|    Nov 21 Wed, 2018 11:22 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പമ്പയിലും നിലയ്ക്കലിലും സൗകര്യങ്ങള്‍ പരിമിതം

Published : 9th November 2018 | Posted By: kasim kzm

ശബരിമല: മണ്ഡല-മകരവിളക്ക് സീസണ്‍ ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ പമ്പയിലും നിലയ്ക്കലും അടിസ്ഥാന സൗകര്യ വികസനം മന്ദഗതിയില്‍. പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന പമ്പയുടെ പുനര്‍നിര്‍മാണം സമ്പൂര്‍ണ പരാജയമാണ്. പ്രളയം കഴിഞ്ഞ് രണ്ടരമാസം പിന്നിടുമ്പോഴും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒച്ചിഴയും വേഗത്തിലാണ്. പ്രളയം ബാക്കിയാക്കിയ മണല്‍ വാരി ചാക്കിലാക്കി തീരത്തിന്റെ അരികുകളില്‍ അടുക്കിയതല്ലാതെ മറ്റു ജോലികളൊന്നും മുന്നോട്ടുപോയിട്ടില്ല.
ഇത്തവണ തീര്‍ത്ഥാടകരെ കാത്തിരിക്കുന്നത് ദുരിതം നിറഞ്ഞ തീര്‍ത്ഥാടനദിനങ്ങളാണ്. വിരിവയ്ക്കാന്‍ പോയിട്ട് ഇരിക്കാന്‍ പോലും പമ്പാതീരത്ത് സൗകര്യമില്ല. പമ്പയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ മതിയായ സൗകര്യങ്ങളില്ല. ഇവിടെ ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ള സൗകര്യംപോലും ഇനിയും ഏര്‍പ്പെടുത്തിയിട്ടില്ല. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ട വിശേഷത്തിനും എത്തിയവര്‍ക്ക് വിശ്രമത്തിന് ആശ്രയമായത് കാടും മണല്‍ത്തിട്ടയുമായിരുന്നു. ഒരാഴ്ച മാത്രം ശേഷിക്കെ പമ്പയുടെ അതീവ ഗുരുതരാവസ്ഥ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ തിരിച്ചറിയുന്നില്ലെന്നതാണ് വസ്തുത. തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രഖ്യാപനം ഒരാഴ്ചകൊണ്ട് എങ്ങനെ നടപ്പാവുമെന്നാണ് തീര്‍ത്ഥാടകരുടെ ചോദ്യം. മണ്ഡലകാലത്ത് ശബരിമലയുടെ ബേസ് ക്യാംപായി പ്രഖ്യാപിച്ചിട്ടുള്ള നിലയ്ക്കലിലും സ്ഥിതി പരിതാപകരമാണ്. കടുത്ത കുടിവെള്ളക്ഷാമമാണു നിലയ്ക്കലിനെ കാത്തിരിക്കുന്നത്. പ്രതിദിനം ഒരുലക്ഷം പേരെങ്കിലുമെത്തുന്ന ഇവിടെ ഇപ്പോഴുള്ളത് 2000 പേര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ മാത്രം. 15,000 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യമേ ഇതുവരെ തയ്യാറായിട്ടുള്ളു. നിലയ്ക്കലില്‍ പ്രതിദിനം 65 ലക്ഷം ലിറ്റര്‍ വെള്ളം വേണമെന്നാണു കണക്കുകൂട്ടല്‍. ജലവിതരണത്തിനായി ആധുനിക ശുചീകരണ പ്ലാന്റുകള്‍ സ്ഥാപിച്ചെങ്കിലും കുടിവെള്ളസ്രോതസ്സ് കണ്ടെത്താനായിട്ടില്ല. പ്രളയത്തിനു ശേഷം വരള്‍ച്ച നേരിടുന്ന പമ്പയില്‍ നിന്ന് വെള്ളമെത്തിക്കുമെന്നാണ് ജലസേചന വകുപ്പ് പറയുന്നത്. ജലവിതരണത്തിനുള്ള പൈപ്പുകള്‍ ഇപ്പോഴും വിവിധയിടങ്ങളില്‍ കൂട്ടിയിട്ടിരിക്കുകയാണ്. എന്നാല്‍, നിലയ്ക്കലില്‍ നാല് കുളങ്ങള്‍ ഉണ്ടെങ്കിലും ഇതു ശുചീകരിച്ചെടുക്കാന്‍ ശ്രമം നടന്നിട്ടില്ല.
നിലയ്ക്കലില്‍ നിന്നു പമ്പയിലേക്ക് മിനിറ്റില്‍ നാലു വീതം കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്താനാണു പദ്ധതി. എന്നാല്‍, പതിനായിരത്തിലേറെ തീര്‍ത്ഥാടകരെത്തിയ ചിത്തിര ആട്ട വിശേഷ ദിനത്തില്‍ തന്നെ ഈ പദ്ധതി പാളിയിരുന്നു. പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ 15,000 കഴിഞ്ഞാ ല്‍ സമീപത്തെ റബര്‍ തോട്ടത്തില്‍ കയറ്റേണ്ടിവരുമെന്നതാണു സ്ഥിതി. ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. 27 ഭക്ഷണശാലകള്‍ മാത്രമേ ഇതുവരെ ലേലത്തില്‍ പോയിട്ടുള്ളൂ. ലക്ഷക്കണക്കിന് ഭക്തര്‍ക്ക് ആശ്രയമായിരുന്ന അന്നദാനമണ്ഡപം മഹാപ്രളയത്തിന്റെ ശേഷിപ്പായി മാറുകയും ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss