|    Jan 16 Mon, 2017 10:54 pm
FLASH NEWS

പത്രപ്രവര്‍ത്തനം, പ്രവര്‍ത്തകര്‍, ഗോപാലന്‍ ചേട്ടന്‍

Published : 17th November 2015 | Posted By: swapna en

വെട്ടും തിരുത്തും/ പി എ എം ഹനീഫ്
പത്രപ്രവര്‍ത്തകന്‍ എം പി ഗോപാലന്‍ പുതിയ എഡിറ്റോറിയല്‍ ഡെസ്‌ക്കുകള്‍ക്ക് അത്ര സുപരിചിതനല്ല. ഗോപാലന്‍ ചേട്ടന്‍ എന്നു ഞാന്‍ സ്മരിക്കുന്നത് നാലുവര്‍ഷത്തെ പെരുമ്പാവൂര്‍ പത്രപ്രവര്‍ത്തന നാളുകളില്‍ നേരിട്ടു കണ്ടു, സംസാരിച്ചു, ചിലതൊക്കെ ആ മുഖത്തുനിന്നു ഗ്രഹിച്ചു എന്നതുകൊണ്ടല്ല. ഞാന്‍ ആദരിക്കുന്ന എഡിറ്റര്‍മാരില്‍ ടി ജെ എസ് ജോര്‍ജ് മുമ്പനാണ്. കാരണം, പത്രപ്രവര്‍ത്തനം ഹരമായി രക്തത്തില്‍ കലര്‍ന്ന നാള്‍തൊട്ടേ ടി ജെ എസ് എന്നാല്‍ ഒരു മഹാഗോപുരമായിരുന്നു. എന്‍ വി കൃഷ്ണവാര്യരും ടി ജെ എസിനെ വായിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ‘വേറാര്‍ക്കും തോന്നാത്തതു’ മാത്രം എഴുതുന്ന ടി ജെ എസ് ഈ ഗോപാലന്‍ ചേട്ടനെ സ്മരിക്കുന്നത് നോക്കൂ. ഗോപാലന്‍ ചേട്ടന്‍ ജീവിച്ചിരിക്കെ ടി ജെ എസ് എഴുതി: ”60കളില്‍ മൂന്നുനാലു മലയാളി ചെറുപ്പക്കാര്‍ ഒന്നിനു പിറകെ ഒന്നായി ഹോങ്കോങിലേക്കു കടന്നു. ഡല്‍ഹിയില്‍ നിഖില്‍ ചക്രവര്‍ത്തിയുടെ കുടക്കീഴില്‍ പച്ചപിടിച്ച പത്രപ്രവര്‍ത്തകരായിരുന്നു അവര്‍. വഴിതെളിച്ചത് പുല്ലുവഴിക്കാരന്‍ എം പി ഗോപാലന്‍. കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ മുതിര്‍ന്നവരുടെ നിര്‍ബന്ധപ്രകാരം കൊടിപിടിച്ചും കാശുപിരിച്ചും മടുത്തപ്പോള്‍ ഡല്‍ഹിയിലേക്ക് രക്ഷപ്പെട്ടയാളാണ്. ഗോപാലന്റെ സൗമ്യഭാവവും ആര്‍ജവവും കണ്ട റിവ്യൂ പത്രാധിപര്‍ ഡിക് വില്‍സന്‍ തദ്ക്ഷണം ജോലിതരപ്പെടുത്തി.

വില്‍സന്റെ വാല്‍സല്യഭാജനമായി ഗോപാലന്‍” (ടി ജെ എസിന്റെ ‘ഘോഷയാത്ര’യില്‍ നിന്നാണീ ഉദ്ധരണി). എം പി നാരായണപിള്ള ഇതിലുമപ്പുറത്ത് ഗോപാലന്‍ ചേട്ടനെ ‘അവസാനത്തെ പത്തു രൂപ നോട്ടി’ല്‍ വിശദീകരിച്ചിട്ടുണ്ട്. ‘ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ’ വലിയൊരു പാഠപുസ്തകം എന്ന നിലയ്ക്ക് ഗോപാലന്‍ ചേട്ടനില്‍നിന്നു കേള്‍ക്കാന്‍ അവസരമുണ്ടായതില്‍നിന്നു ഞാന്‍ അക്കാലം ഒന്നു ഗ്രഹിച്ചു. ”കേരളത്തില്‍ പത്രപ്രവര്‍ത്തകരില്ല. വെറും അമച്വര്‍ വാര്‍ത്താ പടപ്പുകള്‍ മാത്രം.” അതുകൊണ്ടൊക്കെ തന്നെയായിരിക്കാം എറണാകുളം കലൂരില്‍ ജീവിതാവസാനം രോഗങ്ങളോടു മല്ലിട്ട് നിശ്ശബ്ദനായിരുന്ന ഗോപാലന്‍ ചേട്ടനെ നമ്മുടെ പത്രലോകം അറിഞ്ഞതേയില്ല. എന്തിന് എം പി ഗോപാലന്‍? പണ്ഡിറ്റ് നെഹ്‌റുവിനെപ്പോലും പത്രപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് അതിശയിപ്പിച്ച സി പി രാമചന്ദ്രന്‍ വര്‍ഷങ്ങളോളം പാലക്കാട്ടെ അഗളിയില്‍ കഴിഞ്ഞിട്ട് ഇവിടെ ആരറിഞ്ഞു! എസ് ജയചന്ദ്രന്‍ നായര്‍ പവനന്‍ പറഞ്ഞറിഞ്ഞതിനാല്‍ കലാകൗമുദിയിലൂടെ സി പി ഒരു നാള്‍ മലയാളത്തില്‍ ചരിത്രമായി. പെരുമ്പാവൂരില്‍ 86 തൊട്ട് സേനാനി എന്നൊരു അന്തിപ്പത്രത്തില്‍ യദൃച്ഛയാ എഡിറ്റര്‍ തസ്തികയില്‍ കഴിയവെ പുല്ലുവഴിക്കാരായ പി ആര്‍ ശിവനും വളയന്‍ചിറങ്ങരയിലെ നാടകതല്‍പ്പരരായ യുവാക്കളും എന്നെ പുല്ലുവഴിയിലേക്കാകര്‍ഷിച്ചു. ഇന്നും നാവിന്‍തുമ്പിലുണ്ട് പുല്ലുവഴിയിലെ കിളുന്ത് ഏലക്കാ അച്ചാറിന്റെ സുഗന്ധവും എരിവും. നാട്ടിലെത്തിയാല്‍ അത്യപൂര്‍വം പുല്ലുവഴിയില്‍ തങ്ങുന്ന ഗോപാലന്‍ ചേട്ടനെ പരിചയപ്പെടാനും സംസാരിക്കാനും ചിലതൊക്കെ കണ്ടറിയാനും പി ആര്‍ ശിവനും വെങ്ങോലയിലെ എം ടി തോമസും (ഇ. എക്‌സ്പ്രസ്) എന്നെ തുണച്ചു. ജേണലിസം, പത്രം, വാര്‍ത്ത ഇതൊന്നും ഗോപാലന്‍ ചേട്ടന്‍ പറഞ്ഞതായി ഞാനോര്‍ക്കുന്നില്ല. ‘മനുഷ്യനായാല്‍ നല്ല പത്രക്കാരനായി’- ആറ്റിക്കുറുക്കിയാല്‍ ആ മുഖത്തുനിന്ന് ഞാനതേ വായിച്ചെടുത്തുള്ളൂ. എനിക്കു പരിചയമുള്ള കേരളത്തിലെ 50 വര്‍ഷം പിന്നോട്ടു നടന്നാല്‍ കിട്ടുന്ന ചില മനുഷ്യരുടെ പത്രപ്രവര്‍ത്തനമെന്നത് ഒട്ടേറെ ചിരിക്കു മാത്രം ഇടനല്‍കുന്നു. രോഗബാധിതനായി കഴിഞ്ഞ നാളുകളില്‍ ഒരുദിവസം കലൂരില്‍ കണ്ടു പിരിയുമ്പോഴും ആ കണ്ണുകളില്‍ ദൈന്യത ഉണ്ടായിരുന്നില്ല. ജോണ്‍ എബ്രഹാം-സക്കറിയ-എം പി നാരായണപിള്ള-ടിആര്‍മാരെ കേന്ദ്രീകരിച്ചൊരു നടക്കാതെപോയ സിനിമാചരിത്രമുണ്ട്- ‘നന്മയില്‍ ഗോപാലന്‍.’ ആ നന്മ കഥയിലെ യഥാര്‍ഥ കഥാപാത്രം ഇക്കഴിഞ്ഞ വ്യാഴാഴ്ച (12ന്) കൊച്ചിയിലെ ശ്മശാനത്തില്‍ എരിഞ്ഞടങ്ങിയ ഗോപാലന്‍ ചേട്ടനായിരുന്നു. ജേണലിസം വിദ്യാര്‍ഥികള്‍ എം പി ഗോപാലന്‍ എന്ന ‘പാഠപുസ്തകം’ അന്വേഷിച്ചറിയണമെന്നാണ് എന്റെ വിനീതമായ ശുപാര്‍ശ. കാരണം, ആരും പൂര്‍ണമായി തുറന്നുനോക്കാത്ത നല്ലൊരു പഠനഗ്രന്ഥമാണാ ജീവിതം. ****മാര്‍പാപ്പ ഇന്ത്യയില്‍ ആദ്യമായി കാലുകുത്തിയ നാള്‍. പെരുമ്പാവൂരില്‍ ഞാന്‍ എഡിറ്റ് ചെയ്ത സേനാനി പത്രത്തിന്റെ ‘പാപ്പ’ കോപ്പിയുമായി പുല്ലുവഴിയിലെത്തി. ഗോപാലന്‍ ചേട്ടന്‍ സേനാനി നിഷ്‌കളങ്കമായി അങ്ങിങ്ങായി മറിച്ചുനോക്കി. പത്രം തിരികെ തന്നു. ഒന്നും പറഞ്ഞില്ല. ചിരിച്ചു. വെറും രാഷ്ട്രീയക്കാരനും എംഎല്‍എയുമൊക്കെയായിരുന്ന പി ആര്‍ ശിവന്‍ ചേട്ടനോട് ഞാന്‍ ചോദിച്ചു: ”ഗോപാലന്‍ ചേട്ടന് പത്രം ഇഷ്ടമായില്ലേ?”  ”എനിക്കുപോലും ഇഷ്ടായില്ല.” കാരണം അന്വേഷിച്ചില്ല. എനിക്കറിയാമായിരുന്നു. വെറും ക്രിസ്ത്യന്‍ ആംഗിളില്‍, വ്യൂപോയിന്റില്‍ ഒരു അന്തിപ്പത്രമെന്നത് ശരിയായിരുന്നില്ല അന്ന്. പത്രപ്രവര്‍ത്തനത്തില്‍ എന്തെന്തു പാഠങ്ങള്‍ പഠിക്കാനിരിക്കുന്നു!

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 101 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക