|    Nov 18 Sat, 2017 4:18 am
Home   >  Todays Paper  >  Page 5  >  

പനിമരണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം : പ്രതിപക്ഷം

Published : 11th August 2017 | Posted By: fsq

 

തിരുവനന്തപുരം: പനിമരണം തടയുന്നതിലും പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ പരാജയമെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്ത് പനിമരണങ്ങള്‍ കുറഞ്ഞതായും സര്‍ക്കാര്‍ ഇടപെട്ടതോടെ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമായെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി കെ കെ ശൈലജ അറിയിച്ചു.  ദക്ഷിണേന്ത്യയൊട്ടാകെ പകര്‍ച്ചവ്യാധിയുടെ പിടിയിലാണ്. കാലാവസ്ഥാ വ്യതിയാനത്താലാണു പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നത്. ജനുവരി മുതല്‍ ജൂലൈ വരെ പനിബാധിതര്‍ വര്‍ധിച്ചെങ്കിലും ഇപ്പോള്‍ കുറയുകയാണ്. അയല്‍സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പകര്‍ച്ചവ്യാധിവ്യാപനം നിയന്ത്രിക്കാനായത് ആരോഗ്യവകുപ്പിന്റെ ഫലപ്രദമായ ഇടപെടല്‍മൂലമാണ്. ഡെങ്കി ബാധിച്ച് 24ഉം എച്ച്1എന്‍1 ബാധിച്ച് 74പേരും മാത്രമാണ് മരിച്ചത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇത് കുറവാണ്. പ്രതിപക്ഷം നിരത്തുന്ന മരണക്കണക്കുകള്‍ വാസ്തവമല്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയും പ്രതിപക്ഷം സഭ വിട്ടിറങ്ങുകയും ചെയ്തു. പകര്‍ച്ചവ്യാധി തടയുന്നതി ല്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ട സാഹചര്യത്തില്‍ മന്ത്രി കെ കെ ശൈലജയില്‍ നിന്നു മുഖ്യമന്ത്രി വകുപ്പിന്റെ ചുമതല ഏറ്റെടുക്കണമെന്ന് തിരുവഞ്ചൂ ര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഡെങ്കിപ്പനി പടരുകയാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ പനിമരണം കുറഞ്ഞെന്ന് പറയുന്ന ആരോഗ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രതിരോധനടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കോളറയ്‌ക്കെതിരേ പത്രത്തില്‍ പരസ്യം ചെയ്താല്‍ കോളറ കുറയില്ല. അടിയന്തരനടപടികള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം 700 പേര്‍ മരിച്ചു. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി നോക്കിയാല്‍ മരണസംഖ്യ 1000 കവിയുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനവും പനിമരണവും കണക്കിലെടുത്ത് സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് രേമശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക