|    Apr 22 Sun, 2018 6:42 am
FLASH NEWS

പന്തളം കുറുന്തോട്ടയം പാലത്തിന്റെ നിര്‍മാണം: കെഎസ്ആര്‍ടിസി ചാര്‍ജ് വര്‍ധനയ്‌ക്കെതിരേ ജില്ലാ വികസന സമിതി

Published : 26th September 2016 | Posted By: SMR

പത്തനംതിട്ട: എംസി റോഡിലെ പന്തളം കുറുന്തോട്ടയം പാലം പൊളിച്ചതുമായി ബന്ധപ്പെട്ട് അധിക ദൂരം ഓടുന്ന കാരണത്താല്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിച്ച വിഷയം കലക്ടര്‍ കെഎസ്ആര്‍ടിസി എം ഡിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ അധ്യക്ഷത വഹിച്ചു. പൊതുകുളങ്ങള്‍ സംരക്ഷിക്കാനും നവീകരിക്കാനും നടപടി സ്വീകരിക്കണം.
കൊടുമണ്‍ പ്ലാന്റേഷനിലെ കാട്ടുപന്നി ശല്യം ഒഴിവാക്കാന്‍ നടപടിയുണ്ടാവണം. അടൂര്‍ മേഖലയില്‍ സ്‌കൂള്‍ സമയത്ത് ടിപ്പറുകള്‍ അമിത വേഗത്തില്‍ പോകുന്നുണ്ടെന്നും ഇവ കസ്റ്റഡിയിലെടുക്കണം. കടമ്പനാട്-ചക്കുവള്ളി റോഡ് നന്നാക്കുന്നതിന് നടപടി സ്വീകരിക്കണം. ഏനാത്ത് മാര്‍ക്കറ്റിനു സമീപം വയലിനടുത്ത് മലിനജലം കെട്ടിക്കിടക്കുന്നു. ഇതിനു പരിഹാരം കാണണം.
അടൂര്‍ ജനറല്‍ ആശുപത്രിയുടെ കാഷ്വാലിറ്റിക്ക് മുന്നിലുള്ള സ്ഥലം തകര്‍ന്നിട്ടുണ്ടെന്നും ഇത് നന്നാക്കാന്‍ പൊതുമരാമത്ത് നടപടി സ്വീകരിക്കണം. ഏനാത്ത് മിനി ഹൈവേയില്‍ വളവുള്ള ഭാഗത്ത് വശങ്ങളില്‍ പുല്ല് കാടുപിടിച്ചുകിടക്കുന്നത് ഉടന്‍ നീക്കം ചെയ്യണമെന്നും ചിറ്റയം ഗോപകുമാര്‍ ആവശ്യപ്പെട്ടു. ഐഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അട്ടത്തോട് നിര്‍മിച്ച വീടുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനു കാലപ്പഴക്ക സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ നിന്ന് നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ പഞ്ചായത്തുകള്‍ വെളിസ്ഥല വിസര്‍ജന മുക്ത പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണം. ചേത്തോങ്കരയില്‍ അപകടാവസ്ഥയിലുള്ള മാവ് മുറിച്ചുമാറ്റുന്നതിന് ഉടന്‍ നടപടി സ്വീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു. നാരങ്ങാനം പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ ഏഴുമാസമായി 40 കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടങ്ങിയ വിഷയത്തില്‍ നടപടി വേണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ ആവശ്യപ്പെട്ടു. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥനെതിരെ കലക്ടര്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി.
ഓമല്ലൂര്‍-കൈപ്പട്ടൂര്‍ റോഡില്‍ അപകടമുണ്ടാകുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. പ്രമാടം പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയില്‍ പൊതു ടാപ്പുകള്‍ സ്ഥാപിക്കുന്നതിനു പകരം വീടുകളില്‍ പൈപ്പ് കണക്ഷന്‍ നല്‍കുന്നത് പരിഗണിക്കണമെന്ന് അടൂര്‍ പ്രകാശ് എംഎല്‍എ പറഞ്ഞു. കാട്ടാത്തി കോളനിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണം. കോയിപ്രം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ആന്താലിമണ്‍ കുടിവെള്ള പദ്ധതിയില്‍ കൂടുതല്‍ ശക്തിയുള്ള മോട്ടോറുകള്‍ സ്ഥാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു.
വള്ളംകുളം ജങ്ഷനില്‍ ഇരവിപേരൂര്‍ പഞ്ചായത്തിന്റെ തോട്  മണ്ണിട്ടു നികത്തിയതുമായി ബന്ധപ്പെട്ട് അനധികൃത കയ്യേറ്റം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ നടപടി വേഗത്തിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പറഞ്ഞു. ആനിക്കാട് പഞ്ചായത്തിലെ രാജീവ് ഗാന്ധി കോളനിയിലുള്ളവര്‍ക്ക് പട്ടയം ലഭിക്കുന്നതിന് അടയ്‌ക്കേണ്ട സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുന്നതിനു നടപടി വേണമെന്ന് മന്ത്രി മാത്യു ടി.തോമസിന്റെ പ്രതിനിധി അലക്‌സ് കണ്ണമല പറഞ്ഞു. കവിയൂര്‍-ചങ്ങനാശേരി റോഡില്‍ മോശം അവസ്ഥയിലുള്ള കവിയൂര്‍-ഞാലിക്കണ്ടം ഭാഗത്തെ പണി ഉടന്‍ നടത്തണം. മല്ലപ്പള്ളി-തിരുവല്ല റോഡ്, കുറ്റൂര്‍-മനക്കച്ചിറ കിഴക്കന്‍ മുത്തൂര്‍ റോഡ് എന്നിവയുടെ പണിയും നടത്തണം. തിരുവല്ല-കായംകുളം റോഡില്‍ പുളിക്കീഴ് പാലത്തിനു സമീപം റോഡ് ഇടിഞ്ഞിട്ടുണ്ടെന്നും കെ.എസ്റ്റി പി ഇത് ഉടന്‍ നന്നാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറത്ത് പഞ്ചായത്തില്‍ കെഎ പി മൂന്നാം ബറ്റാലിയന്‍ പോലീസ് ക്യാമ്പിനോട് ചേര്‍ന്ന സ്ഥലം കയ്യേറിയതുമായി ബന്ധപ്പെട്ട് അടുത്ത വികസന സമിതിക്ക് മുന്‍പ് നടപടി സ്വീകരിച്ച് അറിയിക്കണമെന്ന് കലക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി.  ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ജെ ആമിന, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss