|    Feb 25 Sun, 2018 1:41 am

പദ്ധതി നിര്‍വഹണം: ബ്ലോക്ക് പഞ്ചായത്തുകള്‍ ഏറെ പിന്നില്‍

Published : 11th January 2017 | Posted By: fsq

 

മാനന്തവാടി: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടരമാസം മാത്രം ശേഷിക്കെ, ജില്ലയിലെ മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളും പദ്ധതി നിര്‍വഹണത്തില്‍ ഏറെ പിന്നില്‍. സംസ്ഥാന ശരാശരിയില്‍ ജില്ല പതിമൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 152 ബ്ലോക്കുകളില്‍ 151ാം സ്ഥാനത്താണ്. ബ്ലോക്ക് സെക്രട്ടറിമാരുടെയും ആവശ്യത്തിനു ജീവനക്കാരുടെയും അഭാവമാണ് ജില്ലയെ പദ്ധതി നിര്‍വഹണത്തില്‍ പിന്നിലാക്കിയതെന്നാണ് പറയപ്പെടുന്നത്. 2016-17 വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തില്‍ ജില്ലയിലും ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് മാനന്തവാടി ബ്ലോക്കാണ്. ആകെയുള്ള 114 പദ്ധതികളില്‍ ഇതിനോടകം തുടങ്ങിയത് ഒമ്പതു പദ്ധതികളും ചെലവഴിച്ചത് ആകെ തുകയുടെ രണ്ടര ശതമാനം മാത്രം. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ പദ്ധതി നിര്‍വഹണത്തില്‍ 148ാം സ്ഥാനത്തുള്ള കല്‍പ്പറ്റ ബ്ലോക്ക് ആകെയുള്ള 141 പദ്ധതികളില്‍ 52 എണ്ണം തുടങ്ങിയെങ്കിലും ഇതിനോടകം ചെലവഴിച്ചത് 2.63 ശതമാനം തുക മാത്രമാണ്. 132ാം സ്ഥാനത്തുള്ള പനമരം ബ്ലോക്കാവട്ടെ, 94 പദ്ധതികളില്‍ 71 എണ്ണം തുടങ്ങുകയും 7.67 ശതമാനം തുക വിനിയോഗിക്കുകയും ചെയ്തു. ജില്ലയില്‍ മുന്നില്‍ നില്‍ക്കുന്ന സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് 98ല്‍ 38 പദ്ധതികള്‍ തുടങ്ങുകയും 11.32 ശതമാനം തുക വിനിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകളിലെ ഉദ്യോഗസ്ഥരുടെ അഭാവമാണ് പദ്ധതി നിര്‍വഹണത്തില്‍ ജില്ല ഏറ്റവും പിന്നിലാവാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം പുതുതായി ചുമതലയേറ്റ ഭരണസമിതിയുടെ പരിചയക്കുറവ് പരിഹരിക്കാന്‍ പോലുമുള്ള ഉദ്യോഗസ്ഥര്‍ മാനന്തവാടി ബ്ലോക്കിലുണ്ടായില്ല. ബ്ലോക്ക് സെക്രട്ടറി, ജോയിന്റ് ബിഡിഒ, ഹെഡ് ക്ലാര്‍ക്ക്, ഹെഡ് ഓഫ് അക്കൗണ്ടന്റ്, ഓവര്‍സിയര്‍ എന്നീ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലയിലെ മറ്റു ബ്ലോക്കുകളുടെയും അവസ്ഥ ഏറെക്കുറെ ഇതു തന്നെയാണ്. ഇതിനു പുറമെ കഴിഞ്ഞ മാസങ്ങളിലുണ്ടായ നോട്ട് പ്രതിസന്ധിയും കരിങ്കല്‍ക്വാറി സമരവും പ്രവൃത്തികളെ സാരമായി ബാധിച്ചു. പാരിസ്ഥിതികാനുമതിയുടെ പേരില്‍ ജില്ലയിലെ ഭൂരിഭാഗം ക്വാറികളും അടച്ചതോടെ നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് ഇപ്പോഴും പദ്ധതി പൂര്‍ത്തീകരണത്തിന് തടസ്സമായിരിക്കുകയാണ്. 70 ദിവസത്തിനകം ബാക്കി വരുന്ന 90 ശതമാനത്തോളം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് അടുത്ത വര്‍ഷത്തെ പദ്ധതിക്കായി ഫണ്ട് കുറവില്ലാതെ നേടിയെടുക്കുകയെന്ന സാഹസികതയാണ് നിലവില്‍ ഭരണസമിതിക്ക് മുന്നിലുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss