|    Dec 13 Thu, 2018 5:05 pm
FLASH NEWS

പനി മരണം: താലൂക്കാശുപത്രിയില്‍ നിരീക്ഷണ സംവിധാനം ഒരുക്കും- മന്ത്രി ശൈലജ

Published : 22nd May 2018 | Posted By: kasim kzm

പേരാമ്പ്ര: പനിമരണത്തെ തുടര്‍ന്ന് ഭീതിയിലായവര്‍ക്കും പനി ബാധിച്ചെത്തുന്നവര്‍ക്കും മികച്ച പരിചരണവും നീരീക്ഷണവും ആവശ്യമായി വരുന്നതിനാല്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ മെച്ചപ്പെട്ട രീതിയിലുള്ള ഒബ്‌സര്‍വേഷന്‍ വാര്‍ഡ് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. നിപാ വൈറസ് ബാധിച്ച് മരിച്ച ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കട പ്രദേശം സന്ദര്‍ശിക്കുന്നതിനിടെ അവര്‍ സൂചിപ്പിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതാണ് പനി കൂടുതല്‍ വ്യാപകമാവാതെ നോക്കാന്‍ കഴിഞ്ഞത്.
പരിചരണത്തില്‍ ഏര്‍പ്പെട്ട താലൂക്കാശുപത്രിയിലെ താല്‍ക്കാലിക നഴ്‌സിന്റെ മരണത്തില്‍ മന്ത്രി അനുശോചനം അറിയിച്ചു. കൂടാതെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.നിപാ വൈറസ് ബാധ മൂലം ചികില്‍സ തേടുന്നവര്‍ക്ക് പണമില്ലാത്തതിനാല്‍ ചികില്‍സ ലഭിക്കാതിരിക്കില്ലെന്നും സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും മന്ത്രി പറഞ്ഞു. ഈ ഘട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. രോഗബാധിതനായ രണ്ടാമത്തെ ആളിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സാധിച്ചത് രോഗം വ്യാപിക്കുന്നത് നിയന്ത്രിക്കാന്‍ സഹായകമായി. മരണമുണ്ടായ വീട്ടിലെ അയല്‍വാസികള്‍ വീട് വിട്ടു പോവുന്നത് ഭയത്താലാണ്. ആരും പരിഭ്രാന്തരാകരുതെന്ന് മന്ത്രി പറഞ്ഞു. ചങ്ങരോത്ത്, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലെ പൊതുജനങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുമായി മന്ത്രിമാരായ ടി പി രാമകൃഷ്ണനും കെ കെ ശൈലജ ടീച്ചറും ചര്‍ച്ച നടത്തി.
നിപാ വൈറസ് ബാധയാല്‍ മൂന്ന് മരണം സംഭവിച്ച ചങ്ങരോത്തും, വൈറസ് പനിയെത്തുടര്‍ന്ന് ചികില്‍സയിലിരിക്കെ വീട്ടമ്മയായ ജാനകി മരണമടഞ്ഞ ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കണ്ടീത്താഴ പ്രദേശത്തും ആരോഗ്യ മന്ത്രി കെ കെ ശൈലജ സന്ദര്‍ശനം നടത്തി.  പ്രദേശത്ത് നിപാ വൈറസ് ബാധയെന്ന സംശയത്തില്‍  ചെറിയ പറമ്പില്‍ വേണുവിന്റെ ഭാര്യ ജാനകി (45) യുടെ മരണത്തെ തുടര്‍ന്ന് രൂപപ്പെട്ട ഭീതി യകറ്റാന്‍ ലക്ഷ്യമിട്ടാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss