ കഴിയാതെ പോയതിന്റെ കാരണവും ഇതാണ്. 2011-12 കാലത്ത് മണ്ഡല കാലം തുടങ്ങുന്നതിന് തൊട്ടുമുമ്പ് മലിനീകരണ നിയന്ത്രണബോര്‍ഡ് പമ്പയ്ക്ക് താഴെ നടത്തിയ പരിശോധനയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് നൂറ് മില്ലി ലിറ്റര്‍ ജലത്തില്‍ കേവലം 360 മാത്രമായിരുന്നെങ്കില്‍ മകരവിളക്ക് ദിനമായ ജനുവരി 14 നടത്തിയ പരീക്ഷണത്തില്‍ അത് 1,68,000 ഉയര്‍ന്നുവെന്ന് കാണാം. 2012-13 വര്‍ഷത്തില്‍ ഇത് 1200-ല്‍ നിന്നും 2,40,000 ആയി വര്‍ധിച്ചു. 2013-14-ല്‍ 940-ല്‍ നിന്നും 2,16,000 മായിമാറി.  മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിച്ച 2014-15 വര്‍ഷത്തില്‍ 850-ല്‍ നിന്നും 11,60,000 മായി കുതിച്ചുകയറി. കഴിഞ്ഞ വര്‍ഷം ഇത് 260-ല്‍ നിന്നും 4,20,000 മായതോടെ മാലിന്യ നിര്‍മാര്‍ജന സംവിധാനം പാഴായതായി വ്യക്തമാകുന്നുവെന്ന് സുകുമാരന്‍ നായര്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടി. സാങ്കേതിക പഠനം നടത്താതെ മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പദ്ധതിക്കായി ചെലവായ തുകയുടെ കണക്ക് വ്യക്തമല്ലെങ്കിലും കുറഞ്ഞത് 23           കോടിയെങ്കിലും ഇതിനായി വിനിയോഗിച്ചു എന്നാണ് മനസ്സിലാക്കുന്നത്. പമ്പയിലെ മാലിന്യ നിര്‍മാര്‍ജനപ്ലാന്റ് ഈ വര്‍ഷം മണ്ഡലകാലത്തിന് മുമ്പ് പൂര്‍ത്തീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതിന് ടെന്റര്‍ പോലും വിളിക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. പദ്ധതിക്കായി ചെറിയാനവട്ടത്ത് ഒരു ഹെക്ടര്‍ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. പമ്പ മാലിന്യ വിമുക്തമാക്കാന്‍ ദേവസ്വം ബോര്‍ഡിന് എത്രകണ്ട് താല്‍പര്യമുണ്ടെന്നുള്ളതിന് തെളിവാണ് ഈ അനാസ്ഥ. നിലവില്‍ പമ്പയിലുള്ള മാലിന്യ നിര്‍മാര്‍ജന പ്ലാന്റിന് ആകെയുള്ള മാലിന്യ സംസ്‌കരണ കാര്യത്തില്‍ 30 ശതമാനം മാത്രമാണ് ശേഷിയുള്ളത്. പമ്പയിലെ മലിനീകരണം ഒഴിവാക്കാനും തിരക്ക് നിയന്ത്രിക്കാനുമാണ് നിലയ്ക്കല്‍ ഇടത്താവളം എന്ന ആശയം കൊണ്ടുവന്നത്. സമിതി അതിന് വേണ്ടി ഏറെ പ്രവര്‍ത്തിച്ചു. നിയമസഭാ പരിസ്ഥിതി സമിതിയും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കി. പക്ഷേ നിലയ്ക്കല്‍ പാര്‍ക്കിങിന് മാത്രമാക്കി. അവിടെ ഹെലിപാഡ് വരെ വന്നു.പക്ഷേ കുടിവെള്ളത്തിന് ഇനിയും സൗകര്യമായിട്ടില്ല. ശബരിമലയില്‍ പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിന്റെ നിരോധനം സ്വാഗതം ചെയ്യുന്നു. പക്ഷേ ചുക്കുവെള്ളം അടക്കം നല്ല നിലയില്‍ നല്‍കണം.  വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പലതിലും ഉള്ള വാട്ടര്‍ എടിഎം എന്ന ആശയം ഇവിടെയും നടപ്പാക്കാം. വേണ്ടത്ര വെള്ളം നല്‍കാന്‍ സജ്ജമാകണം.പ്ലാസ്റ്റിക്ക് ബാഗുകള്‍ ഒരു കേന്ദ്രത്തില്‍ തന്നെ സ്വീകരിക്കുകയും പകരം തുണി സഞ്ചി നല്‍കുകയും ചെയ്യുക എന്ന ആശയം നല്ലതാണ്. ഇത് നല്ല നിലയില്‍ പോവണം. കുടുംബശ്രീകളെ ഇതില്‍ പങ്കാളിയാക്കാമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss