|    Sep 26 Wed, 2018 4:12 am
FLASH NEWS

പദ്ധതി പ്രദേശം ചളിക്കുളം; ഗെയില്‍ അധികൃതരെ തടഞ്ഞു

Published : 31st May 2018 | Posted By: kasim kzm

കൂത്തുപറമ്പ്: ഗ്യാസ് പൈപ്പ് ലൈന്‍ നിര്‍മാണം പൂര്‍ത്തീകരിക്കാത്ത അധികൃതരുടെ നിലപാടിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. കൂത്തുപറമ്പിനു സമീപം പാതിരിയാട് ഉപകരണങ്ങള്‍ കടത്തിക്കൊണ്ടുപോവാനുള്ള ശ്രമം ജനങ്ങള്‍ തടഞ്ഞു. മഴ തുടങ്ങിയതോടെ പദ്ധതി പ്രദേശത്തുള്ള ജനങ്ങള്‍ കടുത്ത ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നത്.
അഞ്ചുമാസം മുമ്പാണ് പാതിരിയാട് ഭാഗത്ത് ഗെയില്‍ പൈപ്പ് ലൈനിന്റെ നിര്‍മാണ പ്രവൃത്തി തുടങ്ങിയത്. പാച്ചപ്പൊയ്ക മുതല്‍ ഓടക്കടവ് വരെയുള്ള ഭാഗത്ത് പൂര്‍ണമായും വയലിലൂടെയാണ് പദ്ധതി കടന്നുപോവുന്നത്. രണ്ടു മീറ്റര്‍ ആഴത്തില്‍ വന്‍ കുഴിയെടുത്താണ് പൈപ്പുകള്‍ സ്ഥാപിച്ചിത്. ഫെബ്രുവരിയില്‍ നിര്‍മാണ പ്രവൃത്തി ഭാഗികമായി നടന്നെങ്കിലും ഇതുവരെ പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം മഴ ആരംഭിച്ചതോടെ പദ്ധതി പ്രദേശം മുഴുവന്‍ ചളിക്കുളമായി മാറി. അതോടൊപ്പം നിര്‍മാണത്തിന്റെ ഭാഗമായി പ്രദേശത്തെ തോടുകളും ജലാശയങ്ങളും നികത്തിയതിനെ തുടര്‍ന്ന് വയലില്‍ വെള്ളം കെട്ടി നില്‍ക്കുകയും ചെയ്യുന്നുണ്ട്.
വയലിന് ഇരുകരകളിലായി താമസിക്കുന്നവര്‍ കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. ഇതിനിടയില്‍ ഇന്നലെ ഉച്ചയോടെ എക്‌സ്‌കവേറ്ററും ജനറേറ്റും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കത്തിക്കൊണ്ടുപോവാനുള്ള അധികൃതരുടെ ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനക്കൂട്ടമാണ് പ്രതിഷേധവുമായെത്തിയത്. വിവരമറിഞ്ഞ് വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, വൈസ് പ്രസിഡന്റ് കെ മധുസൂധനന്‍ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു. നിര്‍മാണം പൂര്‍ത്തിയാക്കാതെ ഉപകരണങ്ങള്‍ കടത്തിക്കൊണ്ടു പോവാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss