|    Oct 21 Sun, 2018 12:34 am
FLASH NEWS

പദ്ധതി വിനിയോഗത്തില്‍ മെല്ലെപ്പോക്ക്; വേഗത്തിലാക്കാന്‍ കൗണ്‍സിലില്‍ ആവശ്യം

Published : 31st January 2017 | Posted By: fsq

 

കണ്ണൂര്‍: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വാര്‍ഷിക പദ്ധതി വിനിയോഗത്തിലെ മെല്ലെപ്പോക്കിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. മാര്‍ച്ച് 31 അവസാനിക്കുമ്പോഴേക്കും പദ്ധതികള്‍ ആസുത്രണം ചെയ്ത് പ്രവൃത്തി നടത്തേണ്ട പല പദ്ധതികളും എങ്ങുമെത്തിയില്ലെന്നും ഇതുസംബന്ധിച്ച കൃത്യമായ കണക്ക് പോലും ഇല്ലെന്നും പ്രതിപക്ഷത്തെ ടി ഒ മോഹനന്‍ ആരോപിച്ചു. മാത്രമല്ല, വാര്‍ഷിക പദ്ധതിയില്‍ നിന്നു പ്രൊജക്റ്റുകള്‍ ഓഴിവാക്കുന്നതും പുതിയവ ഉള്‍പ്പെടുത്തുന്നതും ഭേദഗതി വരുത്തുന്നതും സംബന്ധിച്ചുള്ള ആദ്യ അജണ്ടയെ കുറിച്ച് വിസകന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പോലും അറിഞ്ഞില്ലെന്നും പ്രതിപക്ഷം പരാതിപ്പെട്ടു. വികസനഫണ്ടിലും ധനകാര്യ കമ്മീഷന്‍ ഗ്രാന്റിലുമായി അധികമായി ലഭിച്ച 3.64 കോടിയെ കുറിച്ചും സുതാര്യമായ ചര്‍ച്ചകളൊന്നും നടന്നില്ലെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. സ്റ്റാന്റിങ് കമ്മിറ്റി യോഗം ചര്‍ച്ച ചെയ്ത ശേഷം കൗണ്‍സിലില്‍ വരേണ്ട വിഷയം പോലും അംഗങ്ങള്‍ കൗണ്‍സിലില്‍ എത്തിയപ്പോഴാണ് അറിയുന്നതെന്നും ഏതെല്ലാം മാനദണ്ഡത്തില്‍ ഏതെല്ലാം പദ്ധതികളാണ് ഭേദഗതി വരുത്തിയതെന്നു പോലും വ്യക്തമല്ലെന്നും പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. അതേസമയം, എന്‍ജിനീയറിങ് സെക്്ഷനിലെ ഉദ്യോഗസ്ഥരുടെ അഭാവമാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു തടസ്സമെന്നു യോഗം വിലയിരുത്തി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സോണല്‍ ഓഫിസുകളിലെ ജീവനക്കാരെ ഉപയോഗിക്കണമെന്നു മുന്‍ ഡെപ്യൂട്ടി മേയര്‍ സി സമീര്‍ ആവശ്യപ്പെട്ടു. എന്നാല്‍, സോണല്‍ ഓഫിസുകളിലെ പകുതിയിലേറെ ജീവനക്കാരും പഞ്ചായത്ത് വകുപ്പിലേക്കു മാറിയെന്നും ഒരാളെ പോലും പകരം ഉപയോഗിക്കാനാവാത്ത അവസ്ഥയാണെന്നും സെക്രട്ടറി വിനയന്‍ മറുപടി നല്‍കി. ഇ6 സെക്്ഷന്‍ തന്നെ എടുത്തുകളഞ്ഞു. മറ്റു നാലു സെക്്ഷനുകളിലും അമിതജോലി ഭാരമാണ്. സോണല്‍ ഓഫിസുകളിലാവട്ടെ ആറു എല്‍ഡി ക്ലാര്‍ക്കിനു പകരം മൂന്നോ നാലോ പേരാണുള്ളത്. എങ്കിലും ഒന്നോ രണ്ടോ പേരെ താല്‍ക്കാലികമായി വിട്ടുതരാന്‍ ആവശ്യപ്പെടുമെന്നും സെക്രട്ടറി പറഞ്ഞു. നികുതി പിരിവ് പോലുള്ള പ്രധാന വിഷയം നടത്തേണ്ടതു കൂടി പരിഗണിച്ചു മാത്രമേ സോണല്‍ ഓഫിസുകളില്‍ ഉള്ളവരെ ഉപയോഗിക്കാവൂവെന്ന് ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് ഓര്‍മിപ്പിച്ചു. എന്നാല്‍ രണ്ടും ഒരേസമയം നടക്കേണ്ടതും പ്രധാനപ്പെട്ടതുമാണെന്നു യോഗം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം അപേക്ഷ നല്‍കിയ 3500ഓളം അപേക്ഷകരില്‍ കുറച്ചു പേര്‍ക്കു മാത്രമാണ് അനുവദിച്ചതെന്നും ഇവരില്‍ തന്നെ പലര്‍ക്കും ആദ്യഗഡു 5000 മാത്രമേ ലഭിച്ചിട്ടൂള്ളൂവെന്നും രണ്ടാംഗഡുവിന് പോയവരെ ബാങ്ക് അധികൃതര്‍ തിരിച്ചയക്കുന്നതായും സി എറമുള്ളാന്‍ ആരോപിച്ചു. അത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഉപ്പാലവളപ്പ് മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്നു 25 ലക്ഷം രൂപ അനുവദിച്ചതായി മേയര്‍ ഇ പി ലത അറിയിച്ചു. ഫണ്ട് അനുവദിച്ചത് എംപി ഫണ്ടില്‍ നിന്നാണെന്ന മേയറുടെ തെറ്റായ പരാമര്‍ശം പ്രതിപക്ഷം ചോദ്യംചെയ്തു. സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഹരിത പ്രോട്ടോകോള്‍ പ്രകാരം വന്‍ വിജയമാക്കുന്നതില്‍ ശുചീകരണ വിഭാഗവും കൗണ്‍സിലര്‍മാരും മറ്റും ചെയ്ത സേവനങ്ങളെ യോഗം അഭിനന്ദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss