|    Nov 16 Fri, 2018 10:44 am
FLASH NEWS

പനിച്ചു വിറച്ച് ജില്ല

Published : 15th June 2017 | Posted By: fsq

 

മലപ്പുറം: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ കൂടുമ്പോഴും ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുന്നു. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയും ഈ വര്‍ഷം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുമെന്ന മുന്നറിയിപ്പും അധികൃതര്‍ ഗൗനിച്ചില്ലെന്നാതാണ് പകര്‍ച്ചവ്യാധികള്‍ പടരുന്നത് വേഗത്തിലാക്കിയത്. മഴക്കാലം തുടങ്ങുന്നതിനു മുമ്പെ ഓടകള്‍ വൃത്തിയാക്കണമെന്നു തദ്ദേശസ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പലയിടത്തും ഇതു നടപ്പായില്ല. റോഡിന് വശങ്ങളിലെ കാടും പുല്ലും വെട്ടി വൃത്തിയാക്കി ഓടയില്‍ അടിഞ്ഞുകൂടിയ മാലിന്യവും മണ്ണും നീക്കം ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. ഓടകളുടെ ശുചീകരണത്തിന്റെ ഉത്തരവാദിത്വത്തെ ചൊല്ലി പൊതുമരാമത്ത് വകുപ്പും ഹൈവേ അതോറിറ്റിയും പരസ്പരം പഴിചാരുകയാണ്. ഓരോ വാര്‍ഡിനും ശുചീകരണ പ്രവൃത്തികള്‍ക്കായി പ്രത്യേക തുകയും വകയിരുത്തിയിരുന്നു. വാര്‍ഡ് മെംബറുടെ നേതൃത്വത്തിലുളള വാര്‍ഡ് സമിതിയാണു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത്. എല്ലാ വീടുകളിലും ശുചിത്വ സന്ദേശമെത്തിക്കണമെന്ന നിര്‍ദേശവും നടപ്പായില്ല. വാര്‍ഡ് തലത്തില്‍ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതൊന്നും മിക്കവരും നടപ്പാക്കിയില്ല. കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ട പഞ്ചായത്തുകള്‍ പോലും ഇക്കാര്യത്തില്‍ പിന്നിലായി. മാലിന്യം കെട്ടിക്കിടക്കുന്ന കാഴ്ചയാണ് മിക്കയിടങ്ങളിലും.  ദേശീയപാതയോരത്തും മറ്റ് പ്രധാന റോഡുകളുടെ സമീപത്തും അറവുമാലിന്യങ്ങളും ഹോട്ടലുകളില്‍ നിന്നു പഴം, പച്ചക്കറി കടകളില്‍ നിന്നുളള മാലിന്യവും തള്ളുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണിയാവുന്നുണ്ട്. മലിനജലം റോഡില്‍ തള്ളുന്നതും നിത്യസംഭവമാണ്. മാലിന്യസംസ്‌കരണം ഇപ്പോഴും വേണ്ട വിധത്തില്‍ നടപ്പാക്കാന്‍ പല തദ്ദേശ സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റേയും തീരുമാനം. ആവശ്യമായ പ്രദേശങ്ങളില്‍ ഫോഗിംഗും നടത്തും. വീട് പരിസരത്തെ പാത്രങ്ങള്‍, കുപ്പികള്‍ അടക്കമുളള വസ്തുക്കളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, മഴ കനത്തതോടെ പനി ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടും ആശുപത്രികളില്‍ ആവശ്യത്തിന് പനി ക്ലിനിക്കുകള്‍ തുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ശുചിത്വ ഹര്‍ത്താല്‍ നടത്താനുള്ള നീക്കവും പൊളിഞ്ഞു. പനി പടരുന്നതിനിടയില്‍ ആരോഗ്യസ്ഥാപനങ്ങള്‍ അടച്ചിട്ട് അകവും പുറവും വൃത്തിയാക്കാനുള്ള തീരുമാനമാണ് ശുചിത്വ ഹര്‍ത്താല്‍. ഇതാണ് ജീവനക്കാരുടെ പ്രതിഷേധംമൂലം പാളിയത്.  മൂന്നാഴ്ചയ്ക്കിടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡെങ്കിപ്പനി ലക്ഷണത്തോടെ എത്തിയ 1200 പേരെ പരിശോധിച്ചതില്‍ 300 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പനി വര്‍ധിച്ചതോടെ മഞ്ചേരി മെഡിക്കല്‍ കോളജിലെ രക്തബാങ്കിലും തിരക്കേറിയിട്ടുണ്ട്. പനി ബാധിച്ചവരെക്കൊണ്ട് മെഡിക്കല്‍ കോളജിലെ രണ്ടും ഒമ്പതും വാര്‍ഡുകള്‍ നിറഞ്ഞിരിക്കുകയാണ.് അതേസമയം, മഞ്ചേരി മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക് ആശ്വാസമായി ഇന്നലെ മുതല്‍ പ്രത്യേക പനി വാര്‍ഡ് തന്നെ ആരംഭിച്ചു. ജൂണ്‍ പകുതിയായപ്പോഴേയ്ക്കും പനി ബാധിച്ച് ആയിരക്കണക്കിനാളുകളാണ് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയെത്തിയത്. മെഡിക്കല്‍ കോളജിലെ വരാന്തയിലും ഇടനാഴികകളിലും ഗോവണിയുടെ ലാന്റിങുകളില്‍വരെ പായ വിരിച്ച് പനി ബാധിതര്‍ കിടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഈ വര്‍ഷം എട്ടുപേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 534 പേര്‍ക്ക് ഡെങ്കിയുടെ ലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ 53 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഈമാസം ഇതുവരെ 14 പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. കഴിഞ്ഞ മാസം 22 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. സ്വകാര്യ ക്ലിനിക്കുകളില്‍ ചികില്‍സ തേടുന്നവരുടെ എണ്ണം ലഭ്യമല്ലാത്തതിനാല്‍ രോഗികളുടെ യഥാര്‍ഥ എണ്ണം ഇനിയും വര്‍ധിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss