|    Oct 21 Sun, 2018 3:29 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പത്മശ്രീ മോടിയില്‍ കായികലോകം

Published : 26th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ കായികലോകത്തിന് അംഗീകാരമായി രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്‌കാരം. മലയാളിയായ ഹോക്കി ടീം ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ് അടക്കം എട്ടു താരങ്ങളെയാണ് ബഹുമതി നല്‍കി രാജ്യം ആദരിച്ചത്. ശ്രീജേഷിനു പുറമെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, അന്ധക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശേഖര്‍ നായിക്, ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ, ഗുസ്തി താരം സാക്ഷി മാലിക്, ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാക്കര്‍, പാരാലിംപിക്‌സ് താരങ്ങളായ തങ്കവേലു മാരിയപ്പന്‍, ദീപ മാലിക് എന്നിവര്‍ക്കും പത്മശ്രീ പുരസ്‌കാരം സമര്‍പ്പിക്കും.
ഇന്ത്യന്‍ ഹോക്കിയെ റിയോ ഒളിംപിക്‌സിലും ചാംപ്യന്‍സ് ട്രോഫി നേട്ടത്തിലും എത്തിച്ച ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷിന് അര്‍ജുന അവാര്‍ഡിനു പിന്നാലെയാണ് പത്മശ്രീ പുരസ്‌കാരവും ലഭിക്കുന്നത്. റിയോ ഒളിംപിക്‌സിലും പാരാലിംപിക്‌സിലും രാജ്യത്തിന്റെ പേര് എഴുതിച്ചേര്‍ത്ത താരങ്ങളെയും പുരസ്‌കാരം നല്‍കി ആദരിക്കാന്‍ മറന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയൊരു അധ്യായത്തിനു തുടക്കമിട്ട കോഹ്‌ലിക്കും അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് പത്മശ്രീ. ടെസ്റ്റ് ടീം നായകനായി ഇന്ത്യയെ ലോക ഒന്നാം നമ്പറാക്കി മാറ്റിയ കോഹ്‌ലി ഏകദിന, ട്വന്റി നായകത്വവും ഏറ്റെടുത്തു. അന്ധത അംഗീകാരമാക്കി ഇന്ത്യന്‍ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച അന്ധക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശേഖര്‍ നായികിനെയും അംഗീകാരം തേടിയെത്തി. ഇന്ത്യക്ക് ഇത്രയും മികച്ച അന്ധക്രിക്കറ്റ് ടീമുണ്ടെന്ന് തിരിച്ചറിവുണ്ടാക്കിയത് തന്നെ ശേഖര്‍ നായിക് നായകനായ ശേഷമാണ്. 12 വര്‍ഷത്തെ കരിയറില്‍ 58 മല്‍സരങ്ങളില്‍ നിന്ന് 32 സെഞ്ച്വറി നേടിയ താരമാണ് ശേഖര്‍ നായിക്. റിയോ ഒളിംപിക്‌സില്‍ ഗുസ്തിയില്‍ വെള്ളി നേടിയ ആദ്യ താരമായ സാക്ഷി മാലിക്, ജിംനാസ്റ്റിക്‌സില്‍ നാലാമതെത്തി അന്തര്‍ദേശീയ മേല്‍വിലാസമുണ്ടാക്കിയ ദിപ കര്‍മാക്കര്‍ എന്നിവരുടെ നേട്ടം റിയോയിലെ പെണ്‍പോരാട്ടത്തിനുള്ള അംഗീകാരമായി. പാരാലിംപിക്‌സില്‍ ഹൈജംപില്‍ സ്വര്‍ണം കൈവരിച്ച തമിഴ്‌നാട്ടുകാരന്‍ മാരിയപ്പന്‍ തങ്കവേലു, വനിതാ ഷോട്ട്പുട്ടില്‍ വെള്ളിനേടിയ ദീപ മാലിക് എന്നിവരെയും രാജ്യം പരമോന്നത ബഹുമതിയില്‍ ഒഴിവാക്കിയില്ല. രണ്ട് ഒളിംപിക്‌സില്‍ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചതാണ് വികാസ് ഗൗഡയെ ബഹുമതിയിലെത്തിച്ചത്. അതേസമയം, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ക്കായി നാമനിര്‍ദേശം ചെയ്യപ്പെട്ട മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണി, ബാഡ്മിന്റണ്‍ താരം പി വി സിന്ധു, പരിശീലകന്‍ പുല്ലേല ഗോപിചന്ദ് എന്നിവരെ പരിഗണിച്ചില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss