|    Aug 21 Mon, 2017 3:41 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പനി പ്രതിരോധം : സര്‍ക്കാര്‍ ഉറപ്പു പാലിച്ചില്ലെന്ന് നിയമസഭാ സമിതി

Published : 9th August 2017 | Posted By: fsq

 

തിരുവനന്തപുരം: പനി പ്രതിരോധം സംബന്ധിച്ച് സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കാതിരുന്നതാണ് പനിമരണം ആവര്‍ത്തിക്കാന്‍ കാരണമായതെന്ന് നിയമസഭാ സമിതി റിപോര്‍ട്ട്. സഭാതലത്തിലെ ഉറപ്പുകള്‍ സംബന്ധിച്ച നിയമസഭാ സമിതിയുടെ റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സമിതിയുടെ ഒന്നും രണ്ടും റിപോര്‍ട്ട് അധ്യക്ഷനായ വി കെ ഇബ്രാഹീംകുഞ്ഞ് ഇന്നലെ സഭയുടെ മേശപ്പുറത്തു വച്ചു. 13ാം കേരള നിയമസഭയില്‍ 2014 ജനുവരിയില്‍ സര്‍ക്കാര്‍ ന ല്‍കിയ ഉറപ്പിനെ ആധാരമാക്കി നടത്തിയ പഠനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് ഇബ്രാഹീംകുഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ സര്‍ക്കാര്‍തലത്തി ല്‍ നല്‍കുന്ന ഉറപ്പുകള്‍ കൈകാര്യം ചെയ്യുന്നതിലും നിയമസഭാ ചോദ്യങ്ങള്‍ക്ക് യഥാസമയം മറുപടി നല്‍കുന്നതിലുമുള്ള ഉദാസീനത സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുകയും ഉറപ്പുകളുടെ നിര്‍വഹണം കാര്യക്ഷമവും സമയബന്ധിതവുമാക്കുന്നതിനുള്ള ശുപാര്‍ശക ള്‍ നല്‍കുകയുമാണ് സമിതിയുടെ ഉത്തരവാദിത്തം. സഭാതലത്തില്‍ നല്‍കുന്ന ഉറപ്പുകള്‍ യഥാസമയം പാലിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തുന്നുവെന്ന കാര്യം ആവര്‍ത്തിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും ഓരോ ഉറപ്പിന്റെയും നി ര്‍വഹണം സംബന്ധിച്ച വിവരം സമിതിയെ അറിയിക്കുന്നതിന് മാസങ്ങളും വര്‍ഷങ്ങളും എടുക്കാറുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി. 11, 12 നിയമസഭകളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ സ്വീകരിച്ച നടപടിപോലും സര്‍ക്കാര്‍ സമിതിയെ അറിയിച്ചിട്ടില്ല. ഇക്കാര്യം സര്‍ക്കാര്‍ കൃത്യസമയത്ത് ചെയ്തിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമായിരുന്നു. ഇത്തരം പല ഉറപ്പുകളും കാലഹരണപ്പെടുന്നത് സഭാനടപടികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയ്ക്കു തന്നെ മങ്ങലേല്‍പ്പിക്കും. പാര്‍ലമെന്ററി വകുപ്പും ചീഫ് സെക്രട്ടറിയുടെ ഓഫിസും വിവിധ വകുപ്പുകളിലുള്ള കുടിശ്ശിക ഉറപ്പുകളുടെ ഫയലുകള്‍ തീര്‍പ്പാക്കുന്ന കാര്യത്തില്‍ പ്രത്യേക താല്‍പര്യമെടുക്കണമെന്നും ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കണമെന്നും സമിതി നിര്‍ദേശം നല്‍കി. സമ്മേളന കാലയളവില്‍ സഭയില്‍ വന്നിട്ടുള്ള ചോദ്യങ്ങള്‍ക്ക് യഥാസമയം പൂര്‍ണമായ ഉത്തരം ലഭ്യമായിട്ടില്ലെങ്കില്‍ കാലതാമസപത്രിക സഹിതം അടുത്ത സഭാസമ്മേളനത്തിന്റെ ആദ്യദിവസങ്ങളില്‍ ഉത്തരം സഭയുടെ മേശപ്പുറത്തു വയ്ക്കണമെന്ന് പാര്‍ലമെന്ററികാര്യ വകുപ്പിനോട് സമിതി നിര്‍ദേശിച്ചു. സമിതി അംഗങ്ങളായ ബി ഡി ദേവസി, വി ടി ബല്‍റാം, കെ ദാസന്‍, പുരുഷന്‍ കടലുണ്ടി, കെ ബാബു സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക