|    Dec 13 Thu, 2018 11:07 pm
FLASH NEWS

പന്നിമുക്കില്‍ പ്ലാസ്റ്റിക് സംസ്‌കരണ ഫാക്ടറിക്ക് നീക്കം

Published : 20th April 2018 | Posted By: kasim kzm

മുക്കം: അനിയന്ത്രിതമായ കരിങ്കല്‍ ഖനനവും, ക്രഷറുകളുടെ പ്രവര്‍ത്തനവും, റബര്‍ ഫാക്ടറിയുടെ മാലിന്യ നിക്ഷേപവും മൂലം ദുരിതം പേറുന്ന മൈസൂര്‍ മല മേഖലയില്‍ പ്ലാസ്റ്റിക് സംസ്‌ക്കരണ ഫാക്ടറി കൂടി തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്.  കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പന്നിമുക്ക്  ഭാഗത്ത്  സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെയാണ് മനുഷ്യാവകാശ – നിയമസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിനിറങ്ങുന്നത്. പന്നിമുക്ക് പതിനെട്ടാംപടി പ്രദേശങ്ങള്‍ക്കിടയിലായി ആരംഭിക്കുന്ന  യൂണിറ്റിന്റെ  അനുമതി പഞ്ചായത്ത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 11 ന് ഗ്രാമപ്പഞ്ചായത്ത് ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്ലാസ്റ്റിക് സംസ്‌കരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പന്നിമുക്ക്, കുട്ടിക്കുന്ന്, മുരിങ്ങംപുറായി, കളരിക്കണ്ടി, ആനയാംകുന്ന്, കുറ്റിപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ജല സ്രോതസുകളേയും കൃഷിയേയും ബാധിക്കും. പ്രദേശത്ത് ഇപ്പോള്‍ത്തന്നെ മനുഷ്യ ജീവിതം ദുരിതപൂര്‍ണമാണ്. ക്രഷറുകളും ക്വാറികളും ഉണ്ടാക്കുന്ന പരിസ്ഥിതിനാശവും ജല, വായു, ശബ്ദമലിനീകരണവും ഭയാനകമാണ്.
മലയിടിക്കലും സ്‌ഫോടനങ്ങളും മൂലം ജീവിതം ദുസ്സഹമാണിവിടെ. കൂടാതെ പ്രദേശത്തെ റബ്ബര്‍ ഫാക്ടറിയും പ്രയാസം രൂക്ഷമാക്കുന്നു. ഇതിനിടയിലാണ് പഞ്ചായത്തിലെ മാലിന്യ നിര്‍മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി സ്വകാര്യ വ്യക്തി പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂനിറ്റ് സ്ഥാപിക്കാന്‍ നീക്കം നടത്തുന്നത്. ഇത് പ്രദേശത്തെ മലിനീകരണം വര്‍ധിപ്പിക്കും. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് ഇവിടെ പ്ലാന്റ് സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് സമിതി പഞ്ചായത്ത് അധികൃതര്‍ക്ക് നേരത്തേ ഭീമ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇതിനോട് പഞ്ചായത്ത് വേണ്ട രീതിയില്‍ പ്രതികരിച്ചില്ല. ഇതിനെ തുടര്‍ന്നാണ് നാട്ടുകാരൊന്നടങ്കം പ്രക്ഷോഭവുമായി രംഗത്തിറങ്ങുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍  സമിതി ചെയര്‍മാന്‍ പി വി സുരേന്ദ്രലാല്‍, കോ- ഓര്‍ഡിനേറ്റര്‍  ജി അജിത്കുമാര്‍, കണ്‍വീനര്‍ സജി കള്ളിക്കാട്ട്, ഫ്രാന്‍സിസ് കാക്കക്കൂടുങ്കല്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss