|    Jan 23 Mon, 2017 2:10 pm
FLASH NEWS

പദ്ധതി പൂര്‍ത്തിയാക്കാന്‍ ഫണ്ടില്ലെന്ന്; ശാപമോക്ഷം കാത്ത് പുനലൂര്‍-മൂവാറ്റുപുഴ റോഡ് വികസനം

Published : 6th June 2016 | Posted By: SMR

പത്തനംതിട്ട: ഒന്നര പതിറ്റാണ്ടായി സര്‍വേക്കല്ലില്‍ ഒതുങ്ങുന്ന പുനലൂര്‍-മൂവാറ്റുപുഴ റോഡ് വികസനത്തിന് പുതിയ സര്‍ക്കാരിനു കീഴിലെങ്കിലും ശാപമോഷം ഉണ്ടാവുമോ എന്ന പ്രതീക്ഷയിലാണ് പത്തനംതിട്ട ജില്ല. കെഎസ്ടിപി രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാന്‍ പദ്ധതിയിട്ട റോഡിന്റെ മൂവാറ്റുപുഴ മുതല്‍ പൊന്‍കുന്നം വരെയുള്ള ഭാഗം ദേശീയപാതയുടെ നിലവാരത്തിലെത്തിയിട്ടും, പത്തനംതിട്ട, കൊല്ലം ജില്ലയില്‍ ഉള്‍പ്പെട്ട ഭാഗങ്ങളില്‍ ഒരു കല്ലുപോലും മുന്നോട്ടുവയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
പദ്ധതിക്ക് രൂപം നല്‍കിയ ശേഷം രണ്ടു സര്‍ക്കാരുകള്‍ സംസ്ഥാനം മാറിമാറി ഭരിച്ചു. ഇതിനിടയില്‍ മൂവാറ്റുപുഴ-തൊടുപുഴ, തൊടുപുഴ-പാലാ, പാലാ-പൊന്‍കുന്നം ഭാഗങ്ങള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ വികസിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ എറണാകുളം, കോട്ടയം ജില്ലകള്‍ക്ക് പുറത്തേക്കുള്ള വികസനം, പതിനഞ്ചു വര്‍ഷം പിന്നിട്ടിട്ടും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. പദ്ധതി പൂര്‍ത്തിയാക്കാന്‍ ഫണ്ടില്ലെന്ന വിശദീകരണമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
കൊല്ലം ജില്ലയിലെ പുനലൂരില്‍ നിന്നാരംഭിച്ച്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലൂടെ കടന്ന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയില്‍ അവസാനിക്കുന്ന പദ്ധതിയാണ് കെഎസ്ടിപി രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്.
ലോകബാങ്ക് സഹായത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തത്. പദ്ധതിയുടെ ആദ്യഘട്ടമായി മൂവാറ്റുപുഴ-തൊടുപുഴ ഭാഗം പൂര്‍ത്തിയാക്കിയതോടെ ലോകബാങ്ക് അനുവദിച്ച ഫണ്ട് തീര്‍ന്നു. പിന്നീട് പ്രത്യേക ഫണ്ട് അനുവദിച്ച്, തൊടുപുഴ മുതല്‍ പൊന്‍കുന്ന വരെയുള്ള ഭാഗം പൂര്‍ത്തിയാക്കി. തുടര്‍ന്നുള്ള ഭാഗത്തെ പ്രവൃത്തിയാണ് ചോദിക്കാനും പറയാനും ആരുമില്ലാതെ അനാഥമായി കിടക്കുന്നത്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയില്‍ ഫണ്ടിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന അവ്യക്തതയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ശബരിമല തീര്‍ഥാടനവും മലയോരവികസനവും മറ്റും കണക്കിലെടുത്ത് റോഡ് വികസനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. പ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡര്‍ ഉള്‍പ്പെടെ പൂര്‍ത്തീകരിച്ച് ടെണ്ടര്‍ നടപടികളിലേക്കു കടക്കുമ്പോഴേക്കും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു.
രണ്ടരവര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ പത്തുവര്‍ഷത്തെ സംരക്ഷണച്ചുമതലയും കരാറുകാരനായിരിക്കുമെന്നാണ് പ്രീക്വാളിഫിക്കേഷന്‍ ടെണ്ടറിലെ വ്യവസ്ഥ. നിര്‍മാണക്കാലയളവില്‍ 40 ശതമാനം തുകയാണ് കരാറുകാരന് ലഭിക്കുക.
ബാക്കി തുക ഘട്ടംഘട്ടമായി നല്‍കും. 74.77 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇത്തരം വ്യവസ്ഥകള്‍ ആംഗീകരിച്ചെത്തുന്ന വന്‍കിട കമ്പനികള്‍ക്കു മാത്രമെ പുതിയ പദ്ധതിയുമായി മുന്നോട്ടുപോവാന്‍ കഴിയുകയുള്ളു. വ്യവസ്ഥകളില്‍ മാറ്റംവരുത്തുന്ന കാര്യത്തിലടക്കം ഇനി തീരുമാനം എടുക്കേണ്ടത് പുതിയ സര്‍ക്കാരാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 78 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക