|    Apr 22 Sun, 2018 5:58 pm
FLASH NEWS
Home   >  Kids corner   >  

പനി

Published : 31st August 2015 | Posted By: admin

pani
”ബാബ, മായിന്‍കുട്ടി എന്തിനാണ് ഷഹാനയെ കൊന്നത്?”’ പത്രവായനയ്ക്കിടയില്‍, പത്തു വയസ്സുകാരിയായ മകളുടെ ചോദ്യം കേട്ടില്ലെന്നു നടിച്ചു. പക്ഷേ, അവള്‍ വിടാന്‍ ഭാവമില്ലായിരുന്നു. ആവര്‍ത്തിച്ചുളള അവളുടെ ചോദ്യങ്ങള്‍ക്കൊടുവില്‍ ശബ്ദം ഇടറിയിരുന്നു. മുഖമുയര്‍ത്തിനോക്കിയപ്പോള്‍ കണ്ടു, അവള്‍ കരയുന്നു, കൈകള്‍ വിറയ്ക്കുന്നു. കൈയിലിരുന്ന പത്രത്താളുകളുടെ ഉള്‍പേജ് അവള്‍ക്കു വായിക്കാന്‍ കൊടുത്തത് താന്‍ തന്നെയായിരുന്നു. ‘ഷഹാനവധം’  രണ്ടുദിവസമായി പത്രത്തില്‍ നിറഞ്ഞുനില്‍ക്കുകയാണെന്ന കാര്യം മറന്നുപോയിരുന്നു.
മറുപടിക്ക് കാത്തവള്‍ തെല്ലുനേരമിരുന്നു. പിന്നെ എണീറ്റകത്തേക്കു പോയി. അവള്‍ താഴെയിട്ടു പോയ പത്രത്താളുകളെടുത്തു നോക്കി. ഷഹാനയുടെ കൊലയാളിയെ അറസ്റ്റ് ചെയ്തിരിക്കുന്നു. മായിന്‍കുട്ടി. മൂന്നു മക്കളുടെ പിതാവ്! ഷഹാനയുടെ അയല്‍ക്കാരന്‍. പൂപോലെ പുഞ്ചിരി പൊഴിക്കുന്ന പത്തുവയസ്സുകാരി ഷഹാനയുടെ ഫോട്ടോയുമുണ്ട്. കണ്ണുകള്‍ അറിയാതെ നനഞ്ഞു.
”ഇന്നെന്താ കുളിയും നാസ്തയും വേണ്ടേ? ഈ നേരത്തൊരു കിടപ്പ്!” തിങ്കളാഴ്ച സ്‌കൂളില്‍ പോകാനായി അകത്ത് മകളെ ശാസിക്കുകയാണ് അവളുടെ ഉമ്മ. ”ഇന്ന് പോണില്ലെന്നോ. കാരണം?” ഉമ്മയുടെ ശബ്ദം ഉയരുകയാണ്. ”’ദേ കേട്ടില്ലേ, ഇവള്‍ക്കിന്ന് സ്‌കൂളില്‍ പോകണ്ടാന്ന്”- അവള്‍ പുറത്തേക്കു തലനീട്ടി പറഞ്ഞു. അകത്ത് ചെന്നു നോക്കി. മകള്‍ കിടക്കുകയാണ്.’ തൊട്ടുണര്‍ത്താന്‍ കൈ നീട്ടിയപ്പോളറിഞ്ഞു, അവള്‍ക്ക് പൊളളുന്ന പനി.
”മോള്‍ക്ക് പനിക്കുന്നുണ്ടല്ലോ. ഇന്നവള്‍ റെസ്‌റ്റെടുക്കട്ടെ. ഞാന്‍ പോയി മാഡത്തോട് ലീവ് പറഞ്ഞോളാം.” ഭാര്യയെ സമാധാനിപ്പിച്ച് കനമുളള മനസ്സോടെ മുറ്റത്തേക്കിറങ്ങുമ്പോള്‍ കണ്ടു, മകളുടെ വെളുമ്പിപ്പൂച്ച വേലിക്കരികില്‍ ചത്തു കിടക്കുന്നു. രാത്രിയില്‍ അതിന്റെ ദയനീയ കരച്ചില്‍ കേട്ടിരുന്നതോര്‍ത്തു.
സ്‌കൂളിന്റെ പടികടക്കുമ്പോള്‍ ശ്രദ്ധിച്ചു. സാധാരണ തിരക്കുകള്‍ കാണുന്നില്ല. കുട്ടികളുടെ ബഹളമില്ല. നേരെ മാഡത്തിന്റെ മുറിയിലേക്കു നടന്നു. അവര്‍ മേശമേല്‍ തലചായ്ച്ചു കിടക്കുന്നു. കാല്‍പ്പെരുമാറ്റം കേട്ട് അവര്‍ തലയുയര്‍ത്തി.
”ഗുഡ് മോര്‍ണിങ് മാഡം”- അവര്‍ പ്രതികരിച്ചില്ല, അവരുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. കരഞ്ഞു വീര്‍ത്ത മുഖം.
”മോള്‍ക്ക് പനിയാണ്. അതുകൊണ്ട് ലീവ് പറയാന്‍ വന്നതാണ്.”
”മിക്ക കുട്ടികള്‍ക്കും ഇന്ന് പനിയാണ്. എനിക്കും കുറേശ്ശെ പനിയുണ്ട്”- മാഡം പറഞ്ഞു. ”’പത്രം വായിച്ചില്ലേ, ഷഹാനയുടെ കൊലയാളിയെ അറസ്റ്റ് ചെയ്തു. ഒരു…..ഒരു മായിന്‍കുട്ടി. എങ്കില്‍ ശരി, എനിക്ക് കുറച്ച് ജോലികളുണ്ട്”- അവര്‍ പിന്നെയും എന്തൊക്കെയോ ശബ്ദം താഴ്ത്തി പറഞ്ഞു.
റോഡിലേക്കിറങ്ങുമ്പോള്‍ പത്രക്കാരന്‍ എതിരേ വന്നു. പതിവായി വരാറുളള ആളല്ല.
”എടോ, സുകു എവിടെ?”’ ”അളിയന് പനിയാ, ‘അതുകൊണ്ട് ഈ ഏരിയയിലും ഇന്ന് ഞാനാ ഇടുന്നത്.”’ എന്റെ ചോദ്യത്തിനുളള ഉത്തരം അവന്‍ സൈക്കിള്‍ നിര്‍ത്താതെതന്നെ വലിച്ചെറിഞ്ഞു.
”തന്റെ അളിയനോട് പറഞ്ഞേക്കണം, എനിക്ക് നാളെ മുതല്‍ പത്രം വേണ്ടെന്ന്.”         ി

സമര്‍പ്പണം: മലപ്പുറം ചെരണ്ടത്തൂര്‍ യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിനി ഷഹാനമോള്‍ക്ക്.
തിന്മയുടെ കിരാതകരങ്ങളാല്‍ പിടഞ്ഞു മരിച്ച സാംസ്‌കാരികകേരളത്തിന്റെ പൊന്നുമോള്‍ക്ക്
ഒത്തിരി ഒത്തിരി മാപ്പപേക്ഷകളോടെ.

Read more on:
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക