|    Mar 23 Fri, 2018 7:10 am
Home   >  Editpage  >  Article  >  

പത്രപ്രവര്‍ത്തനം ഒരു സാമൂഹിക കടമയാണ്

Published : 3rd January 2016 | Posted By: SMR

slug-avkshngl-nishdnglബാബുരാജ് ബി എസ്

എന്റെ സുഹൃത്തുക്കളെക്കുറിച്ചെഴുതി ഒരു കോളം നിലനിര്‍ത്തിക്കൊണ്ടുപോവുക ഹൃദയഭേദകമാണ്. അവസാനം ഇതാ ഒരു സുഹൃത്ത് മാത്രമല്ല, സഹപ്രവര്‍ത്തകനെക്കുറിച്ചും എഴുതേണ്ടിവന്നിരിക്കുന്നു. തേജസിന്റെ മുന്‍ ഡല്‍ഹി റിപോര്‍ട്ടര്‍ അനീബിനെ വായനക്കാര്‍ മറന്നിരിക്കില്ല. അദ്ദേഹത്തെയാണ് പോലിസ് ജയിലിലടച്ചിരിക്കുന്നത്.
ഫാഷിസത്തിനെതിരേ കോഴിക്കോട് മിഠായിത്തെരുവില്‍ ജനുവരി ഒന്നിനു നടക്കുന്ന ചുംബനത്തെരുവിനെ കായികമായി നേരിടുമെന്ന് ഹനുമാന്‍സേനക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സമരം തുടങ്ങുന്നതിനു മുമ്പേ ഹാജരായ ഹനുമാന്‍സേനക്കാര്‍ സമരത്തിനെത്തിയ ഭിന്നശേഷിക്കാരനായ അജിത്തിനെ തല്ലിയൊതുക്കി. കുറച്ചു കഴിഞ്ഞ ശേഷമാണ് മറ്റു സമരക്കാര്‍ സ്ഥലത്തെത്തിയത്. അക്രമികള്‍ അവരെയും നേരിട്ടു. സമരക്കാരും ഒരുങ്ങിത്തന്നെയായിരിക്കണം വന്നത്. അതൊരു തെരുവുയുദ്ധമായി മാറി. ഇതൊക്കെ നടക്കുമ്പോഴും പോലിസ് നോക്കിനിന്നു. മറ്റൊരിടത്ത് പൊതുജനങ്ങളും പത്രക്കാരും.
അതിനിടയിലാണ് ഏതാനും സ്ത്രീകളെ ഒരാള്‍ തന്റെ മുന്നിലിട്ട് മര്‍ദ്ദിക്കുന്നത് അനീബിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സ്വാഭാവികമായും അനീബ് തടയാന്‍ ശ്രമിച്ചു. ഉടന്‍ പോലിസ് സജീവമായി. മറ്റുള്ളവരോടൊപ്പം അനീബിനെയും അറസ്റ്റ് ചെയ്തു. സ്ത്രീകളെ കൈകാര്യം ചെയ്തയാള്‍ പോലിസുകാരനാണെന്ന സത്യം പിന്നീടാണ് പുറത്തുവന്നത്. സമരക്കാര്‍ക്കെതിരേ തെരുവില്‍ തല്ലുകൂടിയതിനും അനീബിനെതിരേ പോലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തിയതിനും കേസെടുത്തു. മഫ്തിയില്‍ ആളുകളെ മര്‍ദ്ദിച്ച പോലിസുകാരനെതിരേ കേസെടുത്തിട്ടില്ല. ഇപ്പോള്‍ അനീബ് ജയിലിലാണ്. പത്രപ്രവര്‍ത്തകന്‍ വെറുമൊരു പകര്‍ത്തിയെഴുത്തുകാരന്‍ മാത്രമല്ലെന്ന് അനീബ് വിശ്വസിച്ചിരുന്നു. ഒരുപക്ഷേ, അതുതന്നെയായിരിക്കും അവന് വിനയായതും.
അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതോടെ തേജസ് ജേണലിസ്റ്റ് യൂനിയന്റെ നേതാക്കളെ പലരും ബന്ധപ്പെട്ടു. അവര്‍ അതിനോട് പ്രതികരിക്കുകയും അപലപിച്ചുകൊണ്ട് പ്രസ്താവനയിറക്കുകയും ചെയ്തു. യൂനിയന്‍ നേതാവായ സൈനുല്‍ ആബിദ് പോലിസ് സ്റ്റേഷനില്‍ ഒരുപാടു സമയം ചെലവഴിച്ചു, കാര്യങ്ങള്‍ അന്വേഷിച്ചു. പക്ഷേ, ചില പത്രങ്ങളും മാധ്യമപ്രവര്‍ത്തകരും അനീബിനെതിരേ നിലപാടെടുത്തിട്ടുണ്ട്. അതിന് മൂന്നു കാരണങ്ങളാണത്രെ ഉള്ളത്: 1. അനീബിന്റെ രാഷ്ട്രീയ നിലപാടുകള്‍, 2. തേജസ് പത്രത്തിലെ പത്രപ്രവര്‍ത്തകന്‍, 3. ചുംബനത്തെരുവ് എന്ന സമരരൂപത്തോടുള്ള വിയോജിപ്പ്. അറിയാന്‍ കഴിഞ്ഞിടത്തോളം അനീബും ചുംബനസമരത്തിന്റെ ആഖ്യാനങ്ങളുടെ മുസ്‌ലിംവിരുദ്ധതയില്‍ അസ്വസ്ഥനാണ്. എന്നിട്ടും തന്റെ മുന്നില്‍ നടന്ന നിയമവിരുദ്ധമായ ഒരു പ്രവൃത്തിയോട് അദ്ദേഹം പ്രതികരിക്കുകയായിരുന്നു.
ഒരു ജൂനിയര്‍ പത്രപ്രവര്‍ത്തകനായി അദ്ദേഹം ഇവിടെ എത്തിയ കാലം ഇന്നും എന്റെ കണ്‍മുന്നിലുണ്ട്. ”ഇതെന്തൊരു പുലിവാലാണ്. 50 വാക്കെങ്കിലും വേണമെന്ന് ഡെസ്‌ക്കില്‍നിന്നു പറയുന്നു.” അനീബ് ഒരിക്കല്‍ ഫോണില്‍ വിളിച്ചു. അന്നവന്‍ കോഴിക്കോട് ബ്യൂറോയില്‍ ചേര്‍ന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. ഹെഡിങും ആദ്യത്തെ വാചകവും എഴുതിയാല്‍ പറയാനുള്ളതെല്ലാം പറഞ്ഞുതീരുമെന്നായിരുന്നു അവന്റെ പരാതി.
മാളയ്ക്കടുത്ത് ബിയര്‍വേസ്റ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡയറിഫാമിനെക്കുറിച്ച് ചില വിവരങ്ങള്‍ അവന്‍ ശേഖരിച്ചു. ഒരു ഞായറാഴ്ച സുഹൃത്തുക്കളുമായി അങ്ങോട്ടു പുറപ്പെട്ടു. കാര്യങ്ങള്‍ അന്വേഷിച്ചു. അത്യാവശ്യം ദീര്‍ഘമായ ഒരു റിപോര്‍ട്ടാണ് തയ്യാറാക്കിയത്. ആ റിപോര്‍ട്ടിന് മുഖ്യമന്ത്രിയില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കാനുള്ള ഭാഗ്യവും അവനുണ്ടായി.
പിന്നീടവന്‍ ഡല്‍ഹിയിലേക്കു പോയി. ഗള്‍ഫില്‍നിന്ന് പഠിച്ച മുറിഹിന്ദിയുമായി സുപ്രിംകോടതിയിലേക്കും. ഇക്കാലത്ത് വടക്കുകിഴക്കന്‍ ഇന്ത്യയിലെ ആക്റ്റിവിസ്റ്റുകളും കശ്മീരിലെ ദേശീയവാദികളും അവന്റെ വാര്‍ത്താ ഉറവിടമായി മാറിയിരുന്നു. കശ്മീര്‍ കത്തിക്കൊണ്ടിരിക്കുമ്പോള്‍ കശ്മീരി നേതാക്കളുമായി ഫോണിലൂടെ ഇന്റര്‍വ്യൂ നടത്തി. മുസഫര്‍നഗറിലെ കലാപഭൂമിയിലൂടെ സഞ്ചരിച്ചു. ഹിന്ദുഫാഷിസ്റ്റുകളുടെ അക്രമങ്ങളെ ചെറുക്കാന്‍ കരിമ്പിന്‍പാടങ്ങളില്‍ ഒളിച്ചു. അവിടെനിന്ന് റിപോര്‍ട്ടുകളയച്ചു. ഒരിക്കല്‍ അവന്റെ ഒരു എക്‌സ്‌ക്ലൂസീവ് പുറത്തുവന്നു. കാലങ്ങളായി സര്‍ക്കാര്‍ പൂഴ്ത്തിവച്ച മനോരമ വധത്തെക്കുറിച്ചു വന്ന അന്വേഷണ റിപോര്‍ട്ട്. അവന്റെ എക്‌സ്‌ക്ലൂസീവ് വന്ന് ഏഴോ എട്ടോ ദിവസത്തിനു ശേഷമാണ് ഹിന്ദു അതേ റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഒരുപക്ഷേ, ദേശീയപ്രാധാന്യമുള്ള ഇത്തരമൊരു വാര്‍ത്ത ഡല്‍ഹിയില്‍നിന്ന് ചോര്‍ത്തി ഒരു പ്രാദേശിക പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ കഴിവുള്ള എത്രപേരുണ്ടാവും നമ്മുടെ പത്രമേഖലയിലെന്ന് ഇപ്പോഴും ഞാന്‍ അദ്ഭുതപ്പെടുന്നു.
അങ്ങനെയുള്ള ചിലരാണ് ഇപ്പോള്‍ അനീബിനെതിരേ വാളോങ്ങുന്നത്. അധികാരത്തിന്റെ ഭാഷണങ്ങളെ അക്ഷരങ്ങള്‍കൊണ്ടുപോലും ചെറുക്കാന്‍ കഴിവില്ലാത്ത വിവരദോഷികളുടെ സമൂഹമായി നമ്മുടെ മാധ്യമസമൂഹം മാറിയിട്ട് കാലം കുറേയായി. പോലിസിന്റെ കാഴ്ച നമ്മുടെ കാഴ്ചയാവുന്ന കാലത്ത് അതിനെ ചെറുത്തുവെന്നതാണ് അനീബിന്റെ പ്രസക്തി. $

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss