|    Mar 20 Tue, 2018 11:22 pm
FLASH NEWS

പനി പടരുന്നു : മതിയായ ചികില്‍സ കിട്ടാതെ താഴെക്കോട്ടെ ആദിവാസികള്‍

Published : 14th July 2017 | Posted By: fsq

 

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: പകര്‍ച്ചവ്യാധികളും പനിയും പടരുമ്പോഴും മതിയായ ചികില്‍സ കിട്ടാതെ താഴെക്കോട്ടെ ആദിവാസികള്‍ ദുരിതത്തില്‍. താഴെക്കോട് ഗ്രാമപ്പഞ്ചായത്തിലെ ഏഴ് ആദിവാസി കോളനികളില്‍ നാല് കോളനികളിലും ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. മതിയായ ചികില്‍സ ലഭ്യമാവാതെ പലരും ഊരുകളില്‍ അതി ദയനീയ അവസ്ഥയിലാണ് കഴിയുന്നത്. ഒരാഴ്ച മുമ്പ് ട്രൈബല്‍ വകുപ്പിന്റെ മൊബൈല്‍ ക്ലിനിക്കുകള്‍ ആദിവാസി ഊരിന്റെ കിലോമീറ്ററുകള്‍ അപ്പുറം നിര്‍ത്തി രോഗമില്ലാത്ത ആദിവാസികളെ പരിശോധിക്കുകയും രോഗമുള്ളവര്‍ക്ക് കൃത്യമായ ചികില്‍സ ലഭ്യമാക്കുന്നതിന് പകരം ജില്ലാ ആശുപത്രിയില്‍ പോവാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. വാഹനമോ യാത്ര സൗകര്യമോ ഇല്ലാത്ത ഈ കാടിന്റെ മക്കള്‍ ഊരുകളില്‍ ഒതുങ്ങിക്കൂടിമ്പോള്‍ രോഗം അതീവ ഗുരുതരമാവുകയും ചെയ്യുന്നു. ഇവരെ ഏതെങ്കിലും നിലയ്ക്ക് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഊരുകളില്‍ നിന്നു ആശുപത്രിയില്‍ എത്തിച്ചാല്‍ പിന്നീട് സൗജന്യ ചികില്‍സയ്ക്ക് രേഖകള്‍ ആവശ്യപ്പെടുകയാണ് ആശുപത്രി അധികൃതര്‍. ഇവര്‍ക്കുള്ള ജാതി സര്‍ട്ടിഫിക്കറ്റിന് വില്ലേജ് ഓഫിസര്‍ക്ക് അപേക്ഷ നല്‍കി തഹസില്‍ദാര്‍ സാക്ഷ്യപത്രം അനുവദിക്കുമ്പോഴേക്കും രോഗം ഗുരുതരമായി, ചികില്‍സ ഫലിക്കുന്നതിനുള്ള ആരോഗ്യം പോലും നഷ്ടപ്പെട്ടവരായിരിക്കും. ഇവര്‍ക്ക് ചികില്‍സാ ആവശ്യാര്‍ഥം ഒരു തിരിച്ചറിയല്‍ കാര്‍ഡെങ്കിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകര്‍ അധികാരികള്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അപേക്ഷയില്‍ നടപടിയൊന്നുമുണ്ടായില്ല. എന്നും അവഗണനയും ചൂഷണവും ഈ വിഭാഗത്തെ പാര്‍ശ്വവല്‍ക്കരിക്കുകയാണ്. എല്ലാ പ്രതീക്ഷയും അസ്തമിച്ച് ജീവിക്കാനുള്ള ആശയറ്റ ഇവരില്‍ പലരും മാനസിക നില തകര്‍ന്നവരാണ്. അതാടൊപ്പം പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി.തൊഴിലില്ലായ്മയും പട്ടിണിയും പോഷകാഹാരക്കുറവും കാരണത്താല്‍ കുട്ടികളുടെയും വൃദ്ധരുടെയും ശാരീരിക പ്രതിരോധശേഷി പോലും നഷ്ടപ്പെട്ടിരിക്കുകയാണ്. ട്രൈബല്‍ വകുപ്പിന്റെ നിരുത്തരവാദ പ്രവര്‍ത്തനങ്ങളും ഫയലുകളില്‍ വിശ്രമിക്കുന്ന റിപോര്‍ട്ടുകളും ഈ പാവപ്പെട്ട ജനവിഭാഗത്തിന്റെ ജീവിതം ദുസ്സഹമാക്കുന്നു. മഹാമാരിയും, സാംക്രമിക രോഗങ്ങളും പടര്‍ന്നുപിടിച്ച് കൂട്ടമരണം സംഭവിക്കുന്നതിനുമുമ്പ് അധികൃതര്‍ കണ്ണു തുറയ്ക്കണമെന്നും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയവര്‍ക്ക് അടിയന്തര, വിദഗ്ദ ചികില്‍സ ലഭ്യമാക്കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. മുഴുവന്‍ കോളനികളിലും മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉറപ്പുവരുത്തണമെന്നും  ഇവര്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss