|    Jan 21 Sat, 2017 3:38 am
FLASH NEWS

പത്രികാസമര്‍പ്പണവും ചില വ്യാജ സത്യവാങ്മൂലങ്ങളും

Published : 29th April 2016 | Posted By: SMR

പിഎഎം ഹനീഫ്

പത്രികാസമര്‍പ്പണങ്ങള്‍ തിരുതകൃതിയിലാവുമ്പോള്‍ അശ്രദ്ധകളും വ്യാജങ്ങളും കൂടുന്നു. കെ എം മാണിയെപ്പോലുള്ള സ്ഥാനാര്‍ഥികള്‍ കൈവശം വച്ചിട്ടുള്ള പണത്തെ പറ്റിയൊക്കെ കോളം പൂരിപ്പിച്ചത് വായിച്ച് കേരളാ കോണ്‍ഗ്രസ്സുകാര്‍ പോലും ചിരിക്കുമ്പോള്‍ സ്വന്തം വിദ്യാഭ്യാസ യോഗ്യത പത്രികയില്‍ ചേര്‍ക്കുന്നതില്‍ കൈപ്പിഴ പറ്റുന്നുവോ ചില സ്ഥാനാര്‍ഥികള്‍ക്കെങ്കിലും. ഇന്‍ഡസ്ട്രിയലിസ്റ്റ് എന്നൊക്കെ ചേര്‍ക്കുന്ന സ്ഥാനാര്‍ഥി ഏതെങ്കിലും ഇന്‍ഡസ്ട്രിക്ക് ബിനാമിയായി പണം മുടക്കിയിരിക്കാം എന്നല്ലാതെ പത്രികയിലെ ‘സത്യപ്രസ്താവം’ വരണാധികാരി മാത്രം ചിലപ്പോള്‍ വിശ്വസിച്ചേക്കും.
തിരുവല്ലയില്‍ വരണാധികാരി ആര്‍ഡിഒ ഡോ. ശ്രീറാം വെങ്കിട്ടരാമനാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് എം പുതുശ്ശേരി പത്രികയില്‍ ‘എന്തു’ രേഖപ്പെടുത്തിയാലും സ്വാമിക്ക് സത്യം തിരയേണ്ട ഉത്തരവാദിത്തമില്ല. ‘വിശ്വാസം അതല്ലേ എല്ലാം…’ കോഴിക്കോട്ടെ ഒരു സ്ഥാനാര്‍ഥി ഗായകന്‍, ചിത്രകാരന്‍ എന്നൊക്കെ തന്നെ പരിചയപ്പെടുത്തുമ്പോള്‍ വരണാധികാരി പറയില്ല; ‘ഒരു പാട്ടുപാടൂ…’ എന്ന്.
ഈ അവസ്ഥയാണ് ചിലരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ക്കും… 140 മണ്ഡലങ്ങളിലെ മുക്കാലേ മുണ്ടാണി സ്ഥാനാര്‍ഥികളും പത്ത് എന്ന അപകട ലെയിന്‍ കഷ്ടിച്ചേ കടന്നിട്ടുണ്ടാവൂ. പത്രികയ്‌ക്കൊപ്പം വിദ്യാഭ്യാസ സ്ഥാപന അധികാരി ഒപ്പിട്ട യോഗ്യതാ പത്രം നിര്‍ബന്ധമല്ലെന്നിരിക്കെ മിക്കവരും ക്വാളിഫിക്കേഷന്‍ കോളത്തില്‍ ‘കോളജ് പഠനം’ എന്നെഴുതി സംതൃപ്തരാകാറാണു പതിവ്. ഒരു വര്‍ഷം പ്രീഡിഗ്രിയോ പ്ലസ് വണ്ണോ പഠിച്ചതാവാം. പഠിച്ചിട്ടേ ഇല്ലാത്തതാവാം… ഇലക്ഷനില്‍ റിസല്‍റ്റ് വന്നതിനു ശേഷം ഹൈക്കോടതിവരെ തോറ്റയാളുടെ അപ്പീല്‍ എത്തുമ്പോഴാണ് പല ‘പൂച്ചകളും’ പുറത്തു ചാടുക.
2011ല്‍ പത്രിക സമര്‍പ്പിച്ചപ്പോള്‍ ‘നുണ’ രേഖപ്പെടുത്തിയതിന് നിയമനടപടി നേരിടുന്ന; കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സരിതയെ മൊബൈലില്‍ വിളിക്കാത്ത ഏക യുഡിഎഫ് മന്ത്രി എന്ന സര്‍ട്ടിഫിക്കറ്റ് പ്രതിപക്ഷനേതാവില്‍ നിന്നുപോലും കിട്ടിയ മന്ത്രി പി കെ ജയലക്ഷ്മി ഇത്തവണ ശരിക്കും വരണാധികാരിയെ സോഡ കുടിപ്പിച്ചു. കാരണം, 2011ല്‍ ജയലക്ഷ്മിയുടെ വിദ്യാഭ്യാസ യോഗ്യത ബിഎ കണ്ണൂര്‍ സര്‍വകലാശാല- 2004 എന്നായിരുന്നു. തീര്‍ന്നില്ല; ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ -2008 എന്ന മഹോന്നത യോഗ്യതയും കാണിച്ചിരുന്നു. വയനാട്ടില്‍ കംപ്യൂട്ടര്‍ എത്തിയതുപോലും 2009 ലാണെന്ന് ഒരു എല്‍ഡിഎഫ് ‘തമാശക്കാരന്‍’ തട്ടിവിടുന്നുണ്ട്.
2016 ഏപ്രില്‍ 25ന് മന്ത്രി പി കെ ജയലക്ഷ്മി ഇത്തവണ അസംബ്ലിയിലേക്ക് പത്രിക സമര്‍പ്പിച്ചപ്പോള്‍ പ്ലസ് ടു (ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് -2001) എന്ന് താഴോട്ടിറങ്ങിയിരിക്കുന്നു. കഴിഞ്ഞ തവണത്തെ കണ്ണൂര്‍ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് നുണ സര്‍ട്ടിഫിക്കറ്റാണെന്ന് മന്ത്രിതന്നെ പറഞ്ഞിരിക്കുന്നു. തീര്‍ന്നിട്ടില്ല; ബിഎ (തോറ്റുതൊപ്പിയിട്ടു എന്ന് വികെഎന്‍ തര്‍ജമ പറയാവുന്ന) വിശദീകരണവും ഉണ്ട്. 2011ല്‍ ജയലക്ഷ്മി ജയിച്ചു. മന്ത്രിയായി. കുമാരി ആയിരുന്നു അക്കാലം. ഇപ്പോള്‍ ശ്രീമതി ജയലക്ഷ്മി ആവുന്നു. കുമാരി കാലഘട്ടത്തില്‍ അതായത് 2011 ല്‍ 2,47,659 രൂപ ആസ്തി കാണിച്ച ജയലക്ഷ്മി ഇത്തവണ 18,36,854 ആസ്തി രേഖപ്പെടുത്തുന്നു. മന്ത്രിക്ക് ആസ്തി വര്‍ധിക്കുന്നത് മനസ്സിലാക്കാം. കുമാരി ശ്രീമതി ആവുമ്പോള്‍ ആസ്തി വര്‍ധിക്കുന്നിടത്താണ് സംശയം.
ഇതൊക്കെ വെറും വയനാടന്‍ ഗാഥകള്‍ എന്ന് പുച്ഛിച്ചു തള്ളേണ്ട. മറ്റൊരു സാംസ്‌കാരിക ജില്ലയായ കൊല്ലത്തെ ഇരവിപുരത്തു നിന്നും ‘നുണ’ വിദ്യാഭ്യാസ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.
2006ലെ പത്രികയില്‍ എ എ അസീസ് വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സി (ദ ബോര്‍ഡ് ഓഫ് പബ്ലിക് എക്‌സാമിനേഷന്‍ ഓഫ് കേരള -1959) എന്നു രേഖപ്പെടുത്തി.
2011ലെ പത്രികയില്‍ അസീസണ്ണന്‍ കുറച്ചു വിനീതനായി. വിദ്യാഭ്യാസം ആറാം ക്ലാസും സ്വകാര്യാടിസ്ഥാനത്തില്‍ പഴയ തേര്‍ഡ് ഫോറം പാസായെന്നും എസ്എസ്എല്‍സി സെലക്ഷന്‍ പരീക്ഷ എഴുതിയെന്നും വീമ്പിളക്കി.
2016 ആര്‍എസ്പി സെക്രട്ടറിയുടെ വിദ്യാഭ്യാസ ചിത്രം ആകെ തകിടം മറിഞ്ഞു. 1955ല്‍ ആറാം ക്ലാസ് പാസായി. കുറച്ചുമാസം കഴിഞ്ഞിട്ട് എട്ടാം ക്ലാസ് പ്രൈവറ്റായി പാസായി. രണ്ടുകൊല്ലം കഴിഞ്ഞ് എസ്എസ്എല്‍സി സെലക്ഷന്‍ പരീക്ഷയില്‍ തോറ്റു തൊപ്പിയിട്ടു.
പത്രികാസമര്‍പ്പണം അന്ത്യ ദിനത്തില്‍ വരണാധികാരി കൂടുതല്‍ വിശേഷം പറയും.
നിരവധി സ്ഥാനാര്‍ഥികള്‍, പ്രഫ., ഡോ. എന്നൊക്കെ പത്രികയില്‍ പറഞ്ഞിട്ടുണ്ട്. പ്രഫസര്‍ വലിയ കുഴപ്പമില്ല, ഡോക്ടര്‍ എന്നത് വരണാധികാരികള്‍ ഒന്നു ചികയുന്നത് നല്ലതാണ്. കഴിഞ്ഞതവണ കള്ളവോട്ടിന് കൂട്ടുനിന്ന ചില സര്‍ക്കാര്‍ ഗുമസ്തന്മാര്‍ അടിയന്തരമായി ജോലി നഷ്ടപ്പെടല്‍ രസീതി സ്വീകരിക്കാന്‍ കണ്ണൂരില്‍ സാധ്യത ഉള്ളതിനാലാണീ മുന്നറിയിപ്പ്. വിഎസിന്റെ വിദ്യാഭ്യാസ യോഗ്യത എന്താണെന്നറിയാന്‍ ഇപ്പോള്‍ താല്‍പര്യം ഏറുക സാധാരണം. മുമ്പ് സീതിഹാജി പ്രയോഗിച്ചത് പോലെ എല്‍ പി (ലോക പരിചയം) എന്നാകും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക