|    Dec 14 Fri, 2018 3:27 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

പദവി പോയവര്‍ ഇനി പടിക്കു പുറത്ത്

Published : 24th May 2018 | Posted By: kasim kzm

അഡ്വ. സി എം എം ശരീഫ്
കര്‍ണാടകയില്‍ വിവിധ കക്ഷിനേതാക്കള്‍ പയറ്റിയ പോരിന് ഇനിയും പരിസമാപ്തിയായിട്ടില്ല. സുപ്രിംകോടതി വഹിച്ച അവസരോചിതവും നീതിയില്‍ അധിഷ്ഠിതവുമായ പങ്കിനെ പ്രകീര്‍ത്തിച്ച് വിവിധ പാര്‍ട്ടികള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഇപ്പോഴും ചര്‍ച്ചാവിഷയമാണ്.
എന്നാല്‍, ഈ സംഭവത്തിനു കുറച്ചു ദിവസം മുമ്പാണ് ഭരണ-പ്രതിപക്ഷ ഭേദമെന്യേ അധികാരത്തിലിരുന്ന മുഖ്യമന്ത്രിമാര്‍ അനര്‍ഹമായി അനുഭവിച്ചുവരുന്ന ഒരു ആനുകൂല്യം സുപ്രിംകോടതി റദ്ദാക്കി ഉത്തരവിട്ടത്. മുഖ്യമന്ത്രിപദവിയില്‍ നിന്നു വിരമിച്ചവര്‍ക്ക് ഇനി മേലില്‍ ജീവിതാവസാനം വരെ സര്‍ക്കാര്‍ വക കൊട്ടാരസദൃശമായ ബംഗ്ലാവുകളില്‍ അന്തിയുറങ്ങാനാവില്ല എന്നതായിരുന്നു ആ വിധി.
സ്ഥാനമൊഴിഞ്ഞ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് അനിശ്ചിതകാലത്തേക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രമ്യഹര്‍മ്യങ്ങള്‍ അനുവദിച്ചു നല്‍കാന്‍ ഉത്തര്‍പ്രദേശിലെ മുന്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയിരുന്നു. ഇതിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹരജിയിലാണ് വിരമിച്ച മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികള്‍ അനുവദിച്ചു നല്‍കുന്ന സമ്പ്രദായം ഭരണഘടനാവിരുദ്ധമാണെന്ന് പരമോന്നത നീതിപീഠം വിധിയെഴുതിയത്. ഇതു സംബന്ധിച്ച നിയമത്തിലെ പ്രസക്തമായ വകുപ്പ് റദ്ദാക്കിയ സുപ്രിംകോടതി, പദവിയില്‍ നിന്ന് ഒഴിഞ്ഞ മുഖ്യമന്ത്രിമാരും സാധാരണ പൗരന്‍മാരും തുല്യരാണെന്ന് വ്യക്തമാക്കുകയുണ്ടായി.
ലോക് പ്രഹരി എന്ന സന്നദ്ധ സംഘടനയുടെ സെക്രട്ടറിയും റിട്ട. ഐഎഎസുകാരനുമായ എസ് എന്‍ ശുക്ല സമര്‍പ്പിച്ച ഒരു പൊതുതാല്‍പര്യ ഹരജിയിലാണ്,  ജനാധിപത്യ സര്‍ക്കാരിന്റെ സ്വേച്ഛാപരമായ അധികാര ദുര്‍വിനിയോഗം സംബന്ധിച്ച കാര്യങ്ങള്‍ മറനീക്കി പുറത്തുവന്നത്. ഹരജിക്ക് ആസ്പദമായ വിഷയം വിശകലനത്തിനു വിധേയമാക്കിയ കോടതി, പദവിയില്‍ നിന്നു വിരമിച്ചിട്ടും മുന്‍ മുഖ്യമന്ത്രിമാര്‍ എന്ന മേല്‍വിലാസത്തില്‍ ഒരുപറ്റം രാഷ്ട്രീയ നേതാക്കള്‍ അനര്‍ഹമായ ആനുകൂല്യം അനുഭവിച്ചുവരുന്നത് നിയമവിരുദ്ധമാണെന്നു വിധിയെഴുതി.
ഹരജിയിലെ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കോടതി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യത്തെയും സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ മെംബര്‍ ഗോപാല്‍ ശങ്കരനാരായണനെയും ഹരജിക്കാരനെ സഹായിക്കാന്‍ നിയോഗിക്കുകയുണ്ടായി. പ്രസ്തുത അഭിഭാഷകരുടെ വിലയേറിയ സേവനം കൂടി ഈ പൊതുതാല്‍പര്യ ഹരജിയുടെ നടത്തിപ്പിനും തുടര്‍ന്നുള്ള വിധിക്കും കാരണമായിട്ടുണ്ടെന്നതിനു കേസിലെ ഉത്തരവു തന്നെ മുഖ്യ ഉദാഹരണമാണ്.
എന്നാല്‍, മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികള്‍ അനുവദിക്കുന്നതു സംബന്ധിച്ച് വിലക്കു കല്‍പിക്കുന്ന ഈ സുപ്രിംകോടതി വിധി മുന്‍ പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍ എന്നിവര്‍ക്ക് അവരുടെ സേവനകാലത്തിനു ശേഷം ഔദ്യോഗിക വസതികള്‍ അനുവദിച്ചുനല്‍കിവരുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ ബാധിക്കുന്നതല്ല. 1997ല്‍ പരമോന്നത കോടതി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്.
ഇപ്പോഴത്തെ സുപ്രിംകോടതി വിധി ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ മുലായംസിങ് യാദവിനെയും മകന്‍ അഖിലേഷ് യാദവിനെയുമായിരിക്കും. സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മുലായംസിങ് യാദവ് ലഖ്‌നോ നഗരത്തിലെ പ്രധാന വീഥിയായ വിക്രമാദിത്യ മാര്‍ഗിലെ വിശാലമായ 25,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ബംഗ്ലാവില്‍ താമസിക്കുമ്പോള്‍  അഖിലേഷ് യാദവ് പിതാവ് താമസിക്കുന്ന ബംഗ്ലാവിന്റെ തൊട്ടടുത്ത കോംപൗണ്ടില്‍ അതിവിശാലമായ ഒരു പ്ലോട്ടില്‍ 40,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ബംഗ്ലാവിലാണ് താമസിച്ചുവരുന്നത്.
അഖിലേഷ് യാദവിന്റെ ബംഗ്ലാവ് പുതുക്കിപ്പണിയാനും ഭംഗി കൂട്ടാനും കോടികളാണ് ചെലവിട്ടതെന്ന് ആരോപിക്കപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിയുടെ വസതി തന്റെ താമസ ആവശ്യത്തിനായി 62 കോടി രൂപ ചെലവാക്കി പുതുക്കിപ്പണിത അഖിലേഷ് യാദവ് അതിഥികള്‍ക്ക് താമസിക്കാന്‍ പ്രത്യേക മന്ദിരങ്ങളും എയര്‍കണ്ടീഷന്‍ സൗകര്യമുള്ള ബാഡ്മിന്റണ്‍ ഹാളും പണികഴിപ്പിച്ചതിനു പുറമേ ഇറക്കുമതി ചെയ്ത ഫര്‍ണിച്ചറുകളും മറ്റും വസതി അലങ്കരിക്കാന്‍ വാങ്ങിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ആരോപണങ്ങളുടെ നിജസ്ഥിതി എന്തായാലും  സുപ്രിംകോടതി വിധി അധികാരത്തിലിരുന്ന മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബംഗ്ലാവുകളിലെ ഇനിയുള്ള കാലത്തെ താമസം അത്ര സുഖകരമാകാന്‍ സാധ്യതയില്ലെന്നാണ് സുപ്രിംകോടതിവിധി നല്‍കുന്ന സൂചന. അവര്‍ തങ്ങളുടെ അനധികൃത താമസം അവസാനിപ്പിക്കാന്‍ ഇനിയും അമാന്തം കാണിക്കാതിരിക്കലാവും ബുദ്ധി.
ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിയുടെ ഔദ്യോഗിക വസതി രണ്ടേക്കര്‍ വിസ്തൃതിയുള്ളതും ഒരു മാള്‍ അവന്യൂവിനു സമീപം സ്ഥിതി ചെയ്യുന്നതുമാണെന്നാണ് മറ്റൊരു വെളിപ്പെടുത്തല്‍. നികുതിദായകരുടെ ചെലവില്‍ 103 കോടി രൂപ എസ്റ്റിമേറ്റിലാണ് പ്രസ്തുത ബംഗ്ലാവ് പണികഴിപ്പിച്ചത്. അതിനു സമീപം കൊട്ടാരസമാനമായ വീടും ഒരു സര്‍ക്കാര്‍ ഓഫിസും നിലനില്‍ക്കെയാണ് മറ്റൊരു ബംഗ്ലാവ് പണികഴിപ്പിച്ചതെന്നതാണ് രസകരമായ മറ്റൊരു വസ്തുത.
മുന്‍ മുഖ്യമന്ത്രിമാരായ കല്യാണ്‍ സിങ്, രാജ്‌നാഥ് സിങ് എന്നിവര്‍ തങ്ങള്‍ക്ക് അലോട്ട് ചെയ്യപ്പെട്ട ഔദ്യോഗിക വസതികളുടെ ആനുകൂല്യം അനുഭവിച്ചിട്ടുണ്ടെങ്കിലും വസതികളുടെ പേരില്‍ പാഴ്‌ച്ചെലവുകളൊന്നും ചെയ്തതായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. കോണ്‍ഗ്രസ് നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ രാം നരേഷ് യാദവിനു വസതി അനുവദിച്ചുനല്‍കിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം വസതി ഒഴിഞ്ഞു.
ജനാധിപത്യ സംവിധാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ അനുഭവിച്ചുവരുന്ന ആനുകൂല്യങ്ങളില്‍ പലതും തങ്ങള്‍ക്ക് ഔദ്യോഗിക കാലയളവില്‍ മാത്രമേ ആസ്വദിക്കാന്‍ അര്‍ഹതയുള്ളൂ എന്ന തിരിച്ചറിവ് ബന്ധപ്പെട്ടവരില്‍ ഉണ്ടാക്കാന്‍ ഈ വിധിക്ക് കഴിയും. ഭരണഘടന അനുവദിച്ചുനല്‍കിയ പരിധിക്കും പരിമിതികള്‍ക്കും വിധേയമായി മാത്രം നിയമനിര്‍മാണം നടത്തുന്നപക്ഷം മാത്രമേ ഇത്തരം അനര്‍ഹമായ ആനുകൂല്യങ്ങളുടെ ആസ്വാദനത്തിനു തടയിടാനാവൂ.
നമ്മുടെ രാജ്യത്തെ പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ലക്ഷക്കണക്കിനു ജനങ്ങള്‍ക്ക് തല ചായ്ക്കാന്‍ ഇനിയും ഇടമില്ലാത്ത ഒരു വര്‍ത്തമാനകാല സാഹചര്യത്തിലാണ് സ്ഥിതിസമത്വ മോഹനവാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറുന്നവര്‍ ഇത്തരം പഞ്ചനക്ഷത്ര സമാനമായ വസതികളിലെ ആയുഷ്‌കാല വാസം ആസ്വദിച്ചുവരുന്നത്. ഇതിനായി സ്വേച്ഛാപരമായും അധികാര ദുര്‍വിനിയോഗത്തിലൂടെയും ഭരണ-പ്രതിപക്ഷ സഹകരണത്തോടെ നീക്കങ്ങള്‍ നടത്തിവരുന്നത് ഒരു സാധാരണ സംഭവമായി മാറിയിട്ട് കാലങ്ങളായി. ഈ വിഷയത്തില്‍ നേരത്തെയുണ്ടായ കോടതിവിധികള്‍ പോലും മറികടക്കത്തക്കവിധം നിയമനിര്‍മാണം നടത്തുകയും തങ്ങളുടെ ഇംഗിതത്തിനൊത്തവിധം പൊതുഇടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തുവരുന്ന അധികാരികള്‍ക്ക് ഒരു മുന്നറിയിപ്പും താക്കീതുമാണ് ഈ സുപ്രിംകോടതി വിധി.
”പ്രകൃതിവിഭവങ്ങളും ഭൂമി ഉള്‍പ്പെടെയുള്ള പൊതുഇടങ്ങളും പൊതുമുതലിന്റെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ബംഗ്ലാവുകള്‍, ഔദ്യോഗിക വസതികള്‍ എന്നിവയെല്ലാം തന്നെ ഈ രാജ്യത്തെ ജനങ്ങളുടേതാണ്. നീതിയിലും ന്യായത്തിലും അധിഷ്ഠിതമായ വിശ്വാസപ്രമാണത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം പൊതുമുതലിന്റെ വിതരണവും പങ്കുവയ്ക്കലും. മുഖ്യമന്ത്രിപദത്തില്‍ നിന്ന് ഒഴിഞ്ഞയാള്‍ ഒരു സാധാരണ പൗരനു സമാനനാണ്. വഹിച്ച ഔദ്യോഗിക പദവിയുടെ പേരില്‍ ലഭ്യമാകുന്ന സുരക്ഷയ്ക്കും മറ്റും ഇവര്‍ക്ക് അര്‍ഹതയുണ്ടെങ്കിലും സര്‍ക്കാര്‍ ബംഗ്ലാവുകളും മറ്റും ജീവിതകാലം മുഴുവന്‍ അനുവദിച്ചുനല്‍കുന്ന കാര്യത്തില്‍ ഭരണഘടനാ തത്ത്വമായ തുല്യതയും സമത്വവും പാലിക്കപ്പെട്ടിട്ടില്ല”- സുപ്രിംകോടതിയുടെ ഈ പരാമര്‍ശങ്ങള്‍ അതിന്റെ അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കുന്ന പക്ഷം അന്യാധീനപ്പെട്ട പൊതുമുതല്‍ പദവി നഷ്ടപ്പെട്ടവരില്‍ നിന്നു തിരിച്ചുപിടിക്കാനും ഭരണഘടന ഉറപ്പു നല്‍കുന്ന അവസര സമത്വം നടപ്പാക്കാനുമുള്ള ഒരു സുവര്‍ണാവസരമാണ് സര്‍ക്കാരിനു കൈവന്നിരിക്കുന്നത്.                                                 ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss