|    Feb 28 Tue, 2017 1:50 am
FLASH NEWS

പന്നിയങ്കര മേല്‍പാലം ഗതാഗത സജ്ജമായി

Published : 3rd November 2016 | Posted By: SMR

കോഴിക്കോട്: ഗതാഗതസജ്ജമായ പന്നിയങ്കര മേല്‍പാലം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനപുരോഗതി വിലയിരുത്തി. അവസാനവട്ട മിനിക്കുപണികള്‍ പൂര്‍ത്തിയാക്കി ഇന്നോ നാളെയോ മേല്‍പാലത്തിലൂടെ വാഹനം ഓടിത്തുടങ്ങും. സ്ഥലം എംഎല്‍എ ഡോ. എംകെ മുനീറും ഉയര്‍ന്ന ഉദ്യോഗസ്ഥരും ശ്രീധരനൊപ്പമുണ്ടായിരുന്നു. പാലം ഉദ്ഘാടനം ജനുവരിയിലാണ് നിശ്ചയിച്ചതെങ്കിലും സര്‍വീസ് റോഡുകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടുമ്പോള്‍ കല്ലായി റോഡില്‍ ഗതാഗത കുരുക്ക് രൂക്ഷമാകാന്‍ ഇടയുള്ളതിനാലാണ് പാലം വഴി വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. സര്‍വീസ് റോഡുകളുടെ പണി പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ ഇ ശ്രീധരന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പടിഞ്ഞാറ് ഭാഗത്തെ സര്‍വീസ് റോഡാണ് ആദ്യം അറ്റകുറ്റപ്പണി നടത്തുക. ഇതോടെ നഗരത്തിലേക്കുള്ള വാഹനങ്ങള്‍ പാലം വഴി തിരിച്ചുവിടും. ജനുവരി ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പാലം ഉദ്ഘാടനം ചെയ്യും. സര്‍വീസ് റോഡ് പണി ഡിസംബറില്‍ പൂര്‍ത്തീകരിക്കും.  പയ്യാനക്കല്‍ ഭാഗത്തുനിന്നും നഗരത്തില്‍ നിന്നും മീഞ്ചന്ത ഭാഗത്തു നിന്നും മേല്‍പ്പാലത്തിലേക്ക് പ്രവേശിക്കാനാവുന്ന വിധമാണ് നിര്‍മാണം. നഗരസഭാ കൗണ്‍സിലര്‍മാരായ പി അനിത, കെ നിര്‍മല,  ഡിഎംആര്‍സി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ ഗോപാല കൃഷ്ണന്‍, എക്‌സി. എന്‍ജിനീയര്‍ യു വേണുഗോപാല്‍, കെ മൊയ്തീന്‍ കോയ, എന്‍ സി അബൂബക്കര്‍, സി ടി സക്കീര്‍ ഹുസൈന്‍, എ ടി അബ്ദുല്ലകോയ തുടങ്ങിയവരും ശ്രീധരനെ അനുഗമിച്ചു. പയ്യാനക്കല്‍, ചക്കുംകടവ് നിവാസികളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു മേല്‍പാലം. ഇവിടത്തെ ഗേറ്റ് അടയ്ക്കുമ്പോള്‍ ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ മേല്‍പാലം നഗരത്തിന് അത്യാവശ്യമായി മാറി. 100 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന പ്രദേശത്തിന് ഏറെ ആശ്വാസമാവും. ചക്കുംകടവ്, പയ്യാനക്കല്‍, കോയവളപ്പ് മേഖലകളിലേക്കുള്ള യാത്രാക്ലേശം അതിരൂക്ഷമായ സാഹചര്യത്തിലാണ് മേല്‍പ്പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day