|    Nov 15 Thu, 2018 8:54 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പനോരമയുടെ കൈത്താങ്ങില്‍ ദുല്‍പയുടെ സ്വപ്‌നഭവനം ഒരുങ്ങുന്നു

Published : 11th July 2018 | Posted By: AAK

ദമ്മാം: സഹായത്തിനും സാന്ത്വനത്തിനും ഒരാളില്ലാതെ കഷ്ടപ്പെടുന്ന ശ്രീലങ്കക്കാരിയായ ദുല്‍പയ്ക്ക് പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായ പനോരമയുടെ കൈത്താങ്ങില്‍ വീടൊരുങ്ങുന്നു. ഇലന്തൂരിനടുത്ത് പൂക്കോട് റോഡില്‍ അഞ്ച് സെന്റിലാണ് ആകെ 16 ലക്ഷം ചെലവ് കണക്കാക്കുന്ന സ്വപ്‌നഭവനം പണിയുന്നത്. വീടിന്റെ താക്കോല്‍ ദാനം ആഗസ്ത് 17ന് രാവിലെ 9 മണിക്ക് പ്രമുഖരുടെ സാന്നിധ്യത്തില്‍ നടക്കും. 2003ല്‍ ദുബായില്‍ ജോലി ചെയ്യുമ്പോഴാണ് പത്തനംതിട്ട വാഴമുട്ടം സ്വദേശി അജി ഫിലിപ്പിനെ ദുല്‍പ വിവാഹം ചെയ്യുന്നത്. ഇതോടെ ഇരുവരെയും വീട്ടുകാരും ബന്ധുക്കളും കൈവിട്ടു. അതിനിടെ ദുബായിലെ ജോലി നഷ്ടപ്പെട്ട അജി കേരളത്തിലെത്തി കുടുംബത്തോടൊപ്പം ചെറിയ കച്ചവടവുമായി നെടുമ്പാശ്ശേരിയില്‍ താമസമായി. വൈകാതെ കച്ചവടം നഷ്ടത്തിലാവുകയും കടംകയറി വീടും വാഹനവും വിറ്റു. 2010 ജൂലൈ വാഹനാപകടത്തില്‍ അജി മരിച്ചതോടെ ദുല്‍പയുടെയും രണ്ട് മക്കളുടെയും കഷ്ടകാലം തുടങ്ങി. ദുല്‍പയ്ക്കും ഒരു മകനും ശ്രീലങ്കന്‍ പൗരത്വമായിരുന്നു. കുട്ടികളെ സ്വീകരിക്കാന്‍ ശ്രീലങ്കയിലെ ബന്ധുക്കളും തയ്യാറായില്ല. സാമ്പത്തിക പ്രയാസങ്ങള്‍ മൂര്‍ച്ഛിച്ചതോടെ താമസിച്ചിരുന്ന വാടകവീടൊഴിഞ്ഞു. ഒമ്പതിലും ആറിലും പഠിക്കുന്ന ആണ്‍മക്കളെ കോട്ടയത്ത് അനാഥാലയത്തിലാക്കി. ദുല്‍പയിപ്പോള്‍ അജിയുടെ ദുബായിലുണ്ടായിരുന്ന സുഹൃത്തുക്കളില്‍ ചിലരുടെ വീടുകളില്‍ മാറി മാറി കഴിയുകയാണ്. പൗരത്വം ഇനിയും ആയിട്ടില്ല. ജില്ലാ കലക്ടറുള്‍പ്പെടെ പ്രാദേശിക ഭരണകൂടത്തില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടായിട്ടും ദുല്‍പയെയും മക്കളെയും ഏറ്റെടുക്കാനോ അന്തിയുറങ്ങാന്‍ ഒരു കൂര പണിയുന്നതിന് ഒരുതുണ്ട് ഭൂമി നല്‍കാനോ അജിയുടെ വീട്ടുകാര്‍ തയ്യാറായില്ലെന്ന് പറയുന്നു.

പ്രദേശിക ഭരണകൂടത്തില്‍ നിന്നും ലഭിച്ച മികച്ച പിന്തുണ കൊണ്ടാണ് പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് പനോരമ ഭാരവാഹികള്‍ വ്യക്തമാക്കി. വീട്ടിലേക്കുള്ള വഴി പുനരുദ്ധരിച്ച് കോണ്‍ക്രീറ്റ് ചെയ്യാമെന്നും കിണര്‍ നിര്‍മിച്ച് നല്‍കാമെന്നും പഞ്ചായത്ത് അധികാരികള്‍ ഏറ്റിട്ടുണ്ട്. പനോരമയുടെ സാഹിത്യ പുരസ്‌കാരം താക്കോല്‍ദന ചടങ്ങില്‍ പ്രസിദ്ധ നോവലിസ്റ്റ് ബെന്യാമിന് സമ്മാനിക്കുമെന്നും കാഴ്ചാ വൈകല്യത്തെ മറികടന്ന് ബിഎക്കും എംഎക്കും ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഫെബിന്‍ മറിയം ജോസിനെ ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ ചെറിയാന്‍ തോമസ്, പ്രസിഡന്റ് സി എം സുലൈമാന്‍, ജനറല്‍ സെക്രട്ടറി അനില്‍ മാത്യൂസ്, സെക്രട്ടറി റോയി കുഴിക്കാല, കണ്‍വീനര്‍ ബിനു മരുതിക്കല്‍, ബിനു പി ബേബി, ഷാജഹാന്‍ വല്ലന പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss