|    Oct 20 Sat, 2018 6:45 pm
FLASH NEWS

പന്തിഭോജനത്തിന്റെ 100 വര്‍ഷങ്ങള്‍

Published : 18th March 2017 | Posted By: G.A.G

panthi

ഒരു കാലത്ത് കേരളം ഇന്ത്യക്ക് മാതൃകയായിരുന്നു. രാഷ്ട്രീയരംഗത്തും സാമൂഹികരംഗത്തും വളര്‍ച്ചയുടെ തിരിനാളങ്ങള്‍ തെളിയിച്ച സമൂഹമായിരുന്നു നമ്മുടേത്. അതിനുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ച നവോത്ഥാന നായകരും നിരവധിയുണ്ട്. അനാചാരങ്ങളെല്ലാം ദൈവത്തെ പ്രീതിപ്പെടുത്താനാണെങ്കില്‍ ആ ദൈവത്തോട് ഞാന്‍ യുദ്ധം പ്രഖ്യാപിക്കുമെന്നു പറഞ്ഞ സഹോദരന്‍ അയ്യപ്പന്‍ അവരില്‍ പ്രമുഖനായിരുന്നു. എന്നിട്ടും അദ്ദേഹം ഓര്‍മിക്കപ്പെടാത്തത് എന്തുകൊണ്ടാണ്?
1889 ആഗസ്ത് 22ന് എറണാകുളത്ത് ചെറായിയിലാണ് സഹോദരന്‍ അയ്യപ്പന്റെ ജനനം. അധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം, ഏറെ താമസിയാതെ എസ്എന്‍ഡിപിയുമായി ബന്ധപ്പെട്ടു. അതുവഴി നാരായണഗുരുവുമായുണ്ടായ അടുപ്പം അദ്ദേഹത്തിന് ജാതീയതയ്‌ക്കെതിരേ പൊരുതാനുള്ള കരുത്തു നല്‍കി. മിശ്രഭോജനം വഴി ജാതിയെ വെല്ലുവിളിക്കാന്‍ പ്രേരണയായതും           ആ അടുപ്പം തന്നെ.

പന്തിഭോജനത്തിന്റെ കഥ
1917ല്‍ അദ്ദേഹം തന്റെ അനുയായികളുമായി സഹോദരസംഘം രൂപീകരിച്ചു. മിശ്രവിവാഹം, മിശ്രഭോജനം എന്നീ പ്രായോഗിക വഴികളിലൂടെ ജാതിഭേദം നീക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയെന്നതായിരുന്നു ലക്ഷ്യം.  ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരു മാധ്യമം ആവശ്യമായപ്പോഴാണ് 1919ല്‍ മട്ടാഞ്ചേരിയില്‍ നിന്ന് സഹോദരന്‍ പത്രം തുടങ്ങിയത്. സമത്വത്തിലധിഷ്ഠിതമായ സമൂഹത്തെ കുറിച്ചുള്ള സങ്കല്‍പങ്ങളായിരുന്നു പത്രത്തിന്റെ നയം.  തൊഴിലാളി പ്രസ്ഥാനങ്ങളെയും യുക്തിചിന്തയെയും പിന്തുണച്ചിരുന്ന സഹോദരന്‍ 1928ല്‍ യുക്തിവാദി മാസികയുടെയും പത്രാധിപത്യം ഏറ്റെടുത്തു. സഹോദരനിലൂം യുക്തിവാദിയിലും അദ്ദേഹം എഴുതിയിരുന്ന മുഖപ്രസംഗങ്ങള്‍ ആ ചിന്തയുടെ നൂതനത്വം തെളിയിക്കുന്നവയാണ്.
അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലുകളില്‍ ഏറ്റവും പ്രധാനമായത് മിശ്രഭോജനപ്രസ്ഥാനമാണ്. അതേക്കുറിച്ച് എഴുതപ്പെട്ട ചരിത്രങ്ങളില്‍  നിരവധി ചേരായ്കകളുണ്ടെന്ന് പില്‍ക്കാലത്ത് ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ആശിര്‍വാദത്തോടെയാണ് പരിപാടി നടന്നതെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. എന്നാല്‍, സാനുമാഷിന്റെ ജീവചരിത്രം പറയുംപോലെ നോട്ടീസടിച്ച് പ്രചാരണം നടത്തിയിട്ടൊന്നുമല്ല മിശ്രഭോജനം നടന്നതെന്നാണ് കണ്ടെത്തല്‍.
അതേക്കുറിച്ചുള്ള വിശ്വസനീയമായ ഒരു വിശദീകരണം (മിശ്രഭോജന ഭൂമിയില്‍ നില്‍ക്കുമ്പോള്‍-എം വി സുബ്രഹ്മണ്യന്‍, എം ബി നാണുത്തമ്പി) ഇങ്ങനെ: 1917 മെയ് 29ന് അയ്യപ്പന്റെ സഹോദരന്‍ കണ്ണന്‍ വൈദ്യരുടെ വീട്ടില്‍ വച്ച് പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അദ്ദേഹം അതിനു സമ്മതിച്ചില്ല. തുടര്‍ന്ന് പരിപാടി മരുമകന്‍ രാമന്‍പിള്ളയുടെ വീട്ടിലേക്കു മാറ്റി. ഗുരുവിന്റെ ഉപദേശവും വാങ്ങിയിരുന്നു. മിശ്രഭോജന പരിപാടിയില്‍ പങ്കെടുക്കാന്‍ ഈഴവരില്‍ നാലുപേരേ ഉണ്ടായിരുന്നുള്ളൂ. പുലയരുടെ കൂട്ടത്തില്‍നിന്ന് രണ്ടുപേര്‍.10 വയസ്സുകാരന്‍ കണ്ണനും അവന്റെ അച്ഛനും. വിളമ്പിയത് നാടന്‍ഭക്ഷണമായിരുന്നു. അവര്‍ കുഴച്ച ചോറ് എല്ലാവരും രുചിച്ചുനോക്കി. കോരു ആശാന്‍ കടല ഉലര്‍ത്തിയതും ചക്കക്കുരു ഉലര്‍ത്തിയതും കണ്ണന്റേയും അവന്റെ അച്ഛന്റേയും ഇലയില്‍ നിന്ന് എടുത്ത് രുചിച്ചു നോക്കി. അങ്ങനെയായിരുന്നുവേ്രത ആദ്യ മിശ്രഭോജനം നടന്നത്. അയ്യപ്പനു ശേഷവും മുമ്പും കേരളത്തില്‍ നിരവധി ഇടങ്ങളില്‍ മിശ്രഭോജനം നടന്നിരുന്നെങ്കിലും മിശ്രഭോജനത്തെ വമ്പിച്ച പരിപാടിയായി മാറ്റിയത് സഹോദരനായിരുന്നു.
അതേസമയം യുക്തിചിന്തയ്ക്കു വേണ്ടി വാദിച്ചിരുന്നതിന്റെ പേരില്‍ അദ്ദേഹത്തെ ഒരു യുക്തിവാദിയായി ചുരുക്കിക്കെട്ടി മറവിയിലേക്കു തള്ളാനുള്ള ശ്രമങ്ങളുണ്ടെന്ന് സുദേഷ് എം രഘുവിനെ പോലുള്ള എഴുത്തുകാര്‍ കരുതുന്നു. സത്യത്തില്‍ സഹോദരന്‍ അയ്യപ്പന്‍ എതിര്‍ത്തിരുന്നത് ഹിന്ദുമത അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ്. അദ്ദേഹം മറ്റു മതങ്ങളെ എതിര്‍ക്കുകയോ എതിരായി പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല. ഇതേക്കുറിച്ചുള്ള നിരവധി തെറ്റിദ്ധാരണകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അവര്‍ണപക്ഷത്തു നിന്ന് പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെട്ട അയ്യപ്പന് ഗാന്ധിജിയേക്കാള്‍ അംബേദ്കറിനോടായിരുന്നു പ്രിയം. ഇത്രയേറെ ഭാവനാശാലിയായിരുന്നിട്ടും kannanസഹോദരന്‍ അയ്യപ്പന്‍ മറ്റു നവോത്ഥാന നായകരെപോലെ ഓര്‍മിക്കപ്പെടുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. അതും യാദൃച്ഛികമല്ലെന്നാണ് സുദേഷിന്റെ അഭിപ്രായം. അതിന് രണ്ടു കാരണങ്ങളാണുള്ളത്. തന്റെ ജീവിതകാലത്ത് ബ്രാഹ്മണ ആചാരങ്ങള്‍ക്കെതിരേ ശക്തമായ രീതിയില്‍ സഹോദരന്‍ എതിര്‍പ്പുപ്രകടിപ്പിച്ചിരുന്നു.
അതുപോലെ അവര്‍ണരും സവര്‍ണരും തമ്മിലുള്ള അകല്‍ച്ച ഇല്ലാതാക്കാന്‍ മിശ്രഭോജനം, മിശ്രവിവാഹം എന്നിവയെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. വിശ്വാസങ്ങളെ ചോദ്യംചെയ്യുന്ന നടപടികള്‍ അനാദരവ് ക്ഷണിച്ചുവരുത്തുമല്ലോ- അതുതന്നെ സഹോദരനും സംഭവിച്ചു. ഈ അനാദരവ് മറവിയുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ പത്രത്തിന്റെ കോപ്പികള്‍ ജീവിതകാലത്തും ശേഷവും സൂക്ഷിക്കപ്പെടാതെ പോയതും അതുകൊണ്ടുതന്നെ. അതിനും ഏറെ വര്‍ഷം മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട മാസികകള്‍ പോലും ശേഖരിക്കപ്പെട്ടിടത്താണ് ഇത്. അദ്ദേഹത്തിന്റെ എഴുതപ്പെട്ട ജീവചരിത്രങ്ങളില്‍ ഏറ്റവും ആധികാരികമായ കെ എസ് സുബ്രഹമണ്യന്റെ പുസ്തകത്തിന്റെ പുതിയ പതിപ്പുപോലും 1972നു ശേഷം പുറത്തുവന്നിട്ടില്ല.

കവി, ഭരണകര്‍ത്താവ്
പത്രപ്രവര്‍ത്തകനും സാമൂഹികപരിഷ്‌കര്‍ത്താവുമൊക്കെ ആയിരിക്കെത്തന്നെ അദ്ദേഹം ഒരു മികച്ച കവിയും എഴുത്തുകാരനുമായിരുന്നു. സോദരരേ എന്ന സംബോധനയോടെ തുടങ്ങുന്ന അദ്ദേഹത്തിന്റെ കവിതകളില്‍ സ്‌നേഹവും തുല്യതയും സാഹോദര്യവും നിറഞ്ഞുനിന്നു. മാവേലി നാടുവാണിടും കാലം എന്ന നാടോടി ഗാനവുമായി ബന്ധപ്പെടുത്തി അദ്ദേഹം എഴുതിയ കവിത അക്കാലത്തും ശേഷവും ഏറെ പരാമര്‍ശിക്കപ്പെട്ടവയാണ്.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം -എന്നു പാടിയ അയ്യപ്പന്‍ മനുഷ്യരെല്ലാം ഏകോദരസഹോദരങ്ങളാണെന്ന ആശയത്തെയാണ് പ്രകാശിപ്പിക്കാന്‍ ശ്രമിച്ചത്.
ദുഷ്ടരെ കണ്‍കൊണ്ടു
കാണ്‍മാനില്ല
നല്ലവരല്ലാതെയില്ല
പാരില്‍- എന്നു പാടിയ  അയ്യപ്പന്‍ കേരളത്തെ കുറിച്ചുള്ള മനോഹരമായ ഭാവനാചിത്രമാണ് വരഞ്ഞത്. ഈ സമത്വചിന്തയാണ് ശ്രീബുദ്ധനിലേക്കും അതുവഴി ബുദ്ധമതത്തിലേക്കും അദ്ദേഹം ആകൃഷ്ടനാവാന്‍ കാരണം.
ശ്രീനാരായണ ഗുരുവും സഹോദരനും തമ്മിലുള്ള ഹൃദയബന്ധത്തെ അദ്ഭുതമായി കണ്ട നിരവധിപേര്‍ അക്കാലത്തുണ്ടായിരുന്നു. വിശ്വാസങ്ങളില്‍ അത്രകണ്ട് അന്തരമുള്ള രണ്ടുപേരായിരുന്നു അത്. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുവചനത്തെ ‘ധര്‍മം’ എന്ന കവിതയിലൂടെ അദ്ദേഹം തിരുത്തുകപോലുമുണ്ടായി.
‘ജാതി വേണ്ട, മതം വേണ്ട
ദൈവം വേണ്ട, മനുഷ്യനു
വേണം ധര്‍മം, വേണം ധര്‍മം
വേണം ധര്‍മം യഥോചിതം.’
സഹോദരന്റെ തിരുത്തുകവിത ശ്രദ്ധയില്‍ പെടുത്തിയ ശിഷ്യരോട് ഗുരു പറഞ്ഞത് ഇങ്ങനെ: രണ്ടും ശരിയാണ് ഞാന്‍ പറയുന്നത് അജ്ഞരോട്, അയ്യപ്പന്‍ പറയുന്നത് വിജ്ഞരോടും.

കൊടുങ്ങല്ലൂര്‍ ഭരണിയിലെ അനാചാരങ്ങളില്‍ ഇടപെട്ട് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തോതില്‍ എതിര്‍പ്പു നേരിടേണ്ടിവന്നു. ഭരണിയിലെ തെറിപ്പാട്ടിനെതിരേ ജാഥയായി വന്ന അദ്ദേഹത്തിന്റെയും അനുയായികളുടെയും ശരീരത്തില്‍ അനുകൂലികള്‍ പുളിയുറുമ്പിന്‍ കൂട് കുടഞ്ഞിട്ടത്രേ.
പ്രത്യക്ഷ സമരങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും സാമൂഹികമാറ്റത്തിനു വേണ്ടി ശ്രമിച്ച അദ്ദേഹം തിരുകൊച്ചി നിയമസഭയിലും അംഗമായിരുന്നു. അയ്യപ്പന്റെ സേവനങ്ങള്‍ കണ്ടറിഞ്ഞ് കൊച്ചി മഹാരാജാവ് അദ്ദേഹത്തിന് വീരശൃംഖല നല്‍കി ആദരിച്ചു. കൊച്ചിയിലെ മരുമക്കത്തായ ബില്ല്, തിയ്യ ബില്ല്, സിവില്‍ മാരേജ് ബില്ല് തുടങ്ങി നിരവധി പുരോഗമന നിയമനിര്‍മാണങ്ങളുടെ പിന്നിലും അയ്യപ്പനുണ്ടായിരുന്നു. 1968 മാര്‍ച്ച് 6നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.                                           ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss