|    Dec 17 Mon, 2018 10:15 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പന്തളം കൊട്ടാരവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും

Published : 23rd November 2018 | Posted By: kasim kzm

മധ്യമാര്‍ഗം – പരമു

കൊല്ലവര്‍ഷാരംഭങ്ങളില്‍ നിലനിന്നിരുന്ന രാജവംശമാണ് പന്തളം രാജവംശം. തമിഴകത്തെ പാണ്ഡ്യരാജവംശത്തിന്റെ ഭാഗമായിരുന്നു ഇതെന്നു പറയപ്പെടുന്നു. പന്തളം വലിയ കോയിക്കല്‍ കൊട്ടാരം സ്ഥിതിചെയ്യുന്നത് അച്ചന്‍കോവിലാറിന്റെ കരയിലാണ്. കാലപ്പഴക്കത്താല്‍ കൂറ്റന്‍ കൊട്ടാരത്തിന്റെ ഭൂരിഭാഗവും നശിച്ചുകഴിഞ്ഞു. ചില ഭാഗങ്ങള്‍ ഇപ്പോഴും കേരളീയ വാസ്തുശില്‍പകലയുടെ സാക്ഷികളായി നില്‍ക്കുന്നു. പന്തളം രാജവംശത്തിനു ശബരിമല ക്ഷേത്രവുമായി അഭേദ്യമായ ബന്ധമുണ്ട്. ക്ഷേത്രത്തില്‍ കൊട്ടാരത്തിന് ചില ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ പണ്ടുകാലം മുതലുള്ളതാണ്. അതുകൊണ്ട് ശബരിമല നട തുറന്നാല്‍ കൊട്ടാരം വക ചില ചടങ്ങുകള്‍ എല്ലാ വര്‍ഷവും നടന്നുവരാറുണ്ട്. ക്ഷേത്രനടത്തിപ്പില്‍ കൊട്ടാരവാസികള്‍ അതിരുകടന്ന് കൈകടത്തുന്നതായ ഒരു ആക്ഷേപവും ഉയര്‍ന്നുവന്നിരുന്നില്ല.
രാജാവും രാജവാഴ്ചയും ചെങ്കോലും കിരീടവുമൊക്കെ ഈ രാജകുടുംബത്തില്‍ ഉണ്ടായിട്ടുണ്ടാവാം. പ്രജകളെ അടിച്ചമര്‍ത്തി ഭരിച്ചിട്ടുണ്ടാവാം. എന്നാല്‍, കേരളീയ പൊതുജീവിതത്തില്‍ പന്തളം കൊട്ടാരത്തിന് ആദരണീയമായ ഒരു പദവി കല്‍പിച്ചുനല്‍കിയിട്ടുണ്ട്. രാഷ്ട്രീയനേതാക്കളും സാമൂഹികപരിഷ്‌കര്‍ത്താക്കളും കവികളും എഴുത്തുകാരും ജന്‍മംകൊണ്ട കൊട്ടാരമാണിത്. പ്രശസ്തമായ ‘ദൈവമേ കൈതൊഴാന്‍’ എന്ന പ്രാര്‍ഥനാഗാനം എഴുതിയത് മഹാകവി പന്തളം കേരളവര്‍മയായിരുന്നു.
സമീപകാലത്ത് ശബരിമല വിവാദങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ പന്തളം കൊട്ടാരവും പരാമര്‍ശിക്കപ്പെട്ടു. ആചാരങ്ങള്‍ സംബന്ധിച്ച തര്‍ക്കവിതര്‍ക്കങ്ങളില്‍ അവരും ഭാഗഭാക്കുകളായി. ശബരിമലയുമായുള്ള ബന്ധം കാരണം കൊട്ടാരം ഇക്കാര്യത്തില്‍ ഇടപെടുന്നതും അഭിപ്രായങ്ങള്‍ പറയുന്നതും തര്‍ക്കപരിഹാരങ്ങള്‍ക്ക് പരിശ്രമിക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍, പന്തളം കൊട്ടാരം ഇക്കുറി പ്രതിക്കൂട്ടിലായിപ്പോയി. അവരുടെ സമവായ വര്‍ത്തമാനങ്ങള്‍ ബഹളങ്ങളില്‍ മുങ്ങിപ്പോയി. സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഭരണകക്ഷികളുമായി ബന്ധപ്പെട്ടവരോ അവരുടെ ഭാഗം കേള്‍ക്കാന്‍ സന്‍മനസ്സ് കാണിച്ചില്ല. മറിച്ച്, കൊട്ടാരത്തെ കിട്ടിയ സന്ദര്‍ഭത്തില്‍ അവഹേളിക്കാനും ആക്ഷേപിക്കാനും മുന്നോട്ടുവന്നു. രാജവാഴ്ചയ്ക്ക് അന്ത്യംകുറിച്ചിട്ട് കാലം ഏറെയായി എന്ന മട്ടിലുള്ള പരിഹാസങ്ങള്‍ മന്ത്രിമാരുടെ ഭാഗത്തു നിന്നുപോലും ഉണ്ടായി. നിഷ്പക്ഷമായി നിലയുറപ്പിച്ച പന്തളം കൊട്ടാരത്തെ ഹിന്ദുത്വ കൂടാരത്തിലേക്ക് തള്ളിവിടാന്‍ അറിഞ്ഞോ അറിയാതെയോ പലരും ശ്രമിച്ചു. അതിന്റെ മുന്‍പന്തിയില്‍ കമ്മ്യൂണിസ്റ്റുകളായിരുന്നു. പന്തളം കൊട്ടാരവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരുപക്ഷേ, ഇവരാരും ഓര്‍ത്തുകാണില്ല. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വേരുപിടിച്ചത് തൊഴിലാളികളുടെ മാത്രം മുന്നേറ്റംകൊണ്ടായിരുന്നില്ല.
സോഷ്യലിസ്റ്റ് ചിന്താഗതിയില്‍ ആകൃഷ്ടരായ എത്രയോ സമ്പന്നന്‍മാരും സവര്‍ണകുടുംബങ്ങളും തമ്പുരാക്കന്‍മാരും പാര്‍ട്ടി വളര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു. അത്തരത്തിലുള്ള തറവാട്ടുകാരായിരുന്നു ഇക്കൂട്ടര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാലങ്ങളില്‍ തന്നെ പന്തളം കൊട്ടാരത്തില്‍ പാര്‍ട്ടിക്ക് കമ്മിറ്റിയുണ്ടായിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ച 1948 മുതല്‍ 1951 വരെയുള്ള കാലത്താണ് പന്തളം കൊട്ടാരത്തിന്റെ സേവനം പാര്‍ട്ടിക്ക് ലഭിച്ചത്. അക്കാലത്ത് ഒളിവിലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് അഭയം നല്‍കാന്‍ ആരും തയ്യാറല്ല. പോലിസിന് സൂചന കിട്ടിയാല്‍ കൊടിയ മര്‍ദനങ്ങളാണ് അഴിച്ചുവിടുക. ഈ സന്ദര്‍ഭത്തിലാണ് സമുന്നതരായ കമ്മ്യൂണിസ്റ്റ് നേതാക്കളെ പന്തളം കൊട്ടാരത്തില്‍ ദിവസങ്ങളോളം ഒളിവില്‍ താമസിപ്പിച്ചത്.
സി അച്യുതമേനോന്‍, എം എന്‍ ഗോവിന്ദന്‍ നായര്‍, പി കെ വാസുദേവന്‍ നായര്‍, പി ടി പുന്നൂസ്, എ കെ തമ്പി, സി കെ ഭാസ്‌കരന്‍ തുടങ്ങിയ പാര്‍ട്ടി നേതാക്കള്‍ കൊട്ടാരത്തില്‍ ഒളിവില്‍ക്കഴിഞ്ഞു. കൊട്ടാരം റെയ്ഡ് ചെയ്യുമെന്ന വിവരം കിട്ടിയപ്പോള്‍ പാര്‍ട്ടി നേതാക്കളെയെല്ലാം സുരക്ഷിതരായി അവിടെ നിന്ന് മാറ്റി.
കമ്മ്യൂണിസ്റ്റ് നേതാക്കളെ സംരക്ഷിച്ച പാരമ്പര്യമാണ് പന്തളം കൊട്ടാരത്തിനുള്ളത്. ബന്ധം പന്തളം കൊട്ടാരം ഇക്കാലമത്രയും കാത്തുസൂക്ഷിച്ചു. സി അച്യുതമേനോന്‍, പി കെ വാസുദേവന്‍ നായര്‍ എന്നിവരൊക്കെ പന്തളം കൊട്ടാരത്തിലെ ചടങ്ങുകളിലൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു. സ്വാധീനമുണ്ടായിരുന്നുവെങ്കിലും എന്തെങ്കിലും പദവികള്‍ക്കോ സ്ഥാനമാനങ്ങള്‍ക്കോ പന്തളം കുടുംബം ആരെയും സമീപിക്കാറില്ല. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss